7,405 കോടിയുടെ പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചെങ്കിലും ചെലവഴിച്ചത് 460 കോടി മാത്രം; ഇഴഞ്ഞു നീങ്ങി റീബിൽഡ് കേരള

തിരുവനന്തപുരം: മഹാപ്രളയം കഴിഞ്ഞ് മൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങി റീ ബിൽഡ് കേരള. 7,405 കോടി രൂപയുടെ പദ്ധതികൾക്കണ് റീബിൽഡ് കേരളയ്ക്ക് ഭരണാനുമതി നൽകിയത്. എന്നാൽ 460 കോടി രൂപ മാത്രമാണ് പദ്ധതിയിൽ ഇതുവരെ ചെലവഴിച്ചത്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പ്രളയ സെസിൽ നിന്ന് ലഭിച്ച 1,705 കോടി രൂപ റീബിൽഡ് കേരളയ്ക്ക് കൈമാറാനുണ്ട്.

ജീവനോപാധികളുടെ പുനരുജ്ജീവനത്തിനായുള്ള 188 കോടിയും കൃഷിക്കുള്ള 100 കോടിയും നൽകിയതാണ് റീബിൽഡ് കേരളയ്ക്ക് കീഴിൽ ചെലവഴിച്ച ഏറ്റവും ഉയർന്ന തുകയെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. റോഡുകളുടെയും പാലങ്ങളുടെയും നിർമാണത്തിനായി 56 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ജല വിതരണത്തിന് 23 കോടി രൂപ ചെലവിട്ടു. 182 കോടിയുടെ പദ്ധതികൾക്കാണ് ഇതിനായി അനുമതി ലഭിച്ചിരിക്കുന്നത്. മൃഗസംരക്ഷണത്തിനായുള്ള പദ്ധതികൾക്കായി 163 കോടി അനുവദിച്ചെങ്കിലും ചെലവഴിച്ചത് 68 കോടി മാത്രമാണ്.

പ്രതിമാസം 1.6 ലക്ഷം രൂപ വാടക നൽകിയാണ് റീബിൽഡ് കേരളയുടെ ഓഫിസ് പ്രവർത്തിക്കുന്നത്. ഇതുവരെ 48 ലക്ഷം രൂപ വാടക ഇനത്തിൽ മാത്രം ചെലവാക്കി. 4.34 കോടി രൂപ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതിനും ബോധവൽകരണ പരിപാടികൾക്കും കോൺക്ലേവ് സംഘടിപ്പിക്കുന്നതിനുമായി ചെലവാക്കിയിട്ടുണ്ടെന്നും വിരാവകാശ രേഖയിൽ പറയുന്നു.

ബജറ്റ് വിഹിതമായി 2,942 കോടിയും ലോക ബാങ്ക് വായ്പയായി 1,779 കോടിയുമാണ് പ്രളായനന്തര പുനർ നിർമാണത്തിനായി ലഭിച്ച തുക. പ്രളയ സെസ് എന്ന ഇനത്തിൽ 1,705 കോടി രൂപയും പിരിച്ചു. അന്തിമ കണക്കു വരുമ്പോൾ ഇത് 2000 കോടിയിലേക്കെത്താമെന്നാണ് വിലയിരുത്തൽ. ഈ തുക റീബിൽഡ് കേരളയ്ക്ക് കൈമാറും.