Highlights (Page 188)

ന്യൂഡല്‍ഹി: അഫ്ഗാന്‍ നിയന്ത്രണം താലിബാന്റെ കീഴിലായതോടെ ആശങ്കയുമായി ലോകരാജ്യങ്ങള്‍. പാകിസ്ഥാനും, ചൈനയും, റഷ്യയുമടക്കമുള്ള രാജ്യങ്ങള്‍ താലിബാന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ സാഹചര്യത്തില്‍ ആശങ്കയോടെയാണ് ലോകം താലിബാന്‍ തീവ്രവാദികളുടെ വളര്‍ച്ചയെ നോക്കിക്കാണുന്നത്.

അതേസമയം, താലിബാനെതിരെ ശക്തമായ നിലപാട് തന്നെയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നും സ്വീകരിച്ചിരിക്കുന്നത്. അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തിരമായി ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിംഗിലും ഇന്ത്യ ശക്തമായ നിലപാട് തന്നെയാണ് കൈക്കൊണ്ടത്.

അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും ജനാധിപത്യ സംവിധാനം എത്രയും വേഗം പുനസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും സെക്യൂരിറ്റി കൗണ്‍സില്‍ അദ്ധ്യക്ഷന്‍ എസ് തിരുമൂര്‍ത്തി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കന്‍ ചൈനയുടേയും റഷ്യയുടേയും വിദേശകാര്യമന്ത്രിമാരുമായും ഈ പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു.

മാത്രമല്ല, താലിബാന്‍ ഭരണത്തില്‍ വീര്‍പ്പുമുട്ടുന്ന അഫ്ഗാന്‍ ജനതയുടെ ആകുലതകള്‍ സംബന്ധിച്ച് ഇന്ത്യയുടെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചര്‍ച്ച നടത്തി. നിലവില്‍ അടഞ്ഞുകിടക്കുന്ന കാബൂള്‍ വിമാനത്താവളം എത്രയും പെട്ടെന്ന് തുറക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഇരുവരും ചര്‍ച്ച ചെയ്തിരുന്നു.

കൂടാതെ, അഫ്ഗാന്‍ ജനതയ്ക്കായി അമേരിക്ക നടത്തുന്ന എല്ലാവിധ നീക്കങ്ങളെയും ഇന്ത്യ അഭിനന്ദിക്കുന്നതായി ജയ്ശങ്കര്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തിരുന്നു.

കാബൂൾ: നാല് വർഷത്തിനുള്ളിൽ താലിബാൻ ഉണ്ടാക്കിയത് 400 ശതമാനത്തിലേറെ സാമ്പത്തിക വളർച്ച. 2016 ൽ ഫോബ്സ് പുറത്തിറക്കിയ പട്ടികയിൽ ഏറ്റവും കൂടുതൽ സമ്പത്തുള്ള ആറാമത്തെ തീവ്രവാദ സംഘടനയായിരുന്നു താലിബാൻ. പ്രതിവർഷം 400 മില്ല്യൺ ഡോളർ ആണ് താലിബാന്റെ വരുമാനം. നാറ്റോയുടെ ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 2019-20 വർഷത്തിൽ 1.6 ബില്ല്യൺ ഡോളറാണ് താലിബാന്റെ പ്രതിവർഷ വരുമാനം.

മയക്കുമരുന്ന് കച്ചവടം, കള്ളക്കടത്ത് വിദേശ സ്രോതസുകളിൽ നിന്നുള്ള നിക്ഷേപം തുടങ്ങിയവയാണ് താലിബാന്റെ പ്രധാന വരുമാനമാർഗമെന്ന് ഫോബ്‌സ് റിപ്പോർട്ടിൽ പറയുന്നു. റേഡിയോ ലിബർട്ടി, റേഡിയോ ഫ്രീ യൂറോപ്പ് എന്നിവർ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഖനനം, നികുതി, കയറ്റുമതി, റിയൽ എസ്റ്റേറ്റ് വ്യാപാരം എന്നിവയും താലിബാന്റെ വരുമാന മാർഗങ്ങളാണ്.

ലോകത്തെ തന്നെ ഏറ്റവും വലിയ കറുപ്പ് (ഓപ്പിയം) നിർമാതാക്കളാണ് അഫ്ഗാനിസ്ഥാൻ. പ്രതിവർഷം 1.5-3 ബില്ല്യൺ ഡോളർ ഓപിയം കയറ്റുമതിയാണ് അഫ്ഗാനിൽ നടക്കുന്നത്. രാജ്യത്ത് ഓപിയം ഉത്പാദനം നടക്കുന്ന മുക്കാൽ ഭാഗം പ്രദേശങ്ങളും താലിബാന്റെ നിയന്ത്രണത്തിലാണ്. ഉത്പാദന വിതരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ താലിബാൻ ഏർപ്പെടുത്തിയ നികുതി ഇവരുടെ വരുമാനത്തിന്റെ പ്രധാന മാർഗമാണ്. ഖനനമാണ് മറ്റൊരു താലിബാന്റെ പ്രധാന വരുമാനം. താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാൻ മലനിരകൾ ഖനനം നടക്കുന്ന മേഖലകളാണ്. നിയമ വിധേയവും നിയമവിരുദ്ധവുമായുള്ള ഖനനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. താലിബാന് വൻ തുക നൽകിയാണ് ചെറുകിട ഖനന കമ്പനികൾ മുതൽ വമ്പൻ ഖനന കമ്പനികൾ വരെ ഈ കച്ചവടം നടത്തുന്നത്. താലിബാന് പണം നൽകാതെ ഈ മേഖലകളിൽ ഖനനം നടത്താൻ കഴിയില്ല.

പാകിസ്താൻ, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ താലിബാന് വിദേശ സഹായം നൽകുന്നുണ്ടെന്ന് അഫ്ഗാനും അമേരിക്കയും നിരവധി തവണ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പ്രതിവർഷം 500 മില്ല്യൺ ഡോളർ വരെ താലിബാന് വിദേശ നിക്ഷേപം ലഭിക്കുന്നുണ്ടെന്നാണ് വിവരം. അഫ്ഗാനിസ്ഥാനിലെ വ്യാവസായിക പ്രാധാന്യമുള്ള സ്വാത് മേഖലയുടെ നിയന്ത്രണം കൈയിലാക്കിയ താലിബാൻ ജനങ്ങളിൽ നിന്നും വ്യവസായ സ്ഥാപനങ്ങളിൽ നിന്നും നികുതി ഈടാക്കുന്നുണ്ട്. ഇതാണ് താലിബാന്റെ മറ്റൊരു വരുമാന മാർഗം.

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്റെ പിടിയിലായതോടെ രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനി അമേരിക്കയില്‍ അഭയം തേടിയേക്കുമെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനില്‍ നിന്ന് പലായനം ചെയ്ത് ഒമാനിലെത്തിയ അദ്ദേഹത്തിന് താജിക്കിസ്ഥാന്‍ പ്രവേശനാനുമതി നല്‍കിയില്ല.

ഇതിനെത്തുടര്‍ന്നാണ് അമേരിക്കയിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. തലസ്ഥാനമായ കാബൂളും താലിബാന്‍ ഭീകരര്‍ വളഞ്ഞതോടെയാണ് അധികാരമൊഴിയാന്‍ ഗനി തയ്യാറായത്.

അതേസമയം, അഫ്ഗാനിസ്ഥാന്റെ പൂര്‍ണ നിയന്ത്രണം കൈയ്യടക്കിയതോടെ ഇസ്ലാമിക് എമിരേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന് താലിബാന്‍ രാജ്യത്തിന്റെ പേര്മാറ്റി. കൈയ്യടക്കി കൊടിനാട്ടിയ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വെച്ചായിരുന്നു പ്രഖ്യാപനം.

20 വര്‍ഷം മുമ്പ് ഉണ്ടായിരുന്ന താലീബാന്‍ ഭരണ രീതിയിലേയ്ക്ക് തിരികെ മടങ്ങാന്‍ താലീബാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇസ്ലാമിക മതനിയമം ശരിയത്ത് പ്രകാരമായിരിക്കും ഇനി ഭരണം നടത്തുക. സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കും. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് വിലക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാബൂള്‍: ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ പേരുമാറ്റി താലിബാന്‍. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരിക്കും പുതിയ പേര്. പേരു മാറ്റിയതായി താലിബാന്‍ വക്താവ് സ്ഥിരീകരിച്ചു.

അഫ്ഗാനിസ്ഥാന്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ അഫ്ഗാന്‍ പതാക നീക്കം ചെയ്ത് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താലിബാന്‍ കൊടി നാട്ടി. മുല്ല അബ്ദുല്‍ ഗനി ബറാദര്‍ പുതിയ പ്രസിഡന്റാകുമെന്നാണ് സൂചനകള്‍.

അതേസമയം, കാബൂളിലെ എംബസി ഒഴിപ്പിക്കില്ലെന്നും താലിബാന്‍ സുരക്ഷ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും റഷ്യ വ്യക്തമാക്കി.

എന്നാല്‍ താലിബാനുമായി കടുത്ത ശത്രുത പുലര്‍ത്തുന്ന ഇന്ത്യ കരുതലോടെയാണ് അഫ്ഗാനിലെ സംഭവവികാസങ്ങള്‍ വീക്ഷിക്കുന്നത്. ഇന്ത്യക്കാരുടെ ആവശ്യത്തിനായി വ്യോമസേനയുടെ കൂറ്റന്‍ സി – 17 ഗ്ലോബ് മാസ്റ്റര്‍ ട്രാന്‍സ്പോര്‍ട്ട് വിമാനം കാബൂള്‍ വിമാനത്താവളത്തില്‍ നിറുത്തിയിട്ടുണ്ട്. 300 പേര്‍ക്ക് കയറാവുന്ന വിമാനമാണ്. ഇന്ത്യന്‍ എംബസിയിലെ എല്ലാ രേഖകളും കമ്ബ്യൂട്ടറുകളും നശിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

എയര്‍ ഇന്ത്യ രാത്രി 12.30ന് തങ്ങളുടെ വിമാനം കാബൂളില്‍ നിന്നും പുറപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ രാത്രി 8.30ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന വിമാന സര്‍വീസ് ആണ് 12.30ലേക്ക് മാറ്റിയിരിക്കുന്നത്.

അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പ്രയാണം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് അടിയന്തിര സാഹചര്യങ്ങള്‍ക്കു വേണ്ടി രണ്ട് വിമാനങ്ങള്‍ എപ്പോഴും തയ്യാറാക്കി നിര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് നിര്‍ദേശിച്ചിരുന്നതായി നേരത്തെ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മറ്റുള്ള എല്ലാ രാഷ്ട്രങ്ങളും അഫ്ഗാനിസ്ഥാന്റെ വിമാനപാത ഒഴിവാക്കാന്‍ തങ്ങളുടെ വിമാനകമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ അഭിമാനകരമായ നീക്കം.

കാബൂൾ: കാബൂളിന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ പ്രതികരണവുമായി നൊബേൽ ജേതാവും വിദ്യാഭ്യാസ അവകാശ പ്രവർത്തകയുമായ മലാല യൂസഫ്സായി. അഫ്ഗാനിലെ സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരെക്കുറിച്ചോർത്ത് അഗാധമായ ആശങ്കയുണ്ടെന്ന് മലാല വ്യക്തമാക്കി. താലിബാൻ അഫ്ഗാൻ പിടിച്ചടക്കുന്നത് ഞെട്ടലോടെയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും മലാല പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മലാലയുടെ പ്രതികരണം.

അഫ്ഗാനിൽ വെടിനിർത്തലിന് ആഗോള സമൂഹം രംഗത്തുവരണം. അഭയാർത്ഥികൾക്കും പൗരന്മാർക്കും ഉടൻ സഹായം ലഭ്യമാക്കണം. മാനുഷികമായ സഹായങ്ങൾ അഫ്ഗാൻ ജനതയ്ക്ക് ഒരുക്കണമെന്നും മലാല ആവശ്യപ്പെട്ടു.

അതേസമയം കാബൂളിന്റെ നിയന്ത്രണം അഫ്ഗാൻ പിടിച്ചെടുത്തതോടെ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടു. അഫ്ഗാന്റെ നിയന്ത്രണം ഉടൻ താലിബാൻ ഏറ്റെടുക്കുമെന്നാണ് വിവരം. താലിബാൻ കമാൻഡർ മുല്ല അബ്ദുൾ ഗനി ബറാദർ ആവും അഫ്ഗാന്റെ പുതിയ പ്രസിഡന്റെന്നാണ് റിപ്പോർട്ട്. കാബൂളിന്റെ നിയന്ത്രണം കൂടി പിടിച്ചെടുത്തതോടെയാണ് അഫ്ഗാന്റെ നിയന്ത്രണം താലിബാന് കൈമാറാൻ സർക്കാർ നിർബന്ധിതരായത്. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമിറുള്ള സാലെയും രാജ്യത്ത് നിന്നും പലായനം ചെയ്തുവെന്നാണ് പുറത്തു വരുന്ന വിവരം.

sabarimala

പത്തനംതിട്ട: ശബരിമല നട തുറന്നു. നിറപുത്തരി, ചിങ്ങമാസ, ഓണം നാളുകളിലെ പൂജകൾക്കായാണ് ശബരിമല നട തുറന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വി കെ ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു. തിങ്കളാഴ്ച്ചയാണ് നിറപുത്തരി ചടങ്ങ്.

നിറപുത്തരി പൂജകൾക്ക് ഉപയോഗിക്കുന്നത് ശബരിമലയിൽ തന്നെ കൃഷി ചെയ്ത നെൽകറ്റകൾ ആണ്. ഓണം നാളുകളിൽ ഭക്തർക്ക് ഓണ സദ്യ നൽകുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ഓണസദ്യ നൽകുക. 23-ാം തീയതി വൈകിട്ട് ഹരിവരാസനം പാടി നട അടയ്ക്കും.

ന്യുഡൽഹി: 75-ാം സ്വാതന്ത്ര്യദിനത്തിൽ പുതിയ വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75 വന്ദേഭാരത് ട്രെയിൻ സർവ്വീസുകളെ കുറിച്ചാണ് അദ്ദേഹം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ എല്ലാ മേഖലയേയും ബന്ധിപ്പിക്കുന്നതാകും ഈ ട്രെയിനുകളെന്ന് അദ്ദേഹം അറിയിച്ചു. ചെറുവിമാനത്താവളങ്ങളെ ബന്ധപ്പെടുത്തി ഉഡാൻ വിമാന സർവീസ് തുടങ്ങിയ മാതൃകയിലാണ് പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആസാദി കാ അമൃത് മഹോത്സവം എന്ന പേരിൽ നടക്കുന്ന 75-ാം വർഷികാഘോഷഭാഗമായാണ് വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചത്. മുഴുവൻ സർവ്വീസുകളും ഒരു വർഷത്തിനുള്ളിൽ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വന്ദേഭാരത് ട്രെയിനുകളുടെ നിലവിലുള്ള രൂപകൽപ്പനയിൽ മാറ്റം വരുത്തിയാണ് പുതിയ ട്രെയിനുകളുടെ നിർമ്മാണം. അടുത്ത വർഷം ജൂണിൽ ട്രെയിനുകളുടെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കി.

നിരവധി സവിശേഷതകൾ ട്രെയിനുകൾക്ക് ഉണ്ടാകും. ഓട്ടോ മാറ്റിക് ഡോറുകൾ, യുറോപ്യൻ സീറ്റുകൾ, അതത് സീറ്റുകളിലെ ലൈറ്റുകൾ ഓരോ യാത്രക്കാരനും സജ്ജീകരിക്കാനുള്ള സംവിധാനം തുടങ്ങിയാണ് പ്രധാന പ്രത്യേകതകൾ. ബാക്റ്റീരിയ രഹിത എയർകണ്ടീഷൻ സംവിധാനം, പുഷ് ബാക്ക് സംവിധാനമുള്ള സീറ്റുകൾ, കേന്ദ്രീകൃത കോച്ച് മോണിറ്ററിംങ് സംവിധാനം, മറ്റ് ലൈറ്റുകൾ ഓഫായാൽ പ്രവർത്തിക്കുന്ന നാല് ഡിസാസ്റ്റർ ലൈറ്റുകൾ, വൈദ്യുതി മുടങ്ങിയാൽ വെന്റിലേഷൻ സംവിധാനം, നാല് എമർജൻസി പുഷ് ബട്ടണുകൾ, നാല് എമർജൻസി വിൻഡോകൾ, മഴക്കാലത്ത് സുരക്ഷ ഉറപ്പാക്കാൻ പ്രളയ സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവയും വന്ദേഭാരത് ട്രെയിനുകളിൽ ഉണ്ടാകും.

ന്യൂഡൽഹി: 75 -ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർന്ന് അദ്ദേഹം രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്വാതന്ത്ര്യസമര പോരാളികളെ അനുസ്മരിച്ചു കൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, സർദാർ വല്ലഭഭായ് പട്ടേൽ എന്നിവരെ അദ്ദേഹം അനുസ്മരിച്ചു. എല്ലാ സ്വാതന്ത്ര്യ സമര പോരാളികളേയും രാജ്യം സ്മരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ടോക്കിയോ ഒളിംപിക്‌സിലെ മെഡൽ ജേതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും പ്രധാനമന്ത്രി ആദരവ് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് ഭാരതത്തിലാണ്. 54 കോടി ആളുകൾക്ക് വാക്സിൻ നൽകി. കോവിഡ് കാലത്ത് 80 കോടി ആളുകൾക്ക് റേഷൻ എത്തിച്ചു. രോഗവ്യാപനം ലോക രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. എന്നാൽ വലിയ പരിശ്രമത്തിലും ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ കഴിയാതെ പോയി. കോവിഡ് വലിയ വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരിലേക്കും ഒരുപോലെ എത്തുന്ന വികസനമാണ് ലക്ഷ്യം. കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ ആ ലക്ഷ്യം കൈവരിക്കാനാകൂ. നേട്ടങ്ങൾക്കായി ഒരുപാട് കാലം കാത്തിരിക്കാനാകില്ല. ലക്ഷ്യങ്ങളിലേക്ക് രാജ്യം വേഗത്തിൽ എത്തിച്ചേരണമെന്നും അദ്ദേഹം വിശദമാക്കി.

കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ പുതിയ പദ്ധതികൾളും അദ്ദേഹം പ്രഖ്യാപിച്ചു. കാർഷികമേഖലയെ ആധുനികവത്കരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും. കാർഷിക ഉൽപ്പന്നങ്ങൾ എത്തിക്കാൻ 70 കിസാൻ റെയിലുകളൊരുക്കും. കിസാൻ നിധിയും കിസാൻ റെയിലും പോലുള്ള പദ്ധതികൾ രാജ്യത്തെ കർഷകർക്ക് മുതൽകൂട്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മിലാന്‍: യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയിലെ സിസ്ലി ദ്വീപില്‍ 48.8 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലൂസിഫര്‍ എന്ന ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് ഇറ്റലി ചുട്ടുപൊള്ളുന്നത്.

മാത്രമല്ല, ആയിരത്തോളം ഏക്കര്‍ പ്രദേശത്തേക്ക് തീ പടര്‍ന്നിട്ടുമുണ്ട്. വിവിധയിടങ്ങളിലായുണ്ടായ തീപ്പിടിത്തങ്ങളില്‍ ഇതുവരെ മൂന്നുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

അസഹനീയമായ ചൂടിനെതുടര്‍ന്ന് വിവിധ മേഖലകളില്‍ ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ന്യൂഡൽഹി: ചെലവ് ചുരുക്കലിനും ഫണ്ട് ശേഖരണത്തിനുമുള്ള നടപടികൾക്കൊരുങ്ങി കോൺഗ്രസ്. സെക്രട്ടറിമാർ മുതൽ ജനറൽ സെക്രട്ടറിമാർ വരെയുള്ള എല്ലാ പാർട്ടി ഭാരവാഹികൾക്കും കോൺഗ്രസ് ചെലവു ചുരുക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. സെക്രട്ടറിമാരോട് ട്രെയിനിൽ യാത്ര ചെയ്യാനും സാധ്യമല്ലെങ്കിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന യാത്ര ചെയ്യാനും പാർട്ടി ആവശ്യപ്പെട്ടതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർലമെന്റ് അംഗങ്ങളായ ജനറൽ സെക്രട്ടറിമാരോട് അവരുടെ വിമാന യാത്രാ ആനുകൂല്യങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കാനും പാർട്ടി വൃത്തങ്ങൾ ആവശ്യപ്പെട്ടതായി റിപ്പോർ്ട്ടുകളുണ്ട്.

ഓരോ രൂപയും ലാഭിക്കാൻ ശ്രമിക്കുന്നുവെന്നും ചെലവ് ഏറ്റവും കുറക്കുക എന്നതാണ് ആശയമെന്നും കോൺഗ്രസ് ട്രഷറർ പവൻ ബൻസാൽ ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. 1400 കിലോമീറ്റർ വരെയുള്ള യാത്രക്ക് സെക്രട്ടറിമാർക്ക് അനുയോജ്യമായ ട്രെയിൻ നിരക്ക് നൽകുമെന്നും 1,400 കിലോമീറ്ററിന് മുകളിൽ ദൂരമുള്ള യാത്രകൾക്ക് കുറഞ്ഞ വിമാന നിരക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രെയിൻ നിരക്ക് വിമാന നിരക്കിനേക്കാൾ കൂടുതലാണെങ്കിൽ മാത്രമേ മാസത്തിൽ രണ്ടുതവണ വിമാന നിരക്ക് നൽകൂയെന്നും അദ്ദേഹം വെളിപ്പെടുത്തി.

സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നിവരിടെ അലവൻസുകൾ 12,000 രൂപ, 15,000 രൂപ എന്നതിൽ നിന്ന് വെട്ടിക്കുറയ്ക്കുമെന്നാണ് വിവരം. എംപിമാരോട് എല്ലാ വർഷവും 50,000 രൂപ സംഭാവന ചെയ്യാനും പാർട്ടി ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്. കാന്റീൻ, സ്റ്റേഷനറി, വൈദ്യുതി, പത്രം, ഇന്ധനം മുതലായവയുടെ ചെലവുകൾ എഐസിസി ഭാരവാഹികൾ തന്നെ കുറയ്ക്കണമെന്നും ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.