കൊച്ചി: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുന്ന പോലീസുകാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പോലീസുകാർക്ക് ഇനിയും മനസിലായിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി കോടതി പലതവണ നിർദേശം നൽകിയെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഇത്തരം നടപടികൾ ഇനിയും ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതി മുന്നറിയിപ്പ് നൽകുന്നത്.
പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് തേവര എസ്എച്ച്ഒ, എസ്ഐ എന്നിവർക്കെതിരായ ഉത്തരവിലാണ് കോടതിയുടെ പരാമർശം. രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരിക്കുന്നത്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കുന്ന ആക്ഷൻ ടേക്കൺ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. കൊച്ചി സ്വദേശികളായ കണ്ടെയ്നർ സന്തോഷ്, ഭാര്യ എന്നിവർ പോലീസിന്റെ പെരുമാറ്റത്തെ സംബന്ധിച്ച് സമർപ്പിച്ച ഹർജിയിലാണ് കോടതി ഇക്കാര്യങ്ങൾ വിശദമാക്കിയിരിക്കുന്നത്. ഈ മാസം 10 ന് വീണ്ടും ഹർജി പരിഗണിക്കും.

