ന്യൂഡൽഹി: 75 -ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർന്ന് അദ്ദേഹം രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്വാതന്ത്ര്യസമര പോരാളികളെ അനുസ്മരിച്ചു കൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, സർദാർ വല്ലഭഭായ് പട്ടേൽ എന്നിവരെ അദ്ദേഹം അനുസ്മരിച്ചു. എല്ലാ സ്വാതന്ത്ര്യ സമര പോരാളികളേയും രാജ്യം സ്മരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ടോക്കിയോ ഒളിംപിക്‌സിലെ മെഡൽ ജേതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും പ്രധാനമന്ത്രി ആദരവ് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് ഭാരതത്തിലാണ്. 54 കോടി ആളുകൾക്ക് വാക്സിൻ നൽകി. കോവിഡ് കാലത്ത് 80 കോടി ആളുകൾക്ക് റേഷൻ എത്തിച്ചു. രോഗവ്യാപനം ലോക രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. എന്നാൽ വലിയ പരിശ്രമത്തിലും ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ കഴിയാതെ പോയി. കോവിഡ് വലിയ വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരിലേക്കും ഒരുപോലെ എത്തുന്ന വികസനമാണ് ലക്ഷ്യം. കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ ആ ലക്ഷ്യം കൈവരിക്കാനാകൂ. നേട്ടങ്ങൾക്കായി ഒരുപാട് കാലം കാത്തിരിക്കാനാകില്ല. ലക്ഷ്യങ്ങളിലേക്ക് രാജ്യം വേഗത്തിൽ എത്തിച്ചേരണമെന്നും അദ്ദേഹം വിശദമാക്കി.
കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ പുതിയ പദ്ധതികൾളും അദ്ദേഹം പ്രഖ്യാപിച്ചു. കാർഷികമേഖലയെ ആധുനികവത്കരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും. കാർഷിക ഉൽപ്പന്നങ്ങൾ എത്തിക്കാൻ 70 കിസാൻ റെയിലുകളൊരുക്കും. കിസാൻ നിധിയും കിസാൻ റെയിലും പോലുള്ള പദ്ധതികൾ രാജ്യത്തെ കർഷകർക്ക് മുതൽകൂട്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

