തിരുവനന്തപുരം: മണ്ണെണ്ണയ്ക്ക് വില കുത്തനെ ഉയർന്നു. മണ്ണെണ്ണയ്ക്ക് ലിറ്ററിന് എട്ട് രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വർധിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി. ചരിത്രത്തിലെ ഏറ്റവും വലിയ വില വർധനയാണ് മണ്ണെണ്ണയ്ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
മണ്ണെണ്ണയുടെ അടിസ്ഥാന വില 45 രൂപയാണ്. ഇതിനൊപ്പം ഡീലർ കമ്മീഷൻ ട്രാൻസ്പോർട്ടേഷൻ നിരക്ക്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജിഎസ്ടി നികുതി രണ്ടരശതമാനം വീതം തുടങ്ങിയവ അടങ്ങുന്ന ഹോൾസെയിൽ നിരക്കാണ് 51 രൂപ. ഇത് ജനങ്ങളിലേക്ക് എത്തുമ്പോൾ 55 രൂപയാകും. മുൻഗണനാ മുൻഗണനേതര തുടങ്ങി എല്ലാ വിഭാഗക്കാർക്കും പുതിയ വിലയായിരിക്കും ഇനി മുതൽ നൽകേണ്ടി വരുക.
അതേസമയം പെട്രോളിനും വില വർധിച്ചു. പെട്രോളിന് 37 പൈസയാണ് ഇന്ന് വർധിച്ചത്. സെപ്റ്റംബർ 24 ന് ശേഷം സംസ്ഥാനത്ത് പെട്രോളിന് 8.86 രൂപയും ഡീസലിന് 10.33 രൂപയും വർധിച്ചു. ഇക്കാലയളവിൽ പെട്രോളിന് 27 തവണയും ഡീസലിന് 29 തവണയും വില വർധനവ് രേഖപ്പെടുത്തി.

