Highlights (Page 189)

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ കേരളം സന്ദർശിക്കും. സംസ്ഥാനത്ത് രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 16-നാണ് അദ്ദേഹം കേരളത്തിൽ എത്തുക. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും എൻ.സി.ഡി.സി മേധാവിയും അദ്ദേഹത്തെ അനുഗമിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ രാജ്യത്ത് ടി.പി.ആർ നിരക്ക് ഏറ്റവും കൂടുതലുള്ള ഒരു സംസ്ഥാനമാണ് കേരളം. വാക്സിൻ സ്വീകരിച്ചവരിൽ പോലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനാലാണ് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി സംസ്ഥാനം സന്ദർശിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായുള്ള രൂപരേഖ ആരോഗ്യ മന്ത്രി കേരളത്തിന് കൈമാറുമെന്ന് റിപ്പോർട്ടുകളുണ്ട്.

സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്, കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ, ചീഫ് സെക്രട്ടറി എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രിയും സംഘവും കൂടിക്കാഴ്ച്ച നടത്തും. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ കൂടിക്കാഴ്ച്ചയിൽ അവലോകനം ചെയ്യും.

തിരുവനന്തപുരം: നിലവിലെ പിഎസ്സി റാങ്ക് ലിസ്റ്റ് ചുരുക്കുന്നത് ആലോചനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ എച്ച്. സലാമിന്റെ സബ്മിഷന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി പിഎസ്സി റാങ്ക് ലിസ്റ്റ് രീതികള്‍ മാറുമെന്ന സൂചന നല്‍കിയത്.

ഒഴിവുകളെക്കാള്‍ മൂന്ന് മുതല്‍ അഞ്ചിരട്ടി ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് നിലവില്‍ പിഎസ്സി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഒഴിവുകള്‍ക്ക് ആനുപാതികമായി സംവരണ തത്വങ്ങള്‍ പാലിച്ച് മാത്രം പട്ടിക തയ്യാറാക്കുന്നത് ആലോചിച്ച് വരികയാണെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

അഞ്ചിരട്ടിയോളം പേരെ ഉള്‍പ്പെടുത്തിയുളള റാങ്ക്ലിസ്റ്റില്‍ എല്ലാവര്‍ക്കും ജോലി കിട്ടുകയില്ലെന്നും, എന്നാല്‍ ഈ ഉദ്യോഗാര്‍ത്ഥികള്‍ പലതരം അനഭിലഷണീയമായ പ്രവണതകള്‍ക്കും ചൂഷണങ്ങള്‍ക്കും ഇതുമൂലം വിധേരാകുന്നതായി വ്യക്തമായതോടെയാണ് ഇങ്ങനെ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ജസ്റ്റിസ് ദിനേശന്‍ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍തീരുമാനമെടുക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനാവശ്യ പ്രതീക്ഷ നല്‍കുന്ന അവസ്ഥ ഇനി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

തിരുവനന്തപുരം: ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമെതിരെയുള്ള അക്രമങ്ങളിൽ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും പൊതു നിർദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടർമാർക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ആഗസ്റ്റ് 9 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അടുത്തിടെ ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമെതിരെയുള്ള അക്രമങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നു. ഡോക്ടർമാർക്ക് ജോലി നിർവഹിക്കാൻ എല്ലാ സൗകര്യവും സർക്കാർ ഒരുക്കും. ആശുപത്രികളിലെ കാഷ്വാലിറ്റി, ഒ.പി. പരിസരങ്ങളിൽ സിസിടിവി സ്ഥാപിക്കും. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സിസിടിവി സംവിധാനം എയിഡ് പോസ്റ്റുമായി ബന്ധപ്പെടുത്തും. സി.സി.ടി.വി. കാര്യക്ഷമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തും. സെക്യൂരിറ്റി ജീവനക്കാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് ഒരു ഓഫീസർക്ക് സൂപ്രണ്ട് പ്രത്യേക ചുമതല നൽകും. പാരാമെഡിക്കൽ ജീവനക്കാർക്കും മറ്റുള്ളവർക്കും സെക്യൂരിറ്റി സംബന്ധമായ പരിശീലനം ആശുപത്രി സൂപ്രണ്ട് ഉറപ്പ് വരുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഒ.പി., കാഷ്വാലിറ്റി പരിസരത്ത് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ഇനി മുതൽ വിമുക്തഭടന്മാരുടെ സൊസൈറ്റി/സംഘടന എന്നിവയിൽ നിന്നും മാത്രം നിയമിക്കും. ആശുപത്രി വികസന സമിതികൾ അല്ലെങ്കിൽ മാനേജ്മെന്റ് കമ്മിറ്റികൾ ഇനിമുതൽ വിമുക്തഭടൻമാരെ മാത്രമേ നിയമിക്കാവൂവെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചു.

കൊച്ചി: വ്യാവസായിക മേഖലയ്ക്ക് പുറത്തു പ്രവർത്തിക്കുന്ന ചെറുകിട- ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതിനായി പ്രത്യേക വായ്പാ പദ്ധതി ആരംഭിച്ച് കെഎഫ്‌സി. സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ചെറുകിട- ഇടത്തരം സംരംഭങ്ങളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് വ്യാവസായിക മേഖയ്ക്ക് പുറത്താണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഉത്പാദന, സേവന മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.

പുതിയ ശാഖകളും പ്ലാന്റുകളും ആരംഭിക്കുന്നതിനും നിലവിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുമാണ് കെഎഫ്‌സിയുടെ പുതിയ പദ്ധതിയുടെ ഭാഗമായി സഹായം ലഭിക്കുക. ആവശ്യക്കാർക്ക് ടേം വായ്പ, ഹ്രസ്വകാല വായ്പ, മൂലധന വികസന വായ്പ എന്നിവ അനുവദിക്കുമെന്നു കെ.എഫ്.സി അറിയിച്ചു. സംരംഭങ്ങൾക്കാവശ്യമായ യന്ത്രങ്ങൾ, അസംസ്‌കൃത വസ്തുക്കൾ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിന് ബാങ്ക് വായ്പകൾക്കാവശ്യമായ ഗ്യാരണ്ടി നൽകുമെന്നും കോർപ്പറേഷൻ വ്യക്തമാക്കി. പൊതുമേഖലാ കമ്പനികൾ, സ്വകാര്യ കമ്പനികൾ, അർദ്ധ സർക്കാർ കമ്പനികൾ, കോർപ്പറേഷനുകൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവയ്ക്ക് 20 കോടി രൂപ വരെയാകും വായ്പ അനുവദിക്കുന്നത്.

പങ്കാളിത്ത സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ, ഒരു വ്യകതി തന്നെ നടത്തുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് പരമാവധി എട്ടു കോടി രൂപ വരെയാണ് വായ്പ നൽകുന്നത്. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനു പ്രൊജക്ട് മൂല്യത്തിന്റെ 66 ശതമാനം വരെ ടേം വായ്പ അനുവദിക്കും. നിബന്ധനകൾക്കു വിധേയമായി 75 ശതമാനം വരെ വായ്പ ലഭിക്കും. നിലവിലെ സംരംഭങ്ങളുടെ വികസനത്തിനായി പ്രൊജക്ട് മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പ അനുവദിക്കുമെന്നും മൂലധന വികസന വായ്പകൾ പദ്ധികൾക്കനുസരിച്ചു മാറുമെന്നും കെഎഫ്‌സി വ്യക്തമാക്കി.

ന്യൂഡല്‍ഹി: രണ്ട് ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മറ്റ് നിബന്ധനകളില്ലാതെ അന്തര്‍സംസ്ഥാന യാത്ര അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത്തരക്കാര്‍ക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും നിര്‍ദേശിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് രേഖാമൂലം കത്തയച്ചു.

സംസ്ഥാനങ്ങള്‍ അവരുടെ ഇഷ്ടം പോലെയാണ് ജനങ്ങള്‍ക്ക് യാത്രാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നതെന്നും, എന്നാല്‍ അന്തര്‍ സംസ്ഥാന യാത്രാ മാനദണ്ഡങ്ങളില്‍ സംസ്ഥാനങ്ങള്‍ ഏകീകൃത നയം സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ സിക്കിമും മഹാരാഷ്ട്രയും മാത്രമാണ് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഇക്കാര്യത്തില്‍ വ്യത്യസ്ഥമായ സമീപനമാണ് സ്വീകരിച്ചു വരുന്നത്.

ബംഗാള്‍, കര്‍ണാടക ഉള്‍പ്പെടെയുള്ളിടത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രമേ കടക്കാന്‍ അനുമതിയുള്ളു

സംസ്ഥാനങ്ങളുടെ ഇത്തരം നിലപാടുകള്‍ ടൂറിസം മേഖലയെ ബാധിക്കുന്നുണ്ടെന്ന് നിരവധി സംഘടനകള്‍ നേരത്തെ, കേന്ദ്ര ടൂറിസം മന്ത്രാലയത്തില്‍ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ കേന്ദ്ര നിര്‍ദേശം.

കൊച്ചി: സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ ഡിസംബറാകുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തിയേറ്റർ തുറക്കുന്ന വിഷയം ജാഗ്രതയോടെ മാത്രമേ കൈകാര്യം ചെയ്യാൻ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് സംസ്ഥാനത്ത് തിയേറ്ററുകൾ അടച്ചത്.

പ്രതിദിന കോവിഡ് രോഗികളുടെ കണക്ക് ആശങ്കയോടെയാണ് കാണുന്നത്. കോവിഡ് മരണങ്ങൾ കൂടിവരുന്നത് സാഹചര്യം ജാഗ്രതയോടെ എടുക്കണം. ഓണാഘോഷം കഴിയുമ്പോൾ കൊവിഡ് വ്യാപന തോത് എപ്രകാരമായിരിക്കുമെന്ന് പറയാൻ സാധിക്കില്ല. അടുത്ത നാല് മാസത്തേക്കു കൂടി തിയേറ്റർ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗം വരാതിരിക്കാനുള്ള ശ്രമങ്ങളിലേക്കാണ് നാം കടക്കേണ്ടതെന്നും ഡിസംബർ ആകുമ്പോൾ തിയേറ്റർ തുറക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 10 മുതല്‍ 17വരെ തിരുവനന്തപുരത്ത് നടക്കും.

അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ലോക സിനിമ എന്നീ വിഭാഗങ്ങളിലേക്ക് അക്കാദമി എന്‍ട്രി ക്ഷണിച്ചിട്ടുണ്ട്. ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ പരിഗണിക്കുക.

കോവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ചും, സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുമായിരിക്കും മേള സംഘടിപ്പിക്കുക.

കഴിഞ്ഞ തവണ 85 ചിത്രങ്ങളാണ് കൊവിഡ് സാഹചര്യത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. മറ്റു ചില ജില്ലകളിലും പ്രദര്‍ശനം നടത്തിയിരുന്നു.

എന്നാല്‍, ഇത്തവണ സമ്പൂര്‍ണ്ണ ഫെസ്റ്റിവലിനാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് മാത്രമേ വേദി ഉണ്ടായിരിക്കുകയുള്ളൂ.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്കായി കൊവിഡ് വാക്സിന്‍ വാങ്ങാന്‍ 126 കോടി രൂപ അനുവദിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 20 ലക്ഷം കൊവിഷീല്‍ഡ് വാക്സിന്‍ വാങ്ങാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വാക്സിന്‍ സംഭരിച്ച് ആശുപത്രികള്‍ക്ക് നല്‍കും. പത്ത് ലക്ഷം ഡോസുകള്‍ വീതം രണ്ട് തവണകളായിട്ടായിരിക്കും വാക്‌സിന്‍ സംഭരണം നടത്തുക.

മാത്രമല്ല, വാക്‌സിന് തതുല്യമായ പണം സ്വകാര്യ ആശുപത്രികളില്‍ നിന്ന് ശേഖരിച്ച് ഫണ്ടിലേക്ക് തിരിച്ചടയ്ക്കേണ്ടതും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ചുമതലയാണ്.

നേരത്തെ, സംസ്ഥാന ഹെല്‍ത്ത് ഏജന്‍സി സ്വകാര്യ ആശുപത്രികളുമായി നടത്തിയ ചര്‍ച്ചയില്‍ 18.18 ലക്ഷം ഡോസ് വാക്സിന്‍ വേണമെന്ന് ആശുപത്രികള്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തീരുമാനം.

കോട്ടയം: ചാണകത്തില്‍ നിന്നും പ്രകൃതിസൗഹൃദ പെയിന്റ് ഉത്പാദിപ്പിച്ച് കേന്ദ്ര ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍. പശുവിന്റെ ചാണകവും പ്രകൃതിദത്ത സംയുക്തങ്ങളും സംയോജിപ്പിച്ചാണ് ‘പ്രകൃതിക് പെയിന്റ്’ എന്ന പേരില്‍ ഉല്‍പ്പാദനം നടത്തിയിരിക്കുന്നത്.

ഇതിനോടകം തന്നെ, ബി.ഐ.എസ്. അംഗീകാരം നേടിയ ഉത്പന്നം മുംബൈയിലെയും ഗാസ്സിയാബാദിലെയും പരിശോധനാലാബുകളില്‍ ഗുണനിലവാരവും ഉറപ്പുവരുത്തിയിട്ടുണ്ട്. മറ്റ് പെയിന്റുകള്‍ ഉപയോഗിക്കുമ്പോള്‍ ചിലരിലുണ്ടാകുന്ന അലര്‍ജിയും, ശ്വാസതടസ്സവുമൊന്നും പ്രകൃതിക് പെയിന്റിന്റെ ഉപയോഗത്തില്‍ ഉണ്ടാവില്ലെന്നാണ് നിര്‍മ്മാതാക്കളുടെ വാദം.

ലിറ്ററിന് 340 രൂപ നിരക്കിലാണ് പെയിന്റ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഓണ്‍ലൈനിലൂടെയും ഖാദി കമ്മിഷന്‍ പെയിന്റ് വാങ്ങാവുന്നതാണ്.

വെള്ളനിറത്തില്‍ മാത്രമാണിപ്പോള്‍ പെയിന്റ് ലഭിക്കുന്നത്. എന്നാല്‍ ഉപഭോക്താവിന്റെ ഇഷ്ടാനുസൃതം നിറങ്ങള്‍ ചേര്‍ക്കുകയും ചെയ്യാം.

മാത്രമല്ല, എമല്‍ഷന്‍ പെയിന്റിന്റെ മാറ്റ് ഫിനിഷിങ്ങുള്ള ഈ പെയിന്റടിച്ച ചുവരുകള്‍ കഴുകാവുന്നതും ഫംഗസ് മുക്തവുമാണ്. നാലുമണിക്കൂറിനുള്ളില്‍ പൂര്‍ണമായും ഉണങ്ങുമെന്നതാണ് മറ്റൊരു പ്രത്യേകത.

കൊച്ചി: ഐഎന്‍എസ് വിക്രാന്തിനു പിന്നാലെ കൊച്ചിന്‍ ഷിപ്യാഡിനു രണ്ടാമതൊരു വിമാനവാഹിനിയുടെ നിര്‍മാണക്കരാര്‍ കൂടി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കപ്പല്‍ശാലയുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

വിക്രാന്തിന്റെ നിര്‍മാണവും ബേസിന്‍, സമുദ്ര പരീക്ഷണങ്ങളും വിജയം കണ്ടതോടെയാണ് അടുത്ത കരാറിന്റെ സാധ്യത തെളിഞ്ഞിരിക്കുന്നത്.

രണ്ടാം വിമാനവാഹിനിയുടെ നിര്‍മാണം 7 വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കാനാകുമെന്നാണ് ഷിപ്യാഡ് അറിയിച്ചിരിക്കുന്നത്. മാത്രമല്ല, 2000 കോടി ചെലവില്‍ കപ്പല്‍ശാലയില്‍ നിര്‍മാണം പുരോഗമിക്കുന്ന കൂറ്റന്‍ ഡ്രൈ ഡോക്ക് 2023ല്‍ പൂര്‍ത്തിയാകും. ഇതു പ്രവര്‍ത്തനസജ്ജമാകുന്നതോടെ മദര്‍ വെസലുകളുള്‍പ്പെടെയുള്ളവയുടെ നിര്‍മാണം വേഗത്തിലാക്കാനും സാധിക്കും.

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി ഐഎന്‍എസ് വിക്രാന്തിന്റെ കന്നി സമുദ്ര പരീക്ഷണം വന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. നിശ്ചയിച്ച സമയത്തിനുള്ളില്‍ത്തന്നെ കപ്പലിലെ യന്ത്രോപകരണങ്ങളും ആശയവിനിമയോപാധികളും പരിശോധിക്കാനായെന്നും, ഇവയുടെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നുവെന്നും നാവികസേനാ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.