ആറു പേർക്ക് ജീവിതം നൽകി ആൽബിൻ പോൾ യാത്രയായി; കുടുംബാംഗങ്ങൾക്ക് നന്ദി അറിയിച്ച് വീണാ ജോർജ്

തൃശൂർ: ആറു പേർക്ക് തന്നിലൂടെ ജീവിതം നൽകി ആൽബിൻ പോൾ യാത്രയായി. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആൽബിന്റെ അവയവങ്ങൾ ദാനം ചെയ്തതോടെ ആറു പേർക്കാണ് പുതുജീവൻ ലഭിച്ചത്. ആൽബിൻ പോളിന്റെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാനം നടന്നത്. വേർപാടിന്റെ തീരാവേദനയിലും അവയവദാനത്തിന്റെ പ്രധാന്യം തിരിച്ചറിഞ്ഞ് മുന്നോട്ട് വന്ന ആൽബിൻ പോളിന്റെ കുടുബാംഗങ്ങൾക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.

കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയായിരുന്നു ആൽബിൻ പോൾ. ഈ മാസം 18 നാണ് ആൽബിന് വാഹനാപകടം സംഭവിച്ചത്. നെടുമ്പാശേരി എയർപോർട്ടിൽ ബന്ധുവിനെ യാത്രയാക്കി മടങ്ങി വരവെ ആൽബിൻ പോളും സഹോദരൻ സെബിൻ പൗലോസും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ തൊട്ടടത്തുള്ള അങ്കമാലി അപ്പോളോ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആൽബിന്റെ അവസ്ഥ ഗുരുതരമാവുകയും കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിക്കുകയുമായിരുന്നു.

സംസ്ഥാനത്ത് അവയവദാനത്തിനായി രജിസ്റ്റർ ചെയ്തവരിൽ ആൽബിൻ പോളിന്റെ ഹൃദയവുമായി ചേർച്ചയുള്ളവർ ഇല്ലായിരുന്നു. തുടർന്ന് ഇക്കാര്യം ദേശീയ അവയദാന ഓഗനൈസേഷനെ രേഖാമൂലം അറിയിച്ചു. അവർ റീജിയണൽ ഓർഗൺ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റേഷൻ ഓഗനൈസേഷനെ അറിയിക്കുകയും തുടർന്ന് ചെന്നൈയിലെ റെല ഹോസ്പിറ്റലിൽ ചികിത്സയിലുള്ള രോഗിക്ക് ഹൃദയം അനുവദിക്കുകയും ചെയ്തു. വിമാന മാർഗമാണ് ചെന്നൈയിലേക്ക് ഹൃദയം കൊണ്ട് പോകുന്നത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കാണ് നൽകുന്നത്. 2 വർഷം മുൻപാണ് ആൽബിൻ വിവാഹിതനായത്. നാലു മാസം പ്രായമായ ഒരു കുഞ്ഞും ദമ്പതികൾക്കുണ്ട്.