രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബറില്‍ തിരുവനന്തപുരത്ത് വേദിയൊരുക്കും; എന്‍ട്രികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 10 മുതല്‍ 17വരെ തിരുവനന്തപുരത്ത് നടക്കും.

അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ലോക സിനിമ എന്നീ വിഭാഗങ്ങളിലേക്ക് അക്കാദമി എന്‍ട്രി ക്ഷണിച്ചിട്ടുണ്ട്. ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ പരിഗണിക്കുക.

കോവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ചും, സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുമായിരിക്കും മേള സംഘടിപ്പിക്കുക.

കഴിഞ്ഞ തവണ 85 ചിത്രങ്ങളാണ് കൊവിഡ് സാഹചര്യത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. മറ്റു ചില ജില്ലകളിലും പ്രദര്‍ശനം നടത്തിയിരുന്നു.

എന്നാല്‍, ഇത്തവണ സമ്പൂര്‍ണ്ണ ഫെസ്റ്റിവലിനാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് മാത്രമേ വേദി ഉണ്ടായിരിക്കുകയുള്ളൂ.