ഐപിഎല്‍; പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ചെന്നൈ, ഹൈദരാബാദിനെതിരെ ആറു വിക്കറ്റ് ജയം

ദുബായ്: ഹൈദരാബാദിനെ കീഴടക്കിയതോടെ ഐപിഎല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഹൈദരാബാദ് മുന്നില്‍വെച്ച 134 എന്ന സ്‌കോര്‍ ചെന്നൈ പൊരുതി മറികടന്നു. ഹൈദരാബാദിനെതിരെ ആറു വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ജയിച്ചത്.

ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദ്(45) ഡ്യൂപ്ലെസി(41) എന്നിവര്‍ ബാറ്റിംഗില്‍ അടിത്തറ പാകി. ചെന്നൈ നിരയില്‍ മൊയീന്‍ അലി(17) സുരേഷ് റയ്ന(2) എന്നിവര്‍ പെട്ടന്ന് പുറത്തായെങ്കിലും നിര്‍ണ്ണായക സമയത്ത് ഉറച്ചുനിന്ന അമ്പാട്ടി റായിഡുവും ധോണിയും ടീമിന് 9-ാം ജയം സമ്മാനിച്ചു. ജയിക്കാന്‍ രണ്ടു പന്തില്‍ രണ്ടു റണ്‍സ് എന്ന നിലയിലെത്തി നില്‍ക്കേയാണ് നായകന്‍ ധോണി സിക്‌സര്‍ പറത്തി വിജയ റണ്‍ നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹ(44)ക്ക് മാത്രമാണ് എന്തെങ്കിലും ചെയ്യാനായത്. ലോകോത്തര താരവും നായകനുമായ കെയിന്‍ വില്യംസണിനെയടക്കം ചെന്നൈ ബൗളര്‍മാര്‍ വീഴ്ത്തി.

ജാസണ്‍ റോയ്(2), പ്രിയം ഗാര്‍ഗ്(7), അഭിശേക് ശര്‍മ്മ(18) എന്നിവര്‍ വീണതോടെ ഹൈദരാബാദ് 7ന് 134 എന്ന നിലയിലേക്ക് ഒതുങ്ങി. ഹേസല്‍വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബ്രാവോ രണ്ടു വിക്കറ്റുകളും ഷാര്‍ദ്ദൂല്‍ ഠാക്കൂര്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.