ചെലവു ചുരുക്കൽ നടപടികൾക്കൊരുങ്ങി കോൺഗ്രസ്: ഭാരവാഹികളുടെ അലവൻസുകൾ വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ചെലവ് ചുരുക്കലിനും ഫണ്ട് ശേഖരണത്തിനുമുള്ള നടപടികൾക്കൊരുങ്ങി കോൺഗ്രസ്. സെക്രട്ടറിമാർ മുതൽ ജനറൽ സെക്രട്ടറിമാർ വരെയുള്ള എല്ലാ പാർട്ടി ഭാരവാഹികൾക്കും കോൺഗ്രസ് ചെലവു ചുരുക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. സെക്രട്ടറിമാരോട് ട്രെയിനിൽ യാത്ര ചെയ്യാനും സാധ്യമല്ലെങ്കിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന യാത്ര ചെയ്യാനും പാർട്ടി ആവശ്യപ്പെട്ടതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർലമെന്റ് അംഗങ്ങളായ ജനറൽ സെക്രട്ടറിമാരോട് അവരുടെ വിമാന യാത്രാ ആനുകൂല്യങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കാനും പാർട്ടി വൃത്തങ്ങൾ ആവശ്യപ്പെട്ടതായി റിപ്പോർ്ട്ടുകളുണ്ട്.

ഓരോ രൂപയും ലാഭിക്കാൻ ശ്രമിക്കുന്നുവെന്നും ചെലവ് ഏറ്റവും കുറക്കുക എന്നതാണ് ആശയമെന്നും കോൺഗ്രസ് ട്രഷറർ പവൻ ബൻസാൽ ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. 1400 കിലോമീറ്റർ വരെയുള്ള യാത്രക്ക് സെക്രട്ടറിമാർക്ക് അനുയോജ്യമായ ട്രെയിൻ നിരക്ക് നൽകുമെന്നും 1,400 കിലോമീറ്ററിന് മുകളിൽ ദൂരമുള്ള യാത്രകൾക്ക് കുറഞ്ഞ വിമാന നിരക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രെയിൻ നിരക്ക് വിമാന നിരക്കിനേക്കാൾ കൂടുതലാണെങ്കിൽ മാത്രമേ മാസത്തിൽ രണ്ടുതവണ വിമാന നിരക്ക് നൽകൂയെന്നും അദ്ദേഹം വെളിപ്പെടുത്തി.

സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നിവരിടെ അലവൻസുകൾ 12,000 രൂപ, 15,000 രൂപ എന്നതിൽ നിന്ന് വെട്ടിക്കുറയ്ക്കുമെന്നാണ് വിവരം. എംപിമാരോട് എല്ലാ വർഷവും 50,000 രൂപ സംഭാവന ചെയ്യാനും പാർട്ടി ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്. കാന്റീൻ, സ്റ്റേഷനറി, വൈദ്യുതി, പത്രം, ഇന്ധനം മുതലായവയുടെ ചെലവുകൾ എഐസിസി ഭാരവാഹികൾ തന്നെ കുറയ്ക്കണമെന്നും ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.