തെലുങ്ക് സൂപ്പര്‍ താരം വിജയ് ദേവരകൊണ്ട നായകനാകുന്ന സ്പോര്‍ട്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ലിഗറിലൂടെ ഇന്ത്യന്‍ സിനിമയുടെ ഭാഗമാകാന്‍ ചരിത്രത്തിലാദ്യമായി മൈക്ക് ടൈസണും എത്തുന്നു.
പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലിഗറില്‍ ഒരു ബോക്സറായാണ് വിജയ് ദേവരകൊണ്ട അഭിനയിക്കുന്നത്. ചിത്രത്തില്‍ വിജയ്‌യുടെ പരിശീലകനായാണ് ടൈസണ്‍ പ്രത്യക്ഷപ്പെടുക. നടന്‍ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വിവരം വെളിപ്പെടുത്തിയത്.
മുന്‍പ് നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ മുഖംകാണിച്ചിട്ടുണ്ടെങ്കിലും ടൈസണ്‍ ഇതുവരെ ഇന്ത്യന്‍ സിനിമയുടെ ഭാഗമായിട്ടില്ല. തെലുങ്കിന് പുറമേ തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം ഒരുക്കിയിട്ടുണ്ട്.
കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായിക ബോളിവുഡ് താരം അനന്യ പാണ്ഡെയാണ്. ധര്‍മ്മ പ്രൊഡക്ഷന്‍സും പുരി കണക്ട്സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയിലും മുംബൈയിലുമാണ് നടന്നത്.