പാക് സൈനികരെ മുൻനിർത്തി ചൈന ഇന്ത്യയ്‌ക്കെതിരെ രഹസ്യ നീക്കം നടത്തുന്നു; ഇന്റിലിജൻസ് റിപ്പോർട്ട്

ന്യൂഡൽഹി: പാക് സൈനികരെ മുൻനിർത്തി ചൈന ഇന്ത്യയ്‌ക്കെതിരെ രഹസ്യ നീക്കം നടത്തുവെന്ന് റിപ്പോർട്ട്. ഇന്റിലിജൻസ് ഏജൻസികളാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ചൈനീസ് സൈന്യത്തിന്റെ പടിഞ്ഞാറൻ, ദക്ഷിണ തിയേറ്റർ കമാൻഡുകളിൽ പാകിസ്താൻ സൈനിക ഓഫീസർമാരെ നിയമിക്കുന്നതായാണ് വിവരം. ഇക്കാര്യം സംബന്ധിച്ച് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആസ്ഥാനത്ത് ഇരു രാജ്യങ്ങളും തമ്മിൽ രഹസ്യ ചർച്ചകളും നീക്കങ്ങളും നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ജനറൽ വാങ് ഹൈജിയാങ്ങിനെ കഴിഞ്ഞ മാസം ചൈന വെസ്റ്റേൺ തിയറ്റർ കമാൻഡിന്റെ പുതിയ കമാൻഡറായി നിയമിച്ചിരുന്നു. ചൈനയുടെ വെസ്റ്റേൺ തിയേറ്റർ കമാൻഡിൽ ഉൾപ്പെടുന്ന സിൻജിയാംഗും ടിബറ്റ് സ്വയംഭരണ പ്രദേശവും ഇന്ത്യയുമായി അതിർത്തികൾ പങ്കിടുന്നവയാണ്. ഈ കമാൻഡിൽ നിന്നുള്ള ചൈനീസ് സൈനികരെ കിഴക്കൻ ലഡാക്ക് മേഖലയിൽ ചൈന വിന്യസിക്കുന്നുണ്ട്.

അതിർത്തിയിലെ സ്ഥിതിഗതികലും ചൈനയുടെ നീക്കങ്ങളും ഇന്ത്യ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. പാകിസ്താൻ സേനയിലെ കേണൽ റാങ്ക് ഓഫീസർമാരെ ചൈനയുടെ കേന്ദ്ര സൈനിക കമ്മിഷന്റെ ജോയിന്റ് സ്റ്റാഫ് ഡിപ്പാർട്ട്മെന്റിൽ നിയമിച്ചിട്ടുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. പാകിസ്താൻ സൈന്യത്തിലെ 10 അധിക ഉദ്യോഗസ്ഥരെ വിവിധ പ്രോജക്ടുകൾക്കായി ബെയ്ജിംഗിലെ പാകിസ്താൻ എംബസിയിൽ നിയമിക്കുകയും ചെയ്തുവെന്നാണ് വിവരം.

വിവിധ വിഭാഗങ്ങളിലെ പാകിസ്തൻ സൈനിക ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിച്ചുവെന്നും റിപ്പോർട്ടുണ്ട്. പാകിസ്താൻ സേനയിലെ കേണൽ റാങ്ക് ഓഫീസർമാരെ ചൈനയുടെ കേന്ദ്ര സൈനിക കമ്മീഷന്റെ ജോയിന്റ് സ്റ്റാഫ് ഡിപ്പാർട്ട്മെന്റിൽ നിയമിച്ചിട്ടുണ്ട്. ചൈനയുടെ സായുധ സേനയുടെ പോരാട്ട ആസൂത്രണം, പരിശീലനം, തന്ത്രങ്ങൾ മെനയൽ എന്നിവ നടക്കുന്ന ഇടങ്ങളാണിത്.