കോവിഡ് മരണം നിശ്ചയിക്കാൻ മാർഗ രേഖ; മരണ സ്ഥിരീകരണ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകാൻ ഇ-ഹെൽത്ത് പ്രത്യേക സംവിധാനം തയാറാക്കും

തിരുവനന്തപുരം: കോവിഡ് മരണം നിശ്ചയിക്കാൻ മാർഗ രേഖ പുറത്തിറക്കി സർക്കാർ. നഷ്ടപരിഹാര വിതരണത്തിന് മുന്നോടിയായാണ് സർക്കാർ മാർഗരേഖ പുറത്തിറക്കിയത്. മരണ സ്ഥിരീകരണ സർട്ടിഫിക്കറ്റിനായി ഒക്ടോബർ 10 മുതൽ ഓൺലൈൻ ആയി അപേക്ഷ നൽകണമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടാത്ത മരണങ്ങൾ പ്രത്യേകമായി പ്രസിദ്ധീകരിക്കാനും തീരുമാനമായി. മരണ സ്ഥിരീകരണ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകാൻ ഇ-ഹെൽത്ത് പ്രത്യേക സംവിധാനം തയാറാക്കും.

ആരോഗ്യ- തദ്ദേശ വകുപ്പുകൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ സഹിതമാണ് ആശ്രിതർ അപേക്ഷ സമർപ്പിക്കേണ്ടത്. അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ്, ഡിഎംഒ, ഡിസ്ട്രിക് സർവൈലൻസ് ടീം- മെഡിക്കൽ ഓഫീസർ, മെഡിക്കൽ കൊളോജിലെ മെഡിസിൻ തലവൻ, പൊതുജനാരോഗ്യ വിദഗ്ധൻ തുടങ്ങിയവർ അംഗങ്ങളായ കമ്മിറ്റി പുതിയ കേന്ദ്ര മാനദണ്ഡ പ്രകാരം കോവിഡ് മരണം തീരുമാനിക്കും.

കോവിഡ് വന്ന് 30 ദിവസത്തിനകത്തുള്ള മരണങ്ങൾ കോവിഡ് മരണമായി കണക്കാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനമുണ്ടാകും. ഇതിനു മുന്നോടിയായി കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിക്കുമെന്നും ആദ്യ തരംഗ സമയത്തുൾപ്പെടെയുള്ള മരണങ്ങൾ പ്രത്യേക പട്ടികയായി രേഖപ്പെടുത്തുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നഷ്ടപരിഹാര തുക വിതരണത്തിന് ദുരന്ത നിവാരണ വകുപ്പ് പ്രത്യേക മാനദണ്ഡം നിശ്ചയിക്കും. ഇതുവരെ ഔദ്യോഗിക മരണസംഖ്യ കാൽ ലക്ഷമാണ്. പുതുതായി പതിനായിരത്തോളം മരണങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

പുതുക്കിയ കേന്ദ്ര മാനദണ്ഡം വരുമ്പോൾ ഔദ്യോഗിക മരണസംഖ്യ 35000 ത്തോളമാകും. 50000 രൂപ വീതമാണ് നഷ്ടപരിഹാരം. ഔദ്യോഗിക കണക്ക് മാത്രമെടുത്താൽ തന്നെ 125 കോടിയിലേറെ രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യമായി വരും. കോവിഡ് നെഗറ്റീവായിട്ടും ഒരു മാസത്തിലധികം ആശുപത്രിയിൽ ചികിത്സയിൽ തുടരേണ്ടിവന്ന് മരിച്ചവരും കോവിഡ് മരണങ്ങളുടെ പട്ടികയിൽ വരും. ഈ മാനദണ്ഡങ്ങൾ അനുസരിച്ചാകും സംസ്ഥാനം കോവിഡ് മരണപട്ടിക പരിഷ്‌കരിക്കുന്നത്.