ആരാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് ആർക്കും അറിയില്ല; കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് കപിൽ സിബൽ. പഞ്ചാബ് കോൺഗ്രസിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പാർട്ടി ഉന്നത നേതൃത്വത്തെ വിമർശിച്ച് രംഗത്തെത്തിയത്. പ്രസിഡന്റ് ഇല്ലാതെ പാർട്ടി മുന്നോട്ടു പോകുന്നത് തുടരുകയാണെന്നും ആരാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് ആർക്കും അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തങ്ങളുടെ പാർട്ടിയിൽ പ്രസിഡന്റ് ഇല്ല. അതുകൊണ്ടു തന്നെ ആരാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് തങ്ങൾക്ക് അറിയുകയില്ല. ഞങ്ങൾക്കറിയാം, എന്നാലും അറിയില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആരെയും പേരെടുത്തു പറഞ്ഞായിരുന്നില്ല, സിബലിന്റെ വിമർശനം. പഞ്ചാബ് വിഷയത്തിൽ തീരുമാനം കൈക്കൊണ്ട കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉദ്ദേശിച്ചായിരുന്നു സിബലിന്റെ പരാമർശങ്ങളെന്നാണ് റിപ്പോർട്ട്. തങ്ങൾ ഗ്രൂപ്പ് 23 ആണെന്നും അല്ലാതെ ‘ജി ഹുസൂർ-23’ (ശരി അങ്ങുന്നേ) അല്ലെന്നും കബിൽ സിബൽ വ്യക്തമാക്കി.

അതേസമയം പാർട്ടിയിലെ തുടർച്ചയായ കൊഴിഞ്ഞുപോക്കിന്റെയും പഞ്ചാബ് പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ പ്രവർത്തക സമിതി യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് ജി 23-ൽ ഉൾപ്പെട്ട മറ്റൊരു നേതാവായ ഗുലാം നബി ആസാദ് കോൺഗ്രസ് താത്ക്കാലിക അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു. ‘എന്തുകൊണ്ടാണ് ആളുകൾ വിട്ടുപോകുന്നത്? നമ്മുടെ കുഴപ്പം കൊണ്ടാണോ എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. അടിയന്തരമായി കോൺഗ്രസ് പ്രവർത്തകസമിതി വിളിച്ചുചേർക്കണം. അങ്ങനെയെങ്കിൽ ചുരുങ്ങിയത് ഒരു ചർച്ചയെങ്കിലും നടക്കും. ഞങ്ങൾ പാർട്ടിയുടെ തത്വസംഹിത ഉപേക്ഷിക്കുകയോ മറ്റെവിടേക്കെങ്കിലും പോവുകയോ ഇല്ല. അവരോട് (നേതൃത്വം) അടുപ്പമുള്ളവർ പാർട്ടി വിടുകയും അവരോട് അടുപ്പമില്ലെന്ന് കരുതുന്നവർ ഇപ്പോഴും പാർട്ടിയിൽ തുടരുകയും ചെയ്യുന്നു എന്നതാണ് കോൺഗ്രസിലെ വൈരുധ്യമെന്നും അദ്ദേഹം പറഞ്ഞു.