നാല് വർഷത്തിനുള്ളിൽ താലിബാൻ ഉണ്ടാക്കിയത് 400 ശതമാനത്തിലേറെ സാമ്പത്തിക വളർച്ച; താലിബാന്റെ പ്രധാന വരുമാന സ്രോതസുകൾ ഇവയെല്ലാം

കാബൂൾ: നാല് വർഷത്തിനുള്ളിൽ താലിബാൻ ഉണ്ടാക്കിയത് 400 ശതമാനത്തിലേറെ സാമ്പത്തിക വളർച്ച. 2016 ൽ ഫോബ്സ് പുറത്തിറക്കിയ പട്ടികയിൽ ഏറ്റവും കൂടുതൽ സമ്പത്തുള്ള ആറാമത്തെ തീവ്രവാദ സംഘടനയായിരുന്നു താലിബാൻ. പ്രതിവർഷം 400 മില്ല്യൺ ഡോളർ ആണ് താലിബാന്റെ വരുമാനം. നാറ്റോയുടെ ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 2019-20 വർഷത്തിൽ 1.6 ബില്ല്യൺ ഡോളറാണ് താലിബാന്റെ പ്രതിവർഷ വരുമാനം.

മയക്കുമരുന്ന് കച്ചവടം, കള്ളക്കടത്ത് വിദേശ സ്രോതസുകളിൽ നിന്നുള്ള നിക്ഷേപം തുടങ്ങിയവയാണ് താലിബാന്റെ പ്രധാന വരുമാനമാർഗമെന്ന് ഫോബ്‌സ് റിപ്പോർട്ടിൽ പറയുന്നു. റേഡിയോ ലിബർട്ടി, റേഡിയോ ഫ്രീ യൂറോപ്പ് എന്നിവർ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഖനനം, നികുതി, കയറ്റുമതി, റിയൽ എസ്റ്റേറ്റ് വ്യാപാരം എന്നിവയും താലിബാന്റെ വരുമാന മാർഗങ്ങളാണ്.

ലോകത്തെ തന്നെ ഏറ്റവും വലിയ കറുപ്പ് (ഓപ്പിയം) നിർമാതാക്കളാണ് അഫ്ഗാനിസ്ഥാൻ. പ്രതിവർഷം 1.5-3 ബില്ല്യൺ ഡോളർ ഓപിയം കയറ്റുമതിയാണ് അഫ്ഗാനിൽ നടക്കുന്നത്. രാജ്യത്ത് ഓപിയം ഉത്പാദനം നടക്കുന്ന മുക്കാൽ ഭാഗം പ്രദേശങ്ങളും താലിബാന്റെ നിയന്ത്രണത്തിലാണ്. ഉത്പാദന വിതരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ താലിബാൻ ഏർപ്പെടുത്തിയ നികുതി ഇവരുടെ വരുമാനത്തിന്റെ പ്രധാന മാർഗമാണ്. ഖനനമാണ് മറ്റൊരു താലിബാന്റെ പ്രധാന വരുമാനം. താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാൻ മലനിരകൾ ഖനനം നടക്കുന്ന മേഖലകളാണ്. നിയമ വിധേയവും നിയമവിരുദ്ധവുമായുള്ള ഖനനങ്ങൾ ഇവിടെ നടക്കുന്നുണ്ട്. താലിബാന് വൻ തുക നൽകിയാണ് ചെറുകിട ഖനന കമ്പനികൾ മുതൽ വമ്പൻ ഖനന കമ്പനികൾ വരെ ഈ കച്ചവടം നടത്തുന്നത്. താലിബാന് പണം നൽകാതെ ഈ മേഖലകളിൽ ഖനനം നടത്താൻ കഴിയില്ല.

പാകിസ്താൻ, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ താലിബാന് വിദേശ സഹായം നൽകുന്നുണ്ടെന്ന് അഫ്ഗാനും അമേരിക്കയും നിരവധി തവണ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പ്രതിവർഷം 500 മില്ല്യൺ ഡോളർ വരെ താലിബാന് വിദേശ നിക്ഷേപം ലഭിക്കുന്നുണ്ടെന്നാണ് വിവരം. അഫ്ഗാനിസ്ഥാനിലെ വ്യാവസായിക പ്രാധാന്യമുള്ള സ്വാത് മേഖലയുടെ നിയന്ത്രണം കൈയിലാക്കിയ താലിബാൻ ജനങ്ങളിൽ നിന്നും വ്യവസായ സ്ഥാപനങ്ങളിൽ നിന്നും നികുതി ഈടാക്കുന്നുണ്ട്. ഇതാണ് താലിബാന്റെ മറ്റൊരു വരുമാന മാർഗം.