രാജ്യത്ത് ഓഗസ്റ്റില്‍ മാത്രം ഫേസ്ബുക്ക് നടപടിയെടുത്തത് 3.2 കോടി പോസ്റ്റുകള്‍ക്കെതിരെ

facebook

രാജ്യത്ത് ഓഗസ്റ്റ് മാസത്തില്‍ മാത്രം 3.2 കോടി പോസ്റ്റുകള്‍ക്കെതിരെയാണ് സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് നടപടി സ്വീകരിച്ചത്. 2021 ഓഗസ്റ്റിലെ കംപ്ലൈന്‍ഡ്സ് റിപ്പോര്‍ട്ടിലാണ് വിവിധ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെതിരെ നടപടിയെടുത്ത കാര്യം ഫേസ്ബുക്ക് വ്യക്തമാക്കിയത്.

2.6 കോടി സ്പാം അടങ്ങുന്ന ഉള്ളടക്കങ്ങളാണ് ഫേസ്ബുക്ക് നിയന്ത്രിച്ചത്. 26 ലക്ഷം അക്രമാസക്തവും ഗ്രാഫിക്കും അടങ്ങുന്ന ഉള്ളടക്കങ്ങള്‍, 20 ലക്ഷം അഡല്‍ട്ട് നഗ്‌നതയും ലൈംഗികതയുമുള്ള ഉള്ളടക്കം, 2.4 ലക്ഷം വിദ്വേഷ പ്രസംഗം, 90,400 ബുള്ളിയിങ്ങും അപഹസിക്കലുമടക്കമുള്ള മറ്റു ഉള്ളടക്കങ്ങള്‍, 6.7 ലക്ഷം ആത്മഹത്യയും സ്വയം മുറിവേല്‍പ്പിക്കലും, ഭീകര സംഘടന, വ്യക്തികള്‍, 2.7 ലക്ഷം തീവ്രവാദ അജണ്ട, 31,600 സംഘടിത ഭീകരപ്രവര്‍ത്തനം എന്നിങ്ങനെയുള്ള ഉള്ളടക്കങ്ങളാണ് ഫേസ്ബുക്ക് ഓഗസ്റ്റ് മാസത്തില്‍ നിയന്ത്രിച്ചത്.

ഇന്‍സ്റ്റാഗ്രാമില്‍ 22 ലക്ഷം പോസ്റ്റുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഫേസ്ബുക്കിന്റെ ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്ഫോമാണ് ഇന്‍സ്റ്റഗ്രാം. അതേസമയം വാട്‌സാപ്പിലെ 20.7 ലക്ഷം അക്കൗണ്ടുകള്‍ ബാന്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഗസ്റ്റ് ഒന്ന് മുതല്‍ 31 വരെയായി ഇന്ത്യന്‍ പരാതി പരിഹാര സംവിധാനത്തിലൂടെ 904 ഉപഭോക്തൃ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും 754 കേസുകള്‍ പരിഹരിക്കാന്‍ ടൂളുകള്‍ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.