ഭുവനേശ്വർ: കോവിഡ് വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക നേട്ടം കരസ്ഥമാക്കി ഒഡീഷയിലെ ഭുവനേശ്വർ. നൂറ് ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിൻ നൽകിയ ആദ്യ ഇന്ത്യൻ നഗരം എന്ന നേട്ടമാണ് ഭുവനേശ്വറിനെ തേടിയെത്തിയത്. ഭുവനേശ്വർ മുൻസിപ്പിൽ കോർപ്പറേഷൻ (ബിഎംസി) തെക്ക്-കിഴക്കൻ സോണൽ ഡെപ്യൂട്ടി കമ്മീഷണർ അൻഷുമാൻ രാഥിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
31000 ആരോഗ്യ പ്രവർത്തകരും, 33000 മുൻനിര പ്രവർത്തകരും ഉൾപ്പെടെ 18 വയസിന് മുകളിലുള്ള ഒമ്പത് ലക്ഷം പേർ ഭുവനേശ്വർ മുൻസിപ്പൽ കോർപ്പറേഷനിലുണ്ട്. 18 മുതൽ 44 വരെയുള്ള 5,17000 പേരും 45 വയസിന് മുകളിൽ 3,25000 പേരും ഭുവനേശ്വറിലുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. ജൂലായ് 31-നുള്ളിൽ നഗരത്തിൽ വാക്‌സിനേഷൻ പൂർത്തിയാക്കാൻ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുകയായിരുന്നുവെന്ന് അൻഷുമാൻ രാഥ് അറിയിച്ചു.
18,16000 പേർ ഭുവനേശ്വറിൽ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. ചില കാരണങ്ങളാൽ കുറച്ചുപേർക്ക് വാക്‌സിൻ എടുക്കാൻ സാധിച്ചില്ല. ഇതൊഴികെ മറ്റിടങ്ങളിൽ നിന്ന് ഭുവനേശ്വറിൽ ജോലിക്കായി എത്തിയവർക്കടക്കം വാക്‌സിന്റെ ആദ്യ ഡോസ് നൽകിയെന്നും ഗർഭിണികളും ആദ്യ ഡോസ് വാക്‌സീൻ എടുത്തുകൊണ്ടിരിക്കുകയാണെന്നും നഗരസഭാ അധികൃതർ വിശദമാക്കി.
മുപ്പതോളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടെ ഭുവനേശ്വർ നഗരത്തിൽ ആകെ 55 വാക്‌സിൻ കേന്ദ്രങ്ങളാണ് ഉള്ളത്. വാക്‌സിനേഷൻ പദ്ധതി ഫലപ്രദമായി നടത്താൻ കഴിഞ്ഞതിൽ ജനങ്ങൾക്ക് നഗരസഭാ അധികൃതർ നന്ദി അറിയിച്ചു.

