22 കിലോ മീറ്റർ നീളം; രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാതയുടെ വിശേഷങ്ങൾ അറിയാം

മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാതയാണ് മുംബൈയിൽ ഒരുങ്ങുന്നത്. ദ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (എം.ടി.എച്ച്എൽ.) അഥവാ സെവരി -നവസേവ സീലിങ്ക് പാലം നവിമുംബൈയിലാണ് നിർമ്മിക്കുന്നത്. ട്രാഫിക് തിരക്കുകൾ കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പാലം നിർമ്മിക്കാൻ തീരുമാനിച്ചത്.

22 കിലോ മീറ്റർ നീളമേറിയ കടൽപ്പാലത്തിന്റെ പതിനാറര കിലോ മീറ്റർ യാത്ര കടലിന് മുകളിലൂടെയാണ്. രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ കടൽപ്പാലം തുടങ്ങിയ പ്രത്യേകതകളും ദ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിന് സ്വന്തമാണ്. 2022 ആകുന്നതോടെ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദക്ഷിണ മുംബൈയിലെ സെവ്രിയിൽനിന്ന് തുടങ്ങി എലിഫന്റാ ദ്വീപിന്റെ വടക്കു വശത്തുകൂടി താനെ കടലിടുക്ക് മുറിച്ചുകടന്ന് നവസേവയ്ക്കടുത്തുള്ള ചിർലെ ഗ്രാമത്തിലാണ് പാലം അവസാനിക്കുന്നത്. നവി മുംബൈയെ മുംബൈയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലം യാഥാർഥ്യമാകുന്നതോടെ യാത്രാസമയം ചുരുക്കുകയും ഇന്ധനം ലാഭിക്കുകയും ചെയ്യാമെന്നാണ് വിലയിരുത്തപ്പെടുന്നത്. നവി മുംബൈയുടെ വികസനം, മുംബൈയിലെ തിരക്ക് കുറയ്ക്കൽ, നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വേഗത്തിലെത്താൻ സാധിക്കുക, പുണെ എക്സ്പ്രസ് വേയിലേക്ക് ബന്ധിപ്പിക്കൽ തുടങ്ങി ലക്ഷ്യങ്ങളോടെയാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.

ഓരോ വശത്തുമായി മൂന്നു പാതകൾ അടങ്ങിയ ആറുവരി പാതയാണ് കടൽപ്പാലത്തിലുള്ളത്. അടിയന്തരാവശ്യങ്ങൾക്കായി ഏഴാമത് ഒരു വരിയും എക്സ്പ്രസ്വേയിൽ ഉണ്ടായിരിക്കും. എഡ്ജ് സ്ട്രിപ്സ്, ക്രാഷ് ബാരിയർ എന്നിവയും പ്രത്യേകതകളാണ്. 22 കിലോ മീറ്റർ നീളമുളള ഈ പാതയിൽ പതിനാറര കിലോ മീറ്റർ യാത്ര കടലിന് മുകളിലൂടെയായിരിക്കും. സെവ്രിയിൽ ത്രീലെവൽ ഇന്റർചേഞ്ചാണ് ആസൂത്രണം ചെയ്തിട്ടുളളത്. ഇവിടെ ഈസ്റ്റേൺ ഫ്രീവേ, സെവ് രി-വർളി ഈസ്റ്റ്-വെസ്റ്റ് കണക്ടർ എംടിഎച്ച്എല്ലുമായി കൂടിച്ചേരും. ഇന്റലിജൻസ് ട്രാൻസ്പോർട്ട് സിസ്റ്റം, ഇന്റർചേഞ്ചസ്, അപ്രോച്ച് വിഭാഗങ്ങൾ, ഒരു മറൈൻ ബ്രിഡ്ജിന് ആവശ്യമായ മറ്റുസൗകര്യങ്ങൾ തുടങ്ങിയവും പാലത്തിന്റെ പ്രത്യേകതകളാണ്.

പാലത്തിലൂടെ മണിക്കൂറിൽ 100 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിക്കാം. നവിമുംബൈയിൽനിന്ന് മുംബൈയിലെത്താനുള്ള സമയം ഒരു മണിക്കൂറിൽനിന്ന് 20 മിനിറ്റായി ചുരുങ്ങുമെന്നതാണ് മറ്റൊരു സവിശേഷത. മുംബൈ-പുണെ അതിവേഗപാത വഴി വരുന്ന വാഹനങ്ങൾക്ക് മുംബൈയിലേക്ക് പോകാൻ എളുപ്പവഴി കൂടിയായിരിക്കും പാലം.