പിഎസ്സി റാങ്ക് ലിസ്റ്റ് ചുരുക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനാവശ്യ പ്രതീക്ഷ നല്‍കുന്ന അവസ്ഥ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി !

തിരുവനന്തപുരം: നിലവിലെ പിഎസ്സി റാങ്ക് ലിസ്റ്റ് ചുരുക്കുന്നത് ആലോചനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ എച്ച്. സലാമിന്റെ സബ്മിഷന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി പിഎസ്സി റാങ്ക് ലിസ്റ്റ് രീതികള്‍ മാറുമെന്ന സൂചന നല്‍കിയത്.

ഒഴിവുകളെക്കാള്‍ മൂന്ന് മുതല്‍ അഞ്ചിരട്ടി ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് നിലവില്‍ പിഎസ്സി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഒഴിവുകള്‍ക്ക് ആനുപാതികമായി സംവരണ തത്വങ്ങള്‍ പാലിച്ച് മാത്രം പട്ടിക തയ്യാറാക്കുന്നത് ആലോചിച്ച് വരികയാണെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

അഞ്ചിരട്ടിയോളം പേരെ ഉള്‍പ്പെടുത്തിയുളള റാങ്ക്ലിസ്റ്റില്‍ എല്ലാവര്‍ക്കും ജോലി കിട്ടുകയില്ലെന്നും, എന്നാല്‍ ഈ ഉദ്യോഗാര്‍ത്ഥികള്‍ പലതരം അനഭിലഷണീയമായ പ്രവണതകള്‍ക്കും ചൂഷണങ്ങള്‍ക്കും ഇതുമൂലം വിധേരാകുന്നതായി വ്യക്തമായതോടെയാണ് ഇങ്ങനെ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ജസ്റ്റിസ് ദിനേശന്‍ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍തീരുമാനമെടുക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനാവശ്യ പ്രതീക്ഷ നല്‍കുന്ന അവസ്ഥ ഇനി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.