ന്യൂഡല്‍ഹി: അഫ്ഗാന്‍ നിയന്ത്രണം താലിബാന്റെ കീഴിലായതോടെ ആശങ്കയുമായി ലോകരാജ്യങ്ങള്‍. പാകിസ്ഥാനും, ചൈനയും, റഷ്യയുമടക്കമുള്ള രാജ്യങ്ങള്‍ താലിബാന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ സാഹചര്യത്തില്‍ ആശങ്കയോടെയാണ് ലോകം താലിബാന്‍ തീവ്രവാദികളുടെ വളര്‍ച്ചയെ നോക്കിക്കാണുന്നത്.
അതേസമയം, താലിബാനെതിരെ ശക്തമായ നിലപാട് തന്നെയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നും സ്വീകരിച്ചിരിക്കുന്നത്. അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തിരമായി ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിംഗിലും ഇന്ത്യ ശക്തമായ നിലപാട് തന്നെയാണ് കൈക്കൊണ്ടത്.
അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും ജനാധിപത്യ സംവിധാനം എത്രയും വേഗം പുനസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും സെക്യൂരിറ്റി കൗണ്‍സില്‍ അദ്ധ്യക്ഷന്‍ എസ് തിരുമൂര്‍ത്തി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കന്‍ ചൈനയുടേയും റഷ്യയുടേയും വിദേശകാര്യമന്ത്രിമാരുമായും ഈ പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു.
മാത്രമല്ല, താലിബാന്‍ ഭരണത്തില്‍ വീര്‍പ്പുമുട്ടുന്ന അഫ്ഗാന്‍ ജനതയുടെ ആകുലതകള്‍ സംബന്ധിച്ച് ഇന്ത്യയുടെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചര്‍ച്ച നടത്തി. നിലവില്‍ അടഞ്ഞുകിടക്കുന്ന കാബൂള്‍ വിമാനത്താവളം എത്രയും പെട്ടെന്ന് തുറക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഇരുവരും ചര്‍ച്ച ചെയ്തിരുന്നു.
കൂടാതെ, അഫ്ഗാന്‍ ജനതയ്ക്കായി അമേരിക്ക നടത്തുന്ന എല്ലാവിധ നീക്കങ്ങളെയും ഇന്ത്യ അഭിനന്ദിക്കുന്നതായി ജയ്ശങ്കര്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തിരുന്നു.

