മദ്യവും മയക്കുമരുന്നും വർജിക്കണം; കോൺഗ്രസ് അംഗത്വം ലഭിക്കണമെങ്കിൽ ഇനി 10 നിബന്ധനകൾ പാലിക്കണം

തിരുവനന്തപുരം: പുതിയ പ്രവർത്തകർ പാർട്ടി അംഗത്വം സ്വീകരിക്കുന്നതിനു മുന്നോടിയായി സ്വീകരിക്കേണ്ട നിബന്ധനകൾ വ്യക്തമാക്കി കോൺഗ്രസ്. മദ്യവും മയക്കുമരുന്നും വർജിക്കുമെന്നും പാർട്ടിയെ പൊതുവേദിയിൽ വിമർശിക്കില്ലെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ സത്യവാങ്മൂലം നൽകണമെന്ന നിബന്ധനയാണ് പാർട്ടി മുന്നോട്ട് വെക്കുന്നത്. നവംബർ ഒന്ന് മുതൽ പുതിയ അംഗത്വ വിതരണം ആരംഭിക്കാനിരിക്കേയാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

പാർട്ടി മുന്നോട്ടു വെക്കുന്ന പത്ത് നിബന്ധനകൾ അംഗീകരിക്കുന്നവർക്ക് മാത്രമായിരിക്കും ഇനി കോൺഗ്രസ് അംഗത്വം നൽകുകയെന്നാണ് വിവരം. പാർട്ടിയുടെ അംഗത്വ ഫോമിൽ തന്നെ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടി നയങ്ങളെയും പരിപാടികളെയും പൊതവേദിയിൽ വിമർശിക്കില്ല, മദ്യവും മയക്കുമരുന്നും വർജിക്കും, നിയമപ്രകാരം അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ സ്വത്തുവകകൾ കൈവശം വെച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങളിലാണ് അംഗത്വം സ്വീകരിക്കുന്നവർ സത്യവാങ്മൂലം നൽകേണ്ടത്. ഒരുതരതത്തിലുമുള്ള സാമൂഹിക വിവേചനങ്ങളിൽ ഏർപ്പെടില്ലെന്നും ഇവ നിർമാർജനം ചെയ്യാനായി പ്രവർത്തിക്കുമെന്നും അംഗങ്ങൾ പ്രതിജ്ഞ ചെയ്യണമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചതായാണ് സൂചനകൾ.

‘ഞാൻ പതിവായി തനതു ഖാദി ധരിക്കുന്നയാളാണ്, ഞാൻ മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ഇല്ല, ഞാൻ സാമൂഹികവിവേചനമോ അസമത്വമോ കാണിക്കില്ല, ഇത്തരം വികലമായ കാര്യങ്ങൾ സമൂഹത്തിൽ നിന്ന് നിർമാർജനം ചെയ്യുന്നതിനായി പ്രവർത്തിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു, കായികാധ്വാനമുൾപ്പെടെ പ്രവർത്തകസമിതി ഏൽപ്പിക്കുന്ന ഏതു ജോലിയും ചെയ്യാൻ ഞാൻ സന്നദ്ധമാണ്’ തുടങ്ങിയ കാര്യങ്ങളാണ് അംഗത്വ ഫോമിലുളള സത്യവാങ്മൂലത്തിലെ പരാമർശങ്ങൾ.