മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനുമായ മുകേഷ് അംബാനി മുംബൈയിൽ നിന്ന് താമസം മാറുന്നതായി റിപ്പോർട്ട്. ലണ്ടനിലേക്കാണ് അംബാനി താമസം മാറുന്നതെന്നാണ് വിവരം. മുംബൈയിലെ ആഡംബര വസതിയായ ആന്റിലിയയിൽ നിന്ന് ബക്കിങ്ഹാംഷെയറിലെ സ്റ്റോക്ക്പാർക്കിൽ ഈയിടെ വാങ്ങിയ ബംഗ്ലാവിലേക്കാണ് അംബാനി താമസം മാറുന്നത്. മുന്നൂറ് ഏക്കർ വിസ്തൃതിയുള്ള ബംഗ്ലാവാണ് സ്റ്റോക് പാർക്കിലെ ബക്കിങ്ഹാം ഷെയറിൽ അംബാനിക്കുള്ളത്.
കഴിഞ്ഞ ഏപ്രിലിലാണ് അംബാനി ഈ ബംഗ്ലാവ് വാങ്ങിയത്. 592 കോടി രൂപയ്ക്കാണ് അദ്ദേഹം ഈ ബംഗ്ലാവ് വാങ്ങിയത്. ബംഗ്ലാവിനുള്ളിൽ 49 കിടപ്പുമുറികളും ഒരു ചെറു ആശുപത്രിയും ഒരു ക്ഷേത്രവുമുണ്ട്. ഇത്തവണ മുകേഷ് അംബാനിയും കുടുംബവും ദീപാവലി ആഘോഷിച്ചത് ലണ്ടനിലെ ഈ വീട്ടിൽ വെച്ചായിരുന്നു. ആഘോഷങ്ങൾക്ക് ശേഷം ഇവർ ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തും. വീടിന്റെ പണികൾ മുഴുവനും പൂർത്തിയായി കഴിഞ്ഞ് അടുത്ത വർഷം ഏപ്രിലോടു കൂടി ലണ്ടനിലേക്ക് പോകുമെന്നാണ് ലഭ്യമാകുന്ന വിവരം.

