തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. സിഎംഡിആർഎഫിൽ അപേക്ഷ നൽകി 100 മണിക്കൂറുനുള്ളിൽ അർഹരായവരുടെ അക്കൗണ്ടിൽ സഹായം എത്തും. പ്രതിദിനം ധാരാളം പേരാണ് സിഎംഡിആർഎഫ് വഴി സഹായത്തിനായി അപേക്ഷിക്കുന്നത്. സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവക്കും വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, കടൽക്ഷോഭം തുടങ്ങിയ ദുരന്തങ്ങൾ ബാധിച്ചവർക്കും ആശ്വാസം നൽകുന്നതിനായി രൂപീകരിച്ച ഭരണഘടനപരമായ പൊതു ഫണ്ടാണ് സിഎംഡിആർഎഫ് അഥവാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.
സിഎംഡിആർഎഫിലേക്ക് അപേക്ഷിക്കേണ്ട രീതി:
ജീവിത ശൈലി രോഗങ്ങൾ ഉദാഹരണം പ്രമേഹം, പ്രഷർ ഒഴികെയുള്ള രോഗങ്ങൾ ബാധിച്ചവർക്ക് സിഎംഡിആർഎഫ് ഓൺലൈൻ സൈറ്റ് വഴിയോ, എംഎൽഎ വഴിയോ അപേക്ഷിക്കാം. സിഎംഡിആർഎഫിൽ അപേക്ഷിക്കുമ്പോൾ ആറുമാസത്തിനുള്ളിൽ ലഭിച്ച ഡോക്ടറുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. രോഗവിവരം, ചെലവായ തുക, ചികിത്സയ്ക്ക് വേണ്ടിവരുന്ന തുക എന്നിവ ഡോക്ടറുടെ സർട്ടിഫക്കറ്റിൽ കാണിച്ചിരിക്കണം. ഡിസ്ചാർജ് സമ്മറി വെച്ച് അപേക്ഷിക്കരുത്.
റേഷൻ കാർഡ്, ആധാർ കാർഡ്, നാഷണലൈസ്ഡ് ബാങ്കിന്റെ പാസ്ബുക്ക് എന്നിവ അപേക്ഷക്കൊപ്പം വക്കണം. വില്ലേജ് ഓഫീസറുടെ വരുമാന സർട്ടിഫിക്കറ്റ് ആവശ്യമില്ല. അപകടമരണം സംഭവിച്ച കേസുകളിൽ മരണ സർട്ടിഫിക്കറ്റ്, എഫ്‌ഐആർ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവ ചേർത്ത് ആശ്രിതർക്ക് അപേക്ഷിക്കാം. സാധാരണ കേസുകളിൽ ഒരുലക്ഷം വരെ അനുവദിക്കാറുണ്ട്. കിഡ്നി മാറ്റിവക്കൽ പോലുള്ള കേസുകളിൽ ഓപ്പറേഷൻ തിയതി കാണിച്ചുകൊണ്ടുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മൂന്ന് ലക്ഷം വരെ ക്യാബിനറ്റ് തീരുമാനമില്ലാതെ അനുവദിക്കും. ഒരുതവണ സഹായം ലഭിച്ചാൽ രോഗാവസ്ഥ തുടർന്നാൽ രണ്ടുവർഷം കഴിഞ്ഞു വീണ്ടും അപേക്ഷിക്കാം. രണ്ടു ലക്ഷം വരെ വരുമാനമുള്ളവർക്ക് അപേക്ഷ നൽകാം.

