വാഷിംഗ്ടണ്‍: പ്രധാനമന്ത്രിയുടെ സിംപിള്‍ സ്റ്റൈല്‍ വിമാനയാത്ര ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. മറ്റു ഭരണാധികാരികള്‍ വിദേശയാത്ര നടത്തുമ്പോള്‍ ആളെക്കൂട്ടി ആര്‍ഭാടം നടത്തുന്നതു പോലെയല്ല മോദിയുടെ രീതി എന്നതാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
ഒരു യാത്രയില്‍ കൂടുതല്‍ ലക്ഷ്യങ്ങള്‍ എന്ന മന്ത്രമാണ് അദ്ദേഹം സ്വീകരിക്കുന്നത്. ഇതിനായി ഒന്നിലേറെ രാജ്യങ്ങള്‍ സന്ദര്‍ശക പട്ടികയില്‍ ഉള്‍പ്പെടുത്തുകയും, പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വിശ്രമിക്കുന്ന മുന്‍ ഭരണാധികാരകളുടെ രീതികള്‍ പാടേ മാറ്റി, ആ സമയം മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാനയാത്രയ്ക്ക് ഉപയോഗിക്കുന്ന സ്വഭാവവും മോദി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ കൊവിഡ് കാലത്തെ അമേരിക്കന്‍ യാത്രയിലും പതിവ് രീതികള്‍ പിന്തുടരുകയാണ് അദ്ദേഹം.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ത്രിദിന അമേരിക്കന്‍ യാത്രയ്ക്ക് ഇത്തവണ പ്രത്യേകതകള്‍ ഏറെയാണ്. ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതല ഏറ്റശേഷം ഇരു ഭരണാധികാരികളും ആദ്യമായി നടത്തുന്ന കൂടിക്കാഴ്ചയാണിത്. കൂടാതെ ഇക്കുറി യാത്ര പുതുതായി വാങ്ങിയ എയര്‍ ഇന്ത്യ വണ്‍ വിമാനത്തിലാണെന്നതാണ് മറ്റൊരു പ്രത്യേകത. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് സഞ്ചരിക്കുന്നതിന് വേണ്ടി രണ്ട് വിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. 13 മണിക്കൂര്‍ ഇടവേളയില്ലാതെ പറക്കാന്‍ കഴിയുന്ന വിമാനങ്ങള്‍ 4500 കോടി രൂപ മുടക്കി കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യ സ്വന്തമാക്കിയത്.
എന്നാല്‍ പുത്തന്‍ വിമാനത്തിലെ യാത്രയില്‍ മോദി പങ്കുവച്ച ചിത്രം ഫയലുകള്‍ പരിശോധിക്കുന്നതാണ്. ഒരു നീണ്ട വിമാനയാത്ര നല്‍കുന്നത് നിരവധി ഫയലുകള്‍ പരിശോധിക്കുന്നതിനുള്ള അവസരം കൂടിയാണെന്ന് അദ്ദേഹം ഈ ചിത്രത്തിന് കുറിപ്പായി ചേര്‍ത്തിട്ടുമുണ്ട്.

