ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 പിൻവലിച്ച് രണ്ടു വർഷം തികയുമ്പോൾ കശ്മീരിൽ ഉണ്ടായിരിക്കുന്നത് ജനപ്രീയ മാറ്റങ്ങൾ. ആരോഗ്യ, വികസന, തൊഴിൽ മേഖലകളിൽ വലിയ മാറ്റങ്ങളാണ് കശ്മീരിൽ ഉണ്ടായിരിക്കുന്നത്. വലിയ പദ്ധതികൾകൾക്കാണ് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിൽ തുടക്കം കുറിക്കാൻ പദ്ധതിയിടുന്നത്.
ഐഐടി, ഐഐഎം, എയിംസ് (2) തുടങ്ങിയ വിദ്യാഭ്യാസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ 2022-2025 ഓടെ കശ്മീരിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2023 ൽ വിജയ്പൂരിലും ( ജമ്മു)2025 ഓടെ അവന്തിപൂരയിലും (ശ്രീനഗർ) എയിംസ് നിലവിൽ വരും. ഇതിനു പുറമേ 2 കേന്ദ്ര സർവ്വകലാശാലകൾ, 7 പുതിയ മെഡിക്കൽ കോളജുകൾ, 5 നഴ്സിങ് കോളേജുകൾ എന്നിവയും സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ലഡാക്കിൽ കേന്ദ്ര സർവ്വകലാശാലയ്ക്കും അനുമതി സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
തൊഴില് മേഖലയിലും വലിയ മാറ്റങ്ങളാണ് കശ്മീരിൽ വരാനിരിക്കുന്നത്. 2022 ആകുമ്പോഴേക്കും 25000 സർക്കാർ ജോലികൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2021-2022 വർഷത്തിൽ 28400 കോടി രൂപയാണ് വ്യാവസായ പാക്കേജിനായി സർക്കാർ നീക്കിവച്ചിരിക്കുന്നത്. കശ്മീരിലെ അടിസ്ഥാന സൗകര്യ വികസനത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. 2020 ജൂലെയിൽ ആറ് പാലങ്ങളാണ് കശ്മീരിൽ ഉദ്ഘാടനം ചെയ്തത്. ചിനാബ് നദിക്ക് കുറുകെ സ്ഥാപിക്കുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന മേൽപ്പാലം ഇന്ത്യൻ ട്രെയിൻ സർവ്വീസിനെ കശ്മീരുമായി ബന്ധിപ്പിക്കും. 2022 ഓടെ പാലത്തിന്റെ പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കായും കേന്ദ്രം നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇക്കോ ടൂറിസം, സാംസ്കാരിക ടൂറിസം എന്നിവ ലഡാക്കിൽ വലിയ തോതിൽ പ്രോൽസാഹിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പക്ഷി നിരീക്ഷണം, വന്യ ജീവി സഫാരി തുടങ്ങിയ പാരിസ്ഥിതിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. 2019 ഓഗസ്റ്റ് 5 നാണ് കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 പിൻവലിച്ചത്.

