തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടർമാരുടെ സമരം അവസാനിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ്ജുമായി പിജി ഡോക്ടർമാർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയ്ക്ക് ശേഷമാണ് പിജി ഡോക്ടർമാർ സമരം അവസാനിപ്പിച്ചത്. പിജി ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ – അക്കാദമിക് റെസിഡന്റ് ഡോക്ടർമാരെ നൽകാമെന്ന സർക്കാർ നിർദേശം അംഗീകരിച്ചു. ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ 2 ദിവസത്തിനുള്ളിൽ നിയമിക്കുമെന്ന് ചർച്ചയിൽ പിജി ഡോക്ടർമാർക്ക് മന്ത്രി ഉറപ്പു നൽകി.
നീറ്റ് – പിജി പ്രവേശനം നീളുന്നതിനെതിരെയാണ് പിജി ഡോക്ടർമാർ സമരം ആരംഭിച്ചത്. പിജി അഡ്മിഷൻ വൈകിയത് കാരണം ഉണ്ടായ ഡോക്ടർമാരുടെ കുറവും അമിതജോലി ഭാരവും കാരണമാണ് പിജി ഡോക്ടർമാർ സമരം തുടങ്ങിയത്. ആറു മാസം വൈകിയ മെഡിക്കൽ പിജി അലോട്ട്‌മെന്റ് വീണ്ടും നാലാഴ്ച്ചത്തേക്ക് കൂടി സുപ്രീം കോടതി നീട്ടിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഒരാഴ്ചയായി മെഡിക്കൽ പിജി വിദ്യാർത്ഥികൾ രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു.

