ട്വന്റി 20 ലോകകപ്പിലെ പാകിസ്താന്റെ വിജയം ആഘോഷിച്ച അധ്യാപികയെ പിരിച്ച് വിട്ട് സ്‌കൂള്‍

ജയ്പുര്‍: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ച അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അധ്യാപിക നഫീസ അട്ടാരിയെയാണ് സ്‌കൂള്‍ മാനേജ്മെന്റ് പിരിച്ചുവിട്ടത്. രാജസ്ഥാനിലെ ഉദയ്പുരിലെ നീര്‍ജ മോദി സ്‌കൂളാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.

മത്സരത്തില്‍ പാകിസ്താന്‍ ജയിച്ചതിന് പിന്നാലെ ‘നമ്മള്‍ ജയിച്ചു’ എന്ന് പാക് താരങ്ങളുടെ ചിത്രത്തിനൊപ്പം നഫീസ വാട്ട്സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് അധ്യാപികയ്ക്കെതിരേ നടപടിയെടുത്തത്.

ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് സൊജാതിയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ്. ട്രസ്റ്റ് അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ മഹേന്ദ്ര സൊജാതിയ പി.ടി.ഐയോട് പ്രതികരിച്ചു.

ഇതേ സംഭവത്തിന്റെ പേരില്‍ അധ്യപികയ്ക്കെതിരേ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡിലെ 153-ാം വകുപ്പ് പ്രകാരം കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രകോപനത്തിനാണ് കേസെടുത്തിരിക്കുന്നത്.