കോട്ടയം: ചാണകത്തില്‍ നിന്നും പ്രകൃതിസൗഹൃദ പെയിന്റ് ഉത്പാദിപ്പിച്ച് കേന്ദ്ര ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍. പശുവിന്റെ ചാണകവും പ്രകൃതിദത്ത സംയുക്തങ്ങളും സംയോജിപ്പിച്ചാണ് ‘പ്രകൃതിക് പെയിന്റ്’ എന്ന പേരില്‍ ഉല്‍പ്പാദനം നടത്തിയിരിക്കുന്നത്.
ഇതിനോടകം തന്നെ, ബി.ഐ.എസ്. അംഗീകാരം നേടിയ ഉത്പന്നം മുംബൈയിലെയും ഗാസ്സിയാബാദിലെയും പരിശോധനാലാബുകളില്‍ ഗുണനിലവാരവും ഉറപ്പുവരുത്തിയിട്ടുണ്ട്. മറ്റ് പെയിന്റുകള്‍ ഉപയോഗിക്കുമ്പോള്‍ ചിലരിലുണ്ടാകുന്ന അലര്‍ജിയും, ശ്വാസതടസ്സവുമൊന്നും പ്രകൃതിക് പെയിന്റിന്റെ ഉപയോഗത്തില്‍ ഉണ്ടാവില്ലെന്നാണ് നിര്‍മ്മാതാക്കളുടെ വാദം.
ലിറ്ററിന് 340 രൂപ നിരക്കിലാണ് പെയിന്റ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഓണ്‍ലൈനിലൂടെയും ഖാദി കമ്മിഷന്‍ പെയിന്റ് വാങ്ങാവുന്നതാണ്.
വെള്ളനിറത്തില്‍ മാത്രമാണിപ്പോള്‍ പെയിന്റ് ലഭിക്കുന്നത്. എന്നാല്‍ ഉപഭോക്താവിന്റെ ഇഷ്ടാനുസൃതം നിറങ്ങള്‍ ചേര്‍ക്കുകയും ചെയ്യാം.
മാത്രമല്ല, എമല്‍ഷന്‍ പെയിന്റിന്റെ മാറ്റ് ഫിനിഷിങ്ങുള്ള ഈ പെയിന്റടിച്ച ചുവരുകള്‍ കഴുകാവുന്നതും ഫംഗസ് മുക്തവുമാണ്. നാലുമണിക്കൂറിനുള്ളില്‍ പൂര്‍ണമായും ഉണങ്ങുമെന്നതാണ് മറ്റൊരു പ്രത്യേകത.

