Highlights (Page 175)

തിരുവനന്തപുരം: സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ഈ മാസം 25 മുതലാണ് സിനിമാ തീയറ്ററുകള്‍ തുറക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം. നേരത്തെ, 50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റര്‍ ഉടമകള്‍ ആവശ്യമറിയിച്ചിരുന്നു.

കൂടാതെ, സംസ്ഥാനത്ത് ഗ്രാമസഭകള്‍ ചേരാനും അവലോകന യോഗത്തില്‍ അനുമതി നല്‍കി. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഗ്രാമസഭകള്‍ ചേര്‍ന്നിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അനുമതി നല്‍കിയത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ഉയര്‍ത്താനും അവലോകന യോഗത്തില്‍ തീരുമാനിച്ചു.

ന്യൂഡല്‍ഹി: രാജ്യം ഇന്ന് മഹാത്മാ ഗാന്ധിയുടെ 152-ാം ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്. വിപുലമായ പരിപാടികളോടെയാണ് രാജ്യം ഗാന്ധി ജയന്തി ആഘോഷിച്ചത്. എക്കാലത്തെക്കാളും ഗാന്ധിയന്‍ സന്ദേശങ്ങള്‍ പ്രസക്തമായ കാലഘട്ടമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധി ജയന്തി ദിന പ്രസ്താവനയില്‍ വ്യക്തമാക്കി.

”ഗാന്ധിജയന്തി ദിനത്തില്‍ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാന്‍ നമിക്കുന്നു. അദ്ദേഹത്തിന്റെ ഉദാത്തമായ തത്ത്വങ്ങള്‍ ആഗോളതലത്തില്‍ പ്രസക്തമാണ്”. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അത് ശക്തി നല്‍കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാജ് ഘട്ടില്‍ കൊവിഡ് ചട്ടങ്ങള്‍ പാലിച്ചായിരുന്നു ജയന്തി ആഘോഷങ്ങള്‍. ക്ഷണിയ്ക്കപ്പെട്ടവരും മാധ്യമപ്രപര്‍ത്തകരും ഉള്‍പ്പടെയുള്ള 500ല്‍ താഴെ ആളുകള്‍ക്ക് മാത്രമേ രാജ്ഘട്ടിലേയ്ക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. പ്രധാനമന്ത്രി രാഷ്ട്രപതി, ഉപരാഷ്ട്രപതി, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങിയ നിരവധി പേര്‍ രാജ് ഘട്ടിലെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി ആദരജ്ഞ്ഞലികള്‍ അര്‍പ്പിച്ചു. സ്വച്ച് ഭാരത് പദ്ധതിയുടെ അടുത്ത ഘട്ടത്തിന്റെ ഉത്ഘാടനവും ഇന്ന് നടന്നു.

ഗാന്ധി ജയന്തിയുടെ ഭാഗമായ് സര്‍വമത പ്രാര്‍ത്ഥനയും രാജ്ഘട്ടില്‍ നടന്നിരുന്നു. ഗാന്ധിജിയുടെ ജന്മം കൊണ്ട് പ്രശസ്തമായ ഗുജറാത്തിലെ പോര്‍ബന്ധറിലും വിവിധ പരിപാടികളോടെ ആണ് ജയന്തി സമുചിതമായ് ആചരിച്ചത്. ഡല്‍ഹിയിലെ കേരള ഹൗസിലും ഗാന്ധി ജയന്തി ആചരിച്ചു.

ന്യൂഡൽഹി: പാക് സൈനികരെ മുൻനിർത്തി ചൈന ഇന്ത്യയ്‌ക്കെതിരെ രഹസ്യ നീക്കം നടത്തുവെന്ന് റിപ്പോർട്ട്. ഇന്റിലിജൻസ് ഏജൻസികളാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ചൈനീസ് സൈന്യത്തിന്റെ പടിഞ്ഞാറൻ, ദക്ഷിണ തിയേറ്റർ കമാൻഡുകളിൽ പാകിസ്താൻ സൈനിക ഓഫീസർമാരെ നിയമിക്കുന്നതായാണ് വിവരം. ഇക്കാര്യം സംബന്ധിച്ച് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആസ്ഥാനത്ത് ഇരു രാജ്യങ്ങളും തമ്മിൽ രഹസ്യ ചർച്ചകളും നീക്കങ്ങളും നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ജനറൽ വാങ് ഹൈജിയാങ്ങിനെ കഴിഞ്ഞ മാസം ചൈന വെസ്റ്റേൺ തിയറ്റർ കമാൻഡിന്റെ പുതിയ കമാൻഡറായി നിയമിച്ചിരുന്നു. ചൈനയുടെ വെസ്റ്റേൺ തിയേറ്റർ കമാൻഡിൽ ഉൾപ്പെടുന്ന സിൻജിയാംഗും ടിബറ്റ് സ്വയംഭരണ പ്രദേശവും ഇന്ത്യയുമായി അതിർത്തികൾ പങ്കിടുന്നവയാണ്. ഈ കമാൻഡിൽ നിന്നുള്ള ചൈനീസ് സൈനികരെ കിഴക്കൻ ലഡാക്ക് മേഖലയിൽ ചൈന വിന്യസിക്കുന്നുണ്ട്.

അതിർത്തിയിലെ സ്ഥിതിഗതികലും ചൈനയുടെ നീക്കങ്ങളും ഇന്ത്യ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. പാകിസ്താൻ സേനയിലെ കേണൽ റാങ്ക് ഓഫീസർമാരെ ചൈനയുടെ കേന്ദ്ര സൈനിക കമ്മിഷന്റെ ജോയിന്റ് സ്റ്റാഫ് ഡിപ്പാർട്ട്മെന്റിൽ നിയമിച്ചിട്ടുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. പാകിസ്താൻ സൈന്യത്തിലെ 10 അധിക ഉദ്യോഗസ്ഥരെ വിവിധ പ്രോജക്ടുകൾക്കായി ബെയ്ജിംഗിലെ പാകിസ്താൻ എംബസിയിൽ നിയമിക്കുകയും ചെയ്തുവെന്നാണ് വിവരം.

വിവിധ വിഭാഗങ്ങളിലെ പാകിസ്തൻ സൈനിക ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിച്ചുവെന്നും റിപ്പോർട്ടുണ്ട്. പാകിസ്താൻ സേനയിലെ കേണൽ റാങ്ക് ഓഫീസർമാരെ ചൈനയുടെ കേന്ദ്ര സൈനിക കമ്മീഷന്റെ ജോയിന്റ് സ്റ്റാഫ് ഡിപ്പാർട്ട്മെന്റിൽ നിയമിച്ചിട്ടുണ്ട്. ചൈനയുടെ സായുധ സേനയുടെ പോരാട്ട ആസൂത്രണം, പരിശീലനം, തന്ത്രങ്ങൾ മെനയൽ എന്നിവ നടക്കുന്ന ഇടങ്ങളാണിത്.

ശിവാജി ഗണേശന്റെ ജന്മദിനമായ ഇന്ന് ആദരവുമായി ഗൂഗിള്‍. ശിവാജിയുടെ ഡൂഡിള്‍ ചിത്രികരിച്ചാണ് ഗൂഗിള്‍ ശിവാജിയുടെ ജന്മവാര്‍ഷികത്തില്‍ ആദരവ് നല്‍കിയത്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കലാകാരന്‍ നൂപൂര്‍ രാജേഷ് ചോക്സിയാണ് ഡൂഡിനു പിന്നില്‍.

1928 ഒക്ടോബര്‍ 1 ന് തമിഴ്നാട്ടിലെ വില്ലുപുരത്താണ് ഒരു സാധാരണ റെയില്‍വേ ജീവനക്കാരന്റെ മകനായാണ് ശിവാജി ഗണേശന്‍ ജനിച്ചത്. ഏഴാമത്തെ വയസ്സില്‍, അദ്ദേഹം വീട് വിട്ട് ഒരു നാടക സംഘത്തില്‍ ചേര്‍ന്നു. നിരവധി വേഷങ്ങള്‍ മാറി മാറി ചെയ്തു. അതില്‍ അദ്ദേഹം ബാലനായും സ്ത്രീയായും വരെ തിളങ്ങിയവയുണ്ടായി.

1945 ഡിസംബറില്‍, പതിനേഴാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ഭരാണാധികാരിയായിരുന്നു ഛത്രപതി ശിവജിയുടെ നാടക ചിത്രീകരണത്തിലൂടെ ഗണേശന്‍ ശിവാജി ഗണേശന്‍ എന്ന പേര് നേടി. പില്‍ക്കാലത്ത് അദ്ദേഹം തമഴ് അഭിനയ ലോകം കീഴടക്കിയപ്പോള്‍ ശിവാജി എന്ന് പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു.

പിന്നീട് അഞ്ച് ദശാബ്ദങ്ങള്‍ തമിഴ് സിനിമയുടെ മിന്നും താരമായി മാറുകയായിരുന്നു അദ്ദേഹം. 1952-ലെ പരാശക്തിയില്‍ തുടങ്ങി 300 ഓളം ചിത്രങ്ങളില്‍ അദ്ദേഹം നിറഞ്ഞാടി.

വീര പാണ്ഡ്യ കട്ടബൊമ്മന് 1960-ല്‍ അന്താരാഷ്ട്ര പുരസ്‌കാരവും ലഭിച്ചു. അന്താരാഷ്ട്ര സിനിമ ഫെസ്റ്റിവലില്‍ ആദ്യമായായിരുന്നു ഒരു ഇന്ത്യന്‍ നടന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടുന്നത്.

ദുബായ്: ഹൈദരാബാദിനെ കീഴടക്കിയതോടെ ഐപിഎല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഹൈദരാബാദ് മുന്നില്‍വെച്ച 134 എന്ന സ്‌കോര്‍ ചെന്നൈ പൊരുതി മറികടന്നു. ഹൈദരാബാദിനെതിരെ ആറു വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ജയിച്ചത്.

ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദ്(45) ഡ്യൂപ്ലെസി(41) എന്നിവര്‍ ബാറ്റിംഗില്‍ അടിത്തറ പാകി. ചെന്നൈ നിരയില്‍ മൊയീന്‍ അലി(17) സുരേഷ് റയ്ന(2) എന്നിവര്‍ പെട്ടന്ന് പുറത്തായെങ്കിലും നിര്‍ണ്ണായക സമയത്ത് ഉറച്ചുനിന്ന അമ്പാട്ടി റായിഡുവും ധോണിയും ടീമിന് 9-ാം ജയം സമ്മാനിച്ചു. ജയിക്കാന്‍ രണ്ടു പന്തില്‍ രണ്ടു റണ്‍സ് എന്ന നിലയിലെത്തി നില്‍ക്കേയാണ് നായകന്‍ ധോണി സിക്‌സര്‍ പറത്തി വിജയ റണ്‍ നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹ(44)ക്ക് മാത്രമാണ് എന്തെങ്കിലും ചെയ്യാനായത്. ലോകോത്തര താരവും നായകനുമായ കെയിന്‍ വില്യംസണിനെയടക്കം ചെന്നൈ ബൗളര്‍മാര്‍ വീഴ്ത്തി.

ജാസണ്‍ റോയ്(2), പ്രിയം ഗാര്‍ഗ്(7), അഭിശേക് ശര്‍മ്മ(18) എന്നിവര്‍ വീണതോടെ ഹൈദരാബാദ് 7ന് 134 എന്ന നിലയിലേക്ക് ഒതുങ്ങി. ഹേസല്‍വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബ്രാവോ രണ്ടു വിക്കറ്റുകളും ഷാര്‍ദ്ദൂല്‍ ഠാക്കൂര്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

തിരുവനന്തപുരം: കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ അനുമതിയായി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയനീക്കം.

ദൃശ്യങ്ങളില്‍ കൃത്രിമം കാണിക്കുന്നത് ഒഴിവാക്കാന്‍, പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സ്റ്റേഷനുകളില്‍ സൂക്ഷിക്കാതെ സംസ്ഥാന ഡേറ്റാ സെന്ററില്‍ സൂക്ഷിക്കാനും ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശിച്ചു. സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ശേഖരിക്കുന്ന ദൃശ്യങ്ങള്‍ ഡേറ്റാ സെന്ററിലേക്കു കൃത്യമായി കൈമാറുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. ദൈനംദിന ദൃശ്യങ്ങള്‍ ഡേറ്റാ സെന്ററിലേക്കു തടസ്സമില്ലാതെ കൈമാറാന്‍ സൗകര്യം ഒരുക്കണമെന്ന് ആഭ്യന്തര സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

520 പൊലീസ് സ്റ്റേഷനുകളില്‍ ക്യാമറ സ്ഥാപിക്കാന്‍ 41.60 കോടിരൂപയാണ് ചെലവ്. വാങ്ങുന്ന ക്യാമറകള്‍ക്ക് 5 വര്‍ഷം വാറന്റി വേണം. ഇടെന്‍ഡര്‍ നടപടികളിലൂടെയാകണം കമ്പനികളെ തിരഞ്ഞെടുക്കേണ്ടത്. പൊലീസിലെ സാങ്കേതിക സമിതി പദ്ധതിയുടെ ഓരോ ഘട്ടവും പരിശോധിച്ച് സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്നാണ് പൊലീസ് സ്റ്റേഷന്റെ പ്രവേശന കവാടങ്ങള്‍, പിന്‍വശം, ലോക്കപ്പ്, ഇടനാഴി, വരാന്ത, ഔട്ട്ഹൗസ്, റിസപ്ഷന്‍, പരിസരം, ശുചിമുറിയുടെ പുറംഭാഗം, ഇന്‍സ്പെക്ടറുടെ മുറി എന്നിവിടങ്ങളിലെല്ലാം ക്യാമറ സ്ഥാപിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്. ദൃശ്യം മാത്രമല്ല, ശബ്ദവും പകര്‍ത്താവുന്നതും രാത്രിദൃശ്യങ്ങള്‍ വ്യക്തമായി ലഭ്യമാകുന്ന റെക്കോര്‍ഡിങ് സംവിധാനം വേണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

തിരുവനന്തപുരം: കോവിഡ് മരണം നിശ്ചയിക്കാൻ മാർഗ രേഖ പുറത്തിറക്കി സർക്കാർ. നഷ്ടപരിഹാര വിതരണത്തിന് മുന്നോടിയായാണ് സർക്കാർ മാർഗരേഖ പുറത്തിറക്കിയത്. മരണ സ്ഥിരീകരണ സർട്ടിഫിക്കറ്റിനായി ഒക്ടോബർ 10 മുതൽ ഓൺലൈൻ ആയി അപേക്ഷ നൽകണമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടാത്ത മരണങ്ങൾ പ്രത്യേകമായി പ്രസിദ്ധീകരിക്കാനും തീരുമാനമായി. മരണ സ്ഥിരീകരണ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകാൻ ഇ-ഹെൽത്ത് പ്രത്യേക സംവിധാനം തയാറാക്കും.

ആരോഗ്യ- തദ്ദേശ വകുപ്പുകൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ സഹിതമാണ് ആശ്രിതർ അപേക്ഷ സമർപ്പിക്കേണ്ടത്. അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ്, ഡിഎംഒ, ഡിസ്ട്രിക് സർവൈലൻസ് ടീം- മെഡിക്കൽ ഓഫീസർ, മെഡിക്കൽ കൊളോജിലെ മെഡിസിൻ തലവൻ, പൊതുജനാരോഗ്യ വിദഗ്ധൻ തുടങ്ങിയവർ അംഗങ്ങളായ കമ്മിറ്റി പുതിയ കേന്ദ്ര മാനദണ്ഡ പ്രകാരം കോവിഡ് മരണം തീരുമാനിക്കും.

കോവിഡ് വന്ന് 30 ദിവസത്തിനകത്തുള്ള മരണങ്ങൾ കോവിഡ് മരണമായി കണക്കാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനമുണ്ടാകും. ഇതിനു മുന്നോടിയായി കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിക്കുമെന്നും ആദ്യ തരംഗ സമയത്തുൾപ്പെടെയുള്ള മരണങ്ങൾ പ്രത്യേക പട്ടികയായി രേഖപ്പെടുത്തുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നഷ്ടപരിഹാര തുക വിതരണത്തിന് ദുരന്ത നിവാരണ വകുപ്പ് പ്രത്യേക മാനദണ്ഡം നിശ്ചയിക്കും. ഇതുവരെ ഔദ്യോഗിക മരണസംഖ്യ കാൽ ലക്ഷമാണ്. പുതുതായി പതിനായിരത്തോളം മരണങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

പുതുക്കിയ കേന്ദ്ര മാനദണ്ഡം വരുമ്പോൾ ഔദ്യോഗിക മരണസംഖ്യ 35000 ത്തോളമാകും. 50000 രൂപ വീതമാണ് നഷ്ടപരിഹാരം. ഔദ്യോഗിക കണക്ക് മാത്രമെടുത്താൽ തന്നെ 125 കോടിയിലേറെ രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യമായി വരും. കോവിഡ് നെഗറ്റീവായിട്ടും ഒരു മാസത്തിലധികം ആശുപത്രിയിൽ ചികിത്സയിൽ തുടരേണ്ടിവന്ന് മരിച്ചവരും കോവിഡ് മരണങ്ങളുടെ പട്ടികയിൽ വരും. ഈ മാനദണ്ഡങ്ങൾ അനുസരിച്ചാകും സംസ്ഥാനം കോവിഡ് മരണപട്ടിക പരിഷ്‌കരിക്കുന്നത്.

ജനീവ: കോംഗോയിൽ ലോകാരോഗ്യ സംഘടനാ പ്രവർത്തകർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എബോള നിർമ്മാർജന പ്രവർത്തനങ്ങൾക്കെത്തിയ ലോകാരോഗ്യ സംഘടനാ പ്രവർത്തകർ സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതായാണ് ലോകാരോഗ്യ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. സംഘടന സ്വതന്ത്രമായി നടത്തിയ അന്വേഷണത്തിലാണ് ഇത്തരം 83 കേസുകൾ കണ്ടെത്തിയത്. ഇതിൽ 9 പീഡന ആരോപണങ്ങളും ഉൾപ്പെടുന്നുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

ലോകാരോഗ്യ സംഘടനാ ജീവനക്കാരായ 20 അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയത്. 2018 മുതൽ 2020 വരെ നീണ്ടു നിന്ന കാലയളവിൽ പ്രാദേശികമായും കോംഗോയിലെ അന്താരാഷ്ട്ര സംഘടനകളുടെ ഭാഗമായും പ്രവർത്തിച്ചവരാണ് സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയത്. 35 പേജുള്ള അന്വേഷണ റിപ്പോർട്ട് ലോകാരോഗ്യസംഘടന അന്വേഷണ സംഘം പുറത്തുവിട്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഭാഗമായി എബോള നിർമ്മാർജനത്തിന് എത്തിയവർ തങ്ങളെ ഉപദ്രവിക്കുകയായിരുന്നു എന്നാണ് ലൈംഗിക അതിക്രമം നേരിട്ട കോംഗോയിലെ സ്ത്രീകൾ അന്വേഷണ കമ്മീഷനെ അറിയിച്ചത്. കോംഗോയിലെ അൻപതിലധികം സ്ത്രീകളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയത്.

പീഡനത്തിന് ശേഷം ചിലർ ഗർഭിണികളാകുകയും അബോർഷന് വേണ്ടി നിർബന്ധിക്കപ്പെട്ടതായും സ്ത്രീകൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. കുറ്റാരോപിതരായ 83 പേരെ അന്വേഷണ സംഘം തിരിച്ചറിയുകയും ചെയ്തു. ഇവരിൽ കോംഗോ പൗരന്മാരും വിദേശികളും ഉൾപ്പെടുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ സംഘടനാ പ്രവർത്തനത്തിലെ പിഴവാണ് സംഭവങ്ങൾ തെളിയിക്കുന്നതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്നാണ് വിവരം.

വർഷങ്ങളായി കോംഗോ നിരവധി സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും പുറത്തു വന്നിരിക്കുന്ന വാർത്തകൾ ഒട്ടും സ്വീകാര്യമല്ലെന്നും കോംഗോയിലെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന ആക്ഷൻ ആൻഡ് ഡെവലപ്പ്‌മെന്റ് ഇനീഷ്യേറ്റീവ് സ്ഥാപകയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പാസ്സി മലബമ അറിയിച്ചു.

തെലുങ്ക് സൂപ്പര്‍ താരം വിജയ് ദേവരകൊണ്ട നായകനാകുന്ന സ്പോര്‍ട്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ലിഗറിലൂടെ ഇന്ത്യന്‍ സിനിമയുടെ ഭാഗമാകാന്‍ ചരിത്രത്തിലാദ്യമായി മൈക്ക് ടൈസണും എത്തുന്നു.

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലിഗറില്‍ ഒരു ബോക്സറായാണ് വിജയ് ദേവരകൊണ്ട അഭിനയിക്കുന്നത്. ചിത്രത്തില്‍ വിജയ്‌യുടെ പരിശീലകനായാണ് ടൈസണ്‍ പ്രത്യക്ഷപ്പെടുക. നടന്‍ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വിവരം വെളിപ്പെടുത്തിയത്.

മുന്‍പ് നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ മുഖംകാണിച്ചിട്ടുണ്ടെങ്കിലും ടൈസണ്‍ ഇതുവരെ ഇന്ത്യന്‍ സിനിമയുടെ ഭാഗമായിട്ടില്ല. തെലുങ്കിന് പുറമേ തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം ഒരുക്കിയിട്ടുണ്ട്.

കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായിക ബോളിവുഡ് താരം അനന്യ പാണ്ഡെയാണ്. ധര്‍മ്മ പ്രൊഡക്ഷന്‍സും പുരി കണക്ട്സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയിലും മുംബൈയിലുമാണ് നടന്നത്.

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് കപിൽ സിബൽ. പഞ്ചാബ് കോൺഗ്രസിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പാർട്ടി ഉന്നത നേതൃത്വത്തെ വിമർശിച്ച് രംഗത്തെത്തിയത്. പ്രസിഡന്റ് ഇല്ലാതെ പാർട്ടി മുന്നോട്ടു പോകുന്നത് തുടരുകയാണെന്നും ആരാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് ആർക്കും അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തങ്ങളുടെ പാർട്ടിയിൽ പ്രസിഡന്റ് ഇല്ല. അതുകൊണ്ടു തന്നെ ആരാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് തങ്ങൾക്ക് അറിയുകയില്ല. ഞങ്ങൾക്കറിയാം, എന്നാലും അറിയില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആരെയും പേരെടുത്തു പറഞ്ഞായിരുന്നില്ല, സിബലിന്റെ വിമർശനം. പഞ്ചാബ് വിഷയത്തിൽ തീരുമാനം കൈക്കൊണ്ട കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉദ്ദേശിച്ചായിരുന്നു സിബലിന്റെ പരാമർശങ്ങളെന്നാണ് റിപ്പോർട്ട്. തങ്ങൾ ഗ്രൂപ്പ് 23 ആണെന്നും അല്ലാതെ ‘ജി ഹുസൂർ-23’ (ശരി അങ്ങുന്നേ) അല്ലെന്നും കബിൽ സിബൽ വ്യക്തമാക്കി.

അതേസമയം പാർട്ടിയിലെ തുടർച്ചയായ കൊഴിഞ്ഞുപോക്കിന്റെയും പഞ്ചാബ് പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ പ്രവർത്തക സമിതി യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് ജി 23-ൽ ഉൾപ്പെട്ട മറ്റൊരു നേതാവായ ഗുലാം നബി ആസാദ് കോൺഗ്രസ് താത്ക്കാലിക അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു. ‘എന്തുകൊണ്ടാണ് ആളുകൾ വിട്ടുപോകുന്നത്? നമ്മുടെ കുഴപ്പം കൊണ്ടാണോ എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. അടിയന്തരമായി കോൺഗ്രസ് പ്രവർത്തകസമിതി വിളിച്ചുചേർക്കണം. അങ്ങനെയെങ്കിൽ ചുരുങ്ങിയത് ഒരു ചർച്ചയെങ്കിലും നടക്കും. ഞങ്ങൾ പാർട്ടിയുടെ തത്വസംഹിത ഉപേക്ഷിക്കുകയോ മറ്റെവിടേക്കെങ്കിലും പോവുകയോ ഇല്ല. അവരോട് (നേതൃത്വം) അടുപ്പമുള്ളവർ പാർട്ടി വിടുകയും അവരോട് അടുപ്പമില്ലെന്ന് കരുതുന്നവർ ഇപ്പോഴും പാർട്ടിയിൽ തുടരുകയും ചെയ്യുന്നു എന്നതാണ് കോൺഗ്രസിലെ വൈരുധ്യമെന്നും അദ്ദേഹം പറഞ്ഞു.