Highlights (Page 176)

ന്യുഡൽഹി: ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമം ചൈനീസ് സേന തുടരുന്നതായി റിപ്പോർട്ട്. ലഡാക്കിലെ സൈനിക നടപടി പിൻവലിച്ചുവെങ്കിലും ഇന്ത്യയിലേക്കുള്ള കടന്നുകയറ്റം ചൈനീസ് സൈന്യം ഉപേക്ഷിച്ചിട്ടില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

ഉത്തരാഖണ്ഡിലെ ബരഹോട്ടിയിൽ ചൈനീസ് പീപ്പിൾസ് ആർമി നുഴഞ്ഞുകയറിയെന്നാണ് വിവരം. കഴിഞ്ഞ മാസമായിരുന്നു സംഭവം. കുതിരപ്പുറത്തെത്തിയ സൈനികർ ഏതാനും മണിക്കൂറുകൾ സ്ഥലത്ത് തമ്പടിച്ചുവെന്നും വിവരമുണ്ട്. പ്രദേശത്തെ നടപ്പാലം ചൈനീസ് സൈന്യം നശിപ്പിച്ചുവെങ്കിലും ഇന്ത്യൻ സേനയുമായി ഒരു ഏറ്റുമുട്ടലിന് നിൽക്കാതെ അവർ മടങ്ങുകയായിരുന്നുവെന്നാണ് സൂചന. ഇന്ത്യൻ സൈന്യവും ഇന്തോ ടിബറ്റൻ ബോർഡർ പോലീസും എത്തിയപ്പോഴേക്കും ചൈനീസ് സേന മടങ്ങിയെന്നാണ് അധികൃതർ വിശദമാക്കുന്നത്. എന്നാൽ ഇത്തരമൊരു വിവരം സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കിഴക്കൻ ലഡാക്കിൽ ചൈനീസ് സേന നടത്തിയ കടന്നുകയറ്റം 17 മാസത്തോളം തർക്കത്തിന് ഇടയാക്കിയിരുന്നു.

തിരുവനന്തപുരം: നടിയും സംവിധായകയുമായ സുഹാസിനിയെ 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അധ്യക്ഷയായി സര്‍ക്കാര്‍ നിയമിച്ചു.

അവാര്‍ഡിന് സമര്‍പ്പിക്കപ്പെടുന്ന എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിക്ക് ദ്വിതല സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് നിയമാവലി പരിഷ്‌കരിച്ചതിനുശേഷമുള്ള ആദ്യ അവാര്‍ഡാണ് ഇത്തവണത്തേത്.

എട്ടു തവണ ദേശീയ പുരസ്‌കാരം നേടിയ കന്നട സംവിധായകന്‍ പി.ശേഷാദ്രിയും പ്രമുഖ സംവിധായകന്‍ ഭദ്രനും പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായിരിക്കും.

മികച്ച എഡിറ്റര്‍ക്കുള്ള ദേശീയ അവാര്‍ഡ് രണ്ടു തവണ നേടിയ സുരേഷ് പൈ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ ഗാനരചയിതാവ് മധു വാസുദേവന്‍, നിരൂപകനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ഇ.പി രാജഗോപാലന്‍, സംസ്ഥാന അവാര്‍ഡ് ജേതാവായ ഛായാഗ്രാഹകന്‍ ഷെഹ്നാദ് ജലാല്‍, എഴുത്തുകാരി രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.

സുഹാസിനി, പി.ശേഷാദ്രി, ഭദ്രന്‍ എന്നിവര്‍ക്കു പുറമെ ഹിന്ദി, മലയാളം, തെലുങ്ക് സിനിമാ ഛായാഗ്രാഹകനായ സി.കെ മുരളീധരന്‍, സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മോഹന്‍ സിതാര, മൂന്ന് ദേശീയപുരസ്‌കാരം നേടിയ സൗണ്ട് ഡിസൈനര്‍ ഹരികുമാര്‍ മാധവന്‍ നായര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍.ശശിധരന്‍ എന്നിവരാണ് അന്തിമ ജൂറിയിലെ മറ്റ് അംഗങ്ങള്‍.

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിര്‍ണയ സമിതികളില്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും.

പ്രാഥമികജൂറിയില്‍ എട്ട് അംഗങ്ങളും അന്തിമ ജൂറിയില്‍ ഏഴ് അംഗങ്ങളുമാണ് ഉള്ളത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും നിരൂപകനുമായ ഡോ.പി.കെ രാജശേഖരനാണ് രചനാവിഭാഗം ജൂറിയുടെ ചെയര്‍മാന്‍. ചലച്ചിത്രനിരൂപകരായ ഡോ.മുരളീധരന്‍ തറയില്‍, ഡോ.ബിന്ദുമേനോന്‍, സി.അജോയ് (മെമ്ബര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ചിത്രത്തിന്റെ സ്‌ക്രീനിങ് തുടങ്ങി. 80 ചിത്രങ്ങളാണ് മത്സരത്തിനുള്ളത്. ഇവയില്‍ നാലെണ്ണം കുട്ടികള്‍ക്കുള്ള ചിത്രങ്ങളാണ്. ഇത്തവണ എല്ലാ വിഭാഗങ്ങളിലേക്കും കടുത്ത മത്സരമാണ് നടക്കുന്നത്.

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരരംഗത്തുള്ളത് ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരാണ്. മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും ഏറ്റമുട്ടുമ്‌ബോള്‍ ആരാധകരും ആകാംഷയിലാണ്.

മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കാന്‍ ശോഭന, അന്ന ബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന്‍ തുടങ്ങിയവരാണ് ഉള്ളത്.

vaccine

ന്യൂഡല്‍ഹി: ഇന്ത്യന്‍ കോവിഡ് വാക്‌സിനായ കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) യുടെ അനുമതി ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ല്യൂഎച്ച്ഒ കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ആരാഞ്ഞതോടെയാണിത്.

അനുമതി വൈകുന്നത് വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തതിനാല്‍ കോവാക്‌സിന്‍ വിവിധ ലോകരാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിരുന്നു എന്നാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നത്. അതിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ ലോകാരോഗ്യ സംഘടന ആരാഞ്ഞത്.

മൂന്നാംഘട്ടപരീക്ഷണത്തില്‍ കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയെന്നാണ് ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നത്. കോവാക്‌സിനും കോവിഷീല്‍ഡും വാക്‌സിനേഷന്‍ യജ്ഞത്തിന്റെ തുടക്കം മുതല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കുത്തിവെക്കുന്നുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സിനുകളില്‍ കോവിഷീല്‍ഡ് മാത്രമാണ് നിലവില്‍ ഡബ്ല്യൂഎച്ച്ഒയുടെ പട്ടികയിലുള്ളത്.

ഭാരത് ബയോടെകും ഐ.സി.എം.ആറും ചേര്‍ന്നാണ് കോവാക്‌സിന്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ കോവാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതിയുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഡബ്ല്യു.എച്ച്.ഒ അംഗീകരിക്കാത്തത് കൊണ്ട് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും മറ്റും കോവാക്‌സിനെ പരിഗണിച്ചിരുന്നല്ല.

ന്യൂഡൽഹി: ത്രിദിന സന്ദർശനം പൂർത്തിയാക്കി മടങ്ങവെ പ്രധാനമന്ത്രിയ്ക്ക് അമൂല്യമായ സമ്മാനമാണ് അമേരിക്ക നൽകിയത്. ഇന്ത്യൻ സംസ്‌കാരവുമായി ബന്ധപ്പെട്ട 157 പുരാവസ്തുക്കളാണ് അമേരിക്ക അദ്ദേഹത്തിന് നൽകിയത്. അമൂല്യമായ പുരാവസ്തു ശേഖരം ഇന്ത്യക്ക് കൈമാറുന്നതിൽ പ്രധാനമന്ത്രി അമേരിക്കയ്ക്ക് നന്ദി അറിയിച്ചു.

അമൂല്യങ്ങളായ പുരാവസ്തുക്കളുടെ മോഷണം, അനധികൃത വ്യാപാരം, കടത്ത് എന്നിവയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കി.

പത്താം നൂറ്റാണ്ടിൽ മണൽക്കല്ലിൽ തീർത്ത രേവന്തയുടെ 8.5 സെന്റിമീറ്റർ വരെ പ്രതിമ, 12-ാം നൂറ്റാണ്ടിലെ അതിമനോഹരമായ നടരാജ വെങ്കല പ്രതിമ തുടങ്ങിയവ 157 പുരാവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നു. അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയ പുരാവസ്തുക്കളിൽ കൂടുതൽ ശേഖരങ്ങൾ 11-14 നൂറ്റാണ്ടിലേതാണ്. ബിസി 2000 കാലഘട്ടത്തിലെയും രണ്ടാം നൂറ്റാണ്ടിലെയും ചെമ്പ്, ടെറാക്കോട്ട ശിൽപങ്ങളും ഉൾപ്പെടുന്നു. 45 ശിൽപങ്ങൾ ബിസി കാലഘട്ടത്തിലേതാണ്. 71 ശിൽപങ്ങൾ സാംസ്‌കാരികവും ബാക്കി ഹിന്ദുയിസം, ബുദ്ധിസം, ജൈനിസം എന്നിവയുമായി ബന്ധപ്പെട്ടതാണ്.

ലക്ഷ്മി നാരായണ, ബുദ്ധൻ, വിഷ്ണു, ശിവ പാർവതി, ജൈന തീർത്ഥങ്കരർ, കങ്കാല മൂർത്തി, ബ്രഹ്മി, നന്ദികേശ, ഗണപതി തുടങ്ങിയവരുടെ പ്രതിമകളാണ് ഏറെയും. കല്ലിലും ടെറാക്കോട്ടയിലും ലോഹങ്ങളിലുമാണ് പ്രതികൾ തീർത്തിരിക്കുന്നത്. അതിപുരാതനവും ബിസി 2000ത്തിലുള്ളതുമായ 45 ശിൽപങ്ങളും ഇവയിൽ ഉൾപ്പെടുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

മുംബൈ: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ മാന്യവാറിനെതിരെ മതവികാരം വ്രണപ്പെടുത്തുന്ന പരസ്യചിത്രം പിന്‍വലിക്കണമെന്നാവിശ്യപ്പെട്ട് ഹിന്ദു ജനജാഗ്രതി സമിതിയുടെ പ്രതിഷേധം.

പരസ്യത്തില്‍ കാണിച്ചിരിക്കുന്ന കന്യാദാന്‍ എന്ന വിവാഹ ചടങ്ങ് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നാണ് സംഘടനയുടെ ആക്ഷേപം. പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മുംബൈ നേവിയിലെ മാന്യവാര്‍ ഔട്ട്‌ലെറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.

പരസ്യം ഹിന്ദു ആചാരമായ കന്യാദാനത്തെ തെറ്റായി ചിത്രീകരിച്ചിരിക്കുന്നു. മതവികാരത്തെ വൃണപ്പെടുത്തുന്ന പരസ്യം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് സംഘടനയുടെ ആവശ്യം. പരസ്യം പിന്‍വലിച്ച് കമ്പനി മാപ്പ് പറയുന്നതുവരെ ബ്രാന്റിന്റെ വസ്ത്രങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി ആഹ്വാനം ചെയ്തു.

പ്രമുഖ ബോളിവുഡ് താരം ആലിയ ഭട്ടാണ് പരസ്യചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. നേരത്തെ ഇതേ പരസ്യത്തിന്റെ പേരില്‍ ആലിയക്കെതിരെ കങ്കണാ റണാവത്ത് രംഗത്ത് വന്നിരുന്നു. മതവും ന്യൂനപക്ഷ രാഷ്ട്രീയവും അവരുടെ നേട്ടത്തിനായി ഉപയോഗിക്കാനാണ് പരസ്യത്തിലൂടെ ശ്രമിക്കുന്നതെന്ന് കങ്കണ പറയുന്നത്.

കൊച്ചി: പുരാവസ്തു തട്ടിപ്പിന്റെ പേരിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി അടുപ്പമുണ്ടായിരുന്നുവെന്ന് ഡി ഐ ജി സുരേന്ദ്രൻ. തന്റെ കുടുംബത്തിലെ മിക്ക ചടങ്ങുകളിലും മോൻസൻ പങ്കെടുക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കമ്മിഷണർ ആയിരുന്ന അവസരത്തിലാണ് മോൻസണിനെ പരിചയപ്പെടുന്നത്. അതിനു ശേഷം തങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ മോൻസണിന്റെ ഇടപാടുകളിൽ തനിക്ക് ചില സംശയങ്ങൾ തോന്നിയിരുന്നു. അടുത്ത കാലത്തായി ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്നും സുരേന്ദ്രൻ വിശദമാക്കി. ആരിൽ നിന്നും പരാതികൾ ഒന്നും ലഭിക്കാത്തതിനാലാണ് മോൻസണിന്റെ ഇടപാടുകളെ കുറിച്ച് കൂടുതലായി അന്വേഷിക്കാത്തത്. മോൻസൺ നിയമവിരുദ്ധ ഇടപാടുകളെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ല. തന്റെ സാന്നിദ്ധ്യത്തിൽ പരാതിക്കാർ മോൻസണിന് പണം കൈമാറിയെന്ന് പറയുന്നത് ശരിയല്ല. തന്റെ സാന്നിദ്ധ്യത്തിൽ ആരും പണം കൈമാറ്റം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തുക്കൾ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച കോടികൾ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇത് നിയമ പോരാട്ടത്തിലൂടെ സ്വന്തമാക്കാൻ സഹായിച്ചാൽ 25 കോടി രൂപ പലിശരഹിത വായ്പ നൽകാമെന്നും വിശ്വസിപ്പിച്ചാണ് മോൻസൺ തട്ടിപ്പ് നടത്തിയത്. ആറു പേരിൽ നിന്നും മൂന്ന് വർഷത്തോളം മോൻസൺ തട്ടിപ്പ് നടത്തിയിരുന്നു.

കൊച്ചി: ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് തന്റേതായ ഇടം നേടിയ സംവിധായകനാണ് ഒമര്‍ ലുലു. ഇപ്പോഴിതാ തന്റെ വലിയ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.

ഹാപ്പി വെഡ്ഡിങ്ങ് എന്ന തന്റെ ആദ്യ സിനിമ ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ പോകുന്നതിന്റെ സന്തോഷമാണ് ഒമര്‍ ലുലു പങ്കുവെച്ചിരിക്കുന്നത്. പീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് തുടക്കമായി എന്നും ഈ വര്‍ഷം അവസാനം ഷൂട്ടിങ്ങ് തുടങ്ങാനാണ് പദ്ധതിയെന്നും ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഹാപ്പി വെഡ്ഡിങ്ങിനു ശേഷം ഒരു അഡാറ് ലവ്, ചങ്ക്‌സ്, ധമാക്ക എന്നീ സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഒരു ബോളിവുഡ് ഡയറക്ടര്‍ ആവണം എന്ന എന്റെ വലിയ ഒരു സ്വപ്നം നടക്കാന്‍ പോവുന്നു. ഹാപ്പിവെഡ്ഡിംഗ് എന്ന എന്റെ സിനിമയുടെ തന്നെ റീമേക്ക് ആണ് ഞാന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന ഹിന്ദി സിനിമ പ്രീപ്രൊഡക്ഷന്‍ വര്‍ക്ക് സ്റ്റാര്‍ട്ട് ചെയ്തു ഈ വര്‍ഷം അവസാനം ഷൂട്ടിംഗ് തുടങ്ങാന്‍ ആണ് പ്‌ളാന്‍. കാസ്റ്റ് ആന്റ് ക്രൂ ഫൈനല്‍ ആയിട്ട് പറയാം എല്ലായിപ്പോഴും ഒപ്പം നിന്ന ചങ്ക്‌സിനും ദൈവത്തിനും നന്ദി.

യസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി മലയാളത്തിലെ ബിഗ് ബഡ്‌ജെറ്റ് ചിത്രം ഒരുങ്ങുന്നു. ഹോം എന്ന സൂപ്പര്‍ ഹിറ്റ് സിനിമക്ക് ശേഷം റോജിന്‍ സംവിധാനം ചെയ്യുന്ന കത്തനാര്‍ പൂര്‍ണമായി വെര്‍ച്യുല്‍ പ്രൊഡക്ഷനില്‍ ഒരുങ്ങുന്ന ആദ്യ മലയാള സിനിമ കൂടിയാണ്. ഗോഗുലം മൂവീസിന്റെ ബാനറില്‍ ഗോഗുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ജംഗിള്‍ ബുക്ക്, ലയണ്‍ കിങ് തുടങ്ങിയ വിദേശ സിനിമകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിര്‍ച്യുല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന സിനിമയാണ് ‘കത്തനാര്‍’. അന്താരാഷ്ട്ര സിനിമകളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ കത്തനാരിലൂടെ മലയാള സിനിമയില്‍ അവതരിപ്പിക്കുകയാണ്

കേരളത്തിലെ സാങ്കേതിക പ്രവര്‍ത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാര്‍. ഏഴുഭാഷകളില്‍ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീപ്രൊഡക്ഷനും പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫിയും ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും.

ആലപ്പുഴ: മലബാര്‍ കലാപവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് ആവിഷ്‌കരിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ ചരിത്ര പ്രാധാന്യമുള്ളതാണെന്നും, അതിനാല്‍ ടൂറിസം സര്‍ക്യൂട്ടുമായി മുന്നോട്ട് ആരെങ്കിലും എത്തിയാല്‍ ടൂറിസം വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളും വിനോദ സഞ്ചാരത്തിന്റെ പരിധിയില്‍ എത്തണമെന്ന് മന്ത്രി പറഞ്ഞു.മലബാര്‍ കലാപത്തിന്റെ നൂറാം വര്‍ഷികത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നടത്തുന്ന സെമിനാറുകളുടെ ഉദ്ഘാടനം ആലപ്പുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മലബാര്‍ കലാപത്തിന്റെ ഭാഗമായി തിരൂരില്‍ നടന്ന വാഗണ്‍ ട്രാജഡി അല്ലെന്നും കൂട്ടക്കൊലയാണെന്നും അദ്ദേഹം പറഞ്ഞു. ട്രാജഡിയെന്നാല്‍ ദുരന്തമാണെന്നും അത് മനഃപൂര്‍വമുണ്ടാകുന്നതല്ലെന്നും അദ്ദേഹം പറയുന്നു.

തീവണ്ടി ബോഗിയില്‍ മനുഷ്യരെ ശ്വാസം മുട്ടിച്ചുകൊന്നത് മനഃപൂര്‍വമാണെന്നും അതിനെ കൂട്ടക്കൊലയെന്ന് തന്നെ പറയണമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. മലബാര്‍ കലാപം ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടി നടത്തിയ പോരാട്ടമായിരുന്നില്ലെന്നും വ്യത്യസ്തവിഭാഗം ആളുകള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

covid

വാഷിംഗ്ടൺ: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി ആരോഗ്യ വിദഗ്ധർ. കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതിനിടെയാണ് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ രംഗത്തെത്തിയത്.

നിലവിലുള്ളതിൽ ഏറ്റവും അപകടകാരിയായ ആർ വൺ ടൈപ്പ് വൈറസിനെ അമേരിക്കയിൽ വീണ്ടും കണ്ടെത്തിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ആർ വൺ ടൈപ്പ് വൈറസിനെ കഴിഞ്ഞ വർഷം ജപ്പാനിൽ കണ്ടെത്തിയിരുന്നു. മറ്റു ചില രാജ്യങ്ങളിലും ഈ വൈറസിന്റെ സാന്നിദ്ധ്യം റിപ്പോർട്ടു ചെയ്തിരുന്നു.

ലോകത്ത് ആർ വൺ വേരിയന്റ് വൈറസ് ബാധിച്ചവർ കുറവാണെന്നതാണ് ഏക ആശ്വാസം. എന്നാൽ ആർ വൺ വേരിയന്റ് ബാധിച്ചവരുടെ എണ്ണം എപ്പോൾ വേണമെങ്കിലും ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ തന്നെ ജാഗ്രത കൈവിടരുതെന്നും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വിട്ടുവീഴ്ച അരുതെന്നും വിദഗ്ദ്ധർ അറിയിച്ചു.

അതേസമയം അമേരിക്കയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇപ്പോൾ മാസ്‌ക് ധരിക്കാൻ കൂട്ടാക്കുന്നില്ലെന്ന വിവരവും പുറത്തു വരുന്നുണ്ട്. അമേരിക്കയിൽ ആർ വൺ വേരിയന്റ് വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ഇത് കൂടുതൽ അപകടത്തിന് ഇടയാക്കിയേക്കും എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള രാജ്യം അമേരിക്കയാണ്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അമേരിക്കയിൽ ഇതുവരെ കൊവിഡ് ബാധിച്ചത് 43,725,604 പേർക്കാണ്. ഏറ്റവും അധികം മരണ സംഖ്യ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതും അമേരിക്കയിലാണ്. 706,058 പേർക്കാണ് അമേരിക്കയിൽ കോവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.