കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്റെ പിടിയിലായതോടെ രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനി അമേരിക്കയില്‍ അഭയം തേടിയേക്കുമെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനില്‍ നിന്ന് പലായനം ചെയ്ത് ഒമാനിലെത്തിയ അദ്ദേഹത്തിന് താജിക്കിസ്ഥാന്‍ പ്രവേശനാനുമതി നല്‍കിയില്ല.
ഇതിനെത്തുടര്‍ന്നാണ് അമേരിക്കയിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. തലസ്ഥാനമായ കാബൂളും താലിബാന്‍ ഭീകരര്‍ വളഞ്ഞതോടെയാണ് അധികാരമൊഴിയാന്‍ ഗനി തയ്യാറായത്.
അതേസമയം, അഫ്ഗാനിസ്ഥാന്റെ പൂര്‍ണ നിയന്ത്രണം കൈയ്യടക്കിയതോടെ ഇസ്ലാമിക് എമിരേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന് താലിബാന്‍ രാജ്യത്തിന്റെ പേര്മാറ്റി. കൈയ്യടക്കി കൊടിനാട്ടിയ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വെച്ചായിരുന്നു പ്രഖ്യാപനം.
20 വര്‍ഷം മുമ്പ് ഉണ്ടായിരുന്ന താലീബാന്‍ ഭരണ രീതിയിലേയ്ക്ക് തിരികെ മടങ്ങാന്‍ താലീബാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇസ്ലാമിക മതനിയമം ശരിയത്ത് പ്രകാരമായിരിക്കും ഇനി ഭരണം നടത്തുക. സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കും. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് വിലക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

