തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന് പിന്നാലെ എലിപ്പനിയും. സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണം വർധിക്കുകയാണ്. മാലിന്യ നിർമാർജനത്തിലെ പോരായ്മകളാണ് രോഗവ്യാപനം വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസം 14 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 1195 പേർക്കാണ് ഈ വർഷം ഇതുവരെ പരിശോധനയിൽ എലിപ്പനി സ്ഥിരീകരിച്ചത്. 45 പേരാണ് ഈ വർഷം എലിപ്പനി ബാധിച്ച് മരിച്ചത്. എലിപ്പനി രോഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയവരുടെ എണ്ണവും വർധിക്കുകയാണ്. ഇന്നലെ വരെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മാത്രം 1795 പേരാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. രോഗ ലക്ഷണങ്ങളോടെ 160 പേര് മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടതോടെ മാലിന്യങ്ങൾ പലസ്ഥലത്തും ചിഞ്ഞളിയാൻ തുടങ്ങിയിരിക്കുകയാണ്. എലികൾ, കന്നുകാലികൾ, പട്ടി, പൂച്ച എന്നിവയുടെ മൂത്രം വഴി കെട്ടിക്കിടക്കുകയോ ഒലിച്ചിറങ്ങുകയോ ചെയ്യുന്ന വെള്ളത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് എലിപ്പനി. ശരീരത്തിലെ മിറിവുകളിലൂടേയോ അധിക സമയം വെള്ളത്തിൽ നിൽക്കുന്നത് വഴിയോ അണുക്കൾ ശരീരത്തിൽ പ്രവേശിക്കാം. ശക്തമായ പനി, തലവേദന, പേശികൾക്ക് വേദന, കണ്ണുകൾക്ക് ചുവപ്പുനിറം, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് തുടക്കത്തിൽ തന്നെ ചികിത്സ നടത്തിയാൽ മരണത്തിൽ നിന്നും രക്ഷപ്പെടാം. യഥാസമയം ചികിത്സ നടത്തിയില്ലെങ്കിൽ ശ്വാസകോശം, കരൾ, വൃക്കകൾ, ഹൃദയം തുടങ്ങിയ അവയവങ്ങളെ രോഗം ബാധിക്കും. മലിന ജലവുമായി സമ്പർക്കം ഉണ്ടായാൽ മൂന്ന് മുതൽ ആറ് ആഴ്ച വരെ കൃത്യമായ അളവിൽ ഡോക്‌സി സൈക്ലിൻ ഗുളിക കഴിക്കണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉൾപ്പെടെ ഇക്കാര്യത്തിൽ കൃത്യമായ നിർദേശം നൽകിയിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

