ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ 100 വീടുകള്‍ അടങ്ങുന്ന ചൈനീസ് ഗ്രാമം; റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ അരുണാചല്‍ പ്രദേശില്‍ ചൈന 100 വീടുകള്‍ അടങ്ങുന്ന ഗ്രാമം നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി അമേരിക്കന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ വിവരവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അരുണാചല്‍ പ്രദേശില്‍ ചൈന 101 ഓളം വീടുകളടങ്ങിയ ‘പുതിയ ഗ്രാമം’ നിര്‍മിച്ച വിവരം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ജനുവരിയില്‍ തന്നെ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 4.5 കിലോമീറ്റര്‍ ഉള്ളിലായാണ് ചൈനയുടെ നിര്‍മാണമെന്നാണു സൂചന.

ഇന്ത്യയുമായി സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നതിനിടയിലും ചൈന, അതിര്‍ത്തി മേഖലയില്‍ കടന്നുകയറ്റ നീക്കങ്ങള്‍ സജീവമാക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടിബറ്റന്‍ മേഖലയില്‍ കരുത്തുറപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം. അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ സാരി ചു നദീ തീരത്താണ് ചൈന ഗ്രാമമുണ്ടാക്കിയതെന്നാണു സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നത്. 2020ല്‍ ആകാം ചൈന യഥാര്‍ഥ നിയന്ത്രണരേഖയുടെ കിഴക്കു വശത്ത് 100 വീടുകള്‍ നിര്‍മിച്ചതെന്നാണ് യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വര്‍ഷങ്ങളായി ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന മേഖലയാണിത്. വര്‍ഷങ്ങളായി ചൈനക്ക് ചെറിയ സൈനിക ഔട്ട്പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും 2020ലാണ് കടന്നുകയറ്റം രൂക്ഷമായത്.

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും ഇക്കാര്യം തള്ളിക്കളഞ്ഞിട്ടില്ല. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. 2020 നവംബറില്‍ അരുണാചലില്‍ നിന്നുള്ള ബിജെപി എംപി താപിര്‍ ഗാവോ അപ്പര്‍ സുബാന്‍സിരിയിലെ ചൈനീസ് നിര്‍മാണങ്ങളെക്കുറിച്ച് ലോക്സഭയില്‍ ഉന്നയിച്ചിരുന്നു. അതിര്‍ത്തിയിലെ ഇന്ത്യയുടെ നിര്‍മാണങ്ങളും സൈനിക വിന്യാസവുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തേ അറിയിച്ചിരുന്നു.