തിരുവനന്തപുരം: സിവിൽ സർവ്വീസ് റാങ്ക് പട്ടികയിൽ ഇടം നേടിയ മലയാളി വിദ്യാർത്ഥികൾക്ക് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിവിൽ സർവ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടമാണ് കേരളത്തിൽ നിന്നുള്ള മത്സരാർത്ഥികൾ കരസ്ഥമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ നൂറു റാങ്കുകളിൽ പത്തിലേറെ മലയാളികൾ ഉണ്ടെന്നത് അതീവ സന്തോഷകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ. മീര (6-ാം റാങ്ക്), മിഥുൻ പ്രേംരാജ് (12-ാം റാങ്ക്), കരീഷ്മ നായർ (14-ാം റാങ്ക്), അപർണ രമേഷ് (35-ാം റാങ്ക്) എന്നിവർ മികച്ച പ്രകടനത്തിലൂടെ നാടിന് അഭിമാനമായി. കേരളത്തിൽ നിന്നും ഏറ്റവും ഉയർന്ന റാങ്ക് നേടിയ കെ. മീരയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. പരീക്ഷയിൽ വിജയം നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. നാടിന്റെ നന്മയ്ക്കായി ആത്മാർത്ഥമായി സേവനം ചെയ്യാൻ ഏവർക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

