ജനീവ: കോംഗോയിൽ ലോകാരോഗ്യ സംഘടനാ പ്രവർത്തകർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എബോള നിർമ്മാർജന പ്രവർത്തനങ്ങൾക്കെത്തിയ ലോകാരോഗ്യ സംഘടനാ പ്രവർത്തകർ സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതായാണ് ലോകാരോഗ്യ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. സംഘടന സ്വതന്ത്രമായി നടത്തിയ അന്വേഷണത്തിലാണ് ഇത്തരം 83 കേസുകൾ കണ്ടെത്തിയത്. ഇതിൽ 9 പീഡന ആരോപണങ്ങളും ഉൾപ്പെടുന്നുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
ലോകാരോഗ്യ സംഘടനാ ജീവനക്കാരായ 20 അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയത്. 2018 മുതൽ 2020 വരെ നീണ്ടു നിന്ന കാലയളവിൽ പ്രാദേശികമായും കോംഗോയിലെ അന്താരാഷ്ട്ര സംഘടനകളുടെ ഭാഗമായും പ്രവർത്തിച്ചവരാണ് സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയത്. 35 പേജുള്ള അന്വേഷണ റിപ്പോർട്ട് ലോകാരോഗ്യസംഘടന അന്വേഷണ സംഘം പുറത്തുവിട്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഭാഗമായി എബോള നിർമ്മാർജനത്തിന് എത്തിയവർ തങ്ങളെ ഉപദ്രവിക്കുകയായിരുന്നു എന്നാണ് ലൈംഗിക അതിക്രമം നേരിട്ട കോംഗോയിലെ സ്ത്രീകൾ അന്വേഷണ കമ്മീഷനെ അറിയിച്ചത്. കോംഗോയിലെ അൻപതിലധികം സ്ത്രീകളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയത്.
പീഡനത്തിന് ശേഷം ചിലർ ഗർഭിണികളാകുകയും അബോർഷന് വേണ്ടി നിർബന്ധിക്കപ്പെട്ടതായും സ്ത്രീകൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. കുറ്റാരോപിതരായ 83 പേരെ അന്വേഷണ സംഘം തിരിച്ചറിയുകയും ചെയ്തു. ഇവരിൽ കോംഗോ പൗരന്മാരും വിദേശികളും ഉൾപ്പെടുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ സംഘടനാ പ്രവർത്തനത്തിലെ പിഴവാണ് സംഭവങ്ങൾ തെളിയിക്കുന്നതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്നാണ് വിവരം.
വർഷങ്ങളായി കോംഗോ നിരവധി സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും പുറത്തു വന്നിരിക്കുന്ന വാർത്തകൾ ഒട്ടും സ്വീകാര്യമല്ലെന്നും കോംഗോയിലെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന ആക്ഷൻ ആൻഡ് ഡെവലപ്പ്‌മെന്റ് ഇനീഷ്യേറ്റീവ് സ്ഥാപകയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പാസ്സി മലബമ അറിയിച്ചു.