Highlights (Page 156)

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. നടപടികള്‍ സ്വീകരിക്കാത്തത് സ്ത്രീകളുടെ സുരക്ഷിതത്വത്തിന് ഒരു പ്രാധാന്യവുമില്ലെന്ന വേദനാജനകമായ ഓര്‍മ്മപ്പെടുത്തലാണെന്ന് പാര്‍വതി ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചു.

‘ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് രൂപീകരിക്കുന്നതിന് വേണ്ടി ഒരുപാട് പേര്‍ തങ്ങള്‍ കടന്നു പോയ ദുരവസ്ഥയെ കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. ഈ നിര്‍ണ്ണായകമായ റിപ്പോര്‍ട്ട് ഞങ്ങളുടെ തൊഴിലിടം സുരക്ഷിതമാക്കാന്‍ കഴിയുന്ന നിയമം കൊണ്ടുവരാനായി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, ഈ വിഷയത്തില്‍ ഒരു തീരുമാനവും എടുക്കാത്തത് ഞങ്ങളുടെ സുരക്ഷിതത്വത്തിന് ഒരു പ്രാധാന്യവുമില്ലാത്ത ഓര്‍മ്മപ്പെടുത്തലാണ്. എവിടെയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്?.’-പാര്‍വതി കുറിച്ചു.

ന്യൂഡൽഹി: കുനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇന്ത്യയുടെ സംയുക്ത സൈനി മേധാവി ബിപിൻ റാവത്തിന്റെ അവസാന സന്ദേശം പുറത്ത്. ഇന്ത്യൻ സൈന്യമാണ് ബിപിൻ റാവത്തിന്റെ അവസാന സന്ദേശം പുറത്തുവിട്ടത്. 1971ലെ യുദ്ധത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് സായുധ സേനക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള സന്ദേശമാണ് പുറത്തുവിട്ടിരിക്കുന്നത്. മരണത്തിന് തലേദിവസമാണ് ഈ വീഡിയോ സന്ദേശം റെക്കോർഡ് ചെയ്തിരിക്കുന്നത്.

ഇന്ത്യൻ സൈന്യത്തെ കുറിച്ച് അഭിമാനമുണ്ടെന്ന് വീഡിയോ സന്ദേശത്തിൽ ബിപിൻ റാവത്ത് പറയുന്നു. നമ്മുടെ ധീരസൈനികർക്ക് ഈയവസരത്തിൽ താൻ ആദരാഞ്ജലിയർപ്പിക്കുകയാണ്. അവരുടെ ത്യാഗം സ്മരിക്കുന്നു. ധീരസൈനികരുടെ ഓർമയ്ക്കായി നിർമിച്ച അമർ ജവാൻ ജ്യോതി കോംപ്ലക്‌സിലാണ് വിജയ് പർവ് ദിനാചരണം സംഘടിപ്പിക്കുന്നുവെന്നത് അഭിമാനകരമായ കാര്യമാണ്. രാജ്യത്തെല്ലാവർക്കും ഒന്നിച്ച് ഈ വിജയത്തിന്റെ ഉത്സവം ആഘോഷിക്കാമെന്നും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജനറൽ റാവത്ത് 1971 ലെ ഇന്ത്യാ- പാക് യുദ്ധത്തിന്റെ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റിൽ സംഘടിപ്പിച്ച ‘സ്വർണിം വിജയ് പർവ്’ പരിപാടിയിലാണ് അദ്ദേഹത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചിരിക്കുന്നത്.

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന റിപ്പബ്ലിക് ദിനത്തിൽ അതിഥികളായി എത്തുന്നത് അഞ്ച് രാഷ്ട്രങ്ങളിലെ തലവൻമാർ. മദ്ധ്യേഷ്യൻ രാജ്യങ്ങളായ കസാക്കിസ്താൻ, കിർഗിസ്താൻ, താജിക്കിസ്താൻ, തുർക്ക്മെനിസ്താൻ, ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരാണ് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കായി ഇന്ത്യയിലെത്തുന്നത്.

2018 ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ആസിയാൻ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തതിന് ശേഷം ആദ്യമായാണ് ഒരു ഗ്രൂപ്പ് രാഷ്ട്രങ്ങളെ റിപ്പബ്ലിക് ദിനത്തിൽ പങ്കെടുപ്പിക്കാനൊരുങ്ങുന്നത്. സാംസ്‌കാരികവും, നാഗരികവും, ചരിത്രപരവുമായ ബന്ധങ്ങൾ ഇന്ത്യയ്ക്ക് ഈ രാജ്യങ്ങളുമായി ഉണ്ട്. ലോകനേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുള്ള നയതന്ത്ര ബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ് റിപ്പബ്ലിക് ദിനത്തിലെ സന്ദർശനം. രാഷ്ട്രത്തലവന്മാർ ഇന്ത്യയിലെത്തുന്നതോടെ രാജ്യങ്ങൾക്ക് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടും.

കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തിൽ യു കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അതിഥിയായി എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് അദ്ദേഹത്തിന് റിപ്പബ്ലികി ദിനാഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.

തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യു.കെയിൽ നിന്നും എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തുപരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ഡൽഹിയിലും സാംപിൾ പരിശോധന നടത്തിയാണ് കേരളത്തിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

യുകെയിൽ നിന്നും അബുദാബിയിൽ എത്തിയ യാത്രക്കാരൻ ആറാം തീയതിയാണ് കൊച്ചിയിലെത്തിയത്. ആദ്യം നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നുവെങ്കിലും എട്ടാം തീയതി നടത്തിയ ടെസ്റ്റിൽ പോസിറ്റീവ് ആകുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയേയും അമ്മയേയും കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാംപിൾ പരിശോധന ഫലം കാത്തിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ഭാര്യ മാതാവ് നിലവിൽ നിരീക്ഷണത്തിലാണ്.

ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ന്യൂഡൽഹി: ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. ഗഗൻയാൻ 2023ൽ വിക്ഷേപിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് അറിയിച്ചു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമാണ് ഗഗൻയാൻ. ഈ വിക്ഷേപണം വിജയിക്കുന്നതോടെ യുഎസ്എ, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ലോകസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഒരു ഇന്ത്യൻ വിക്ഷേപണ വാഹനത്തിൽ, മനുഷ്യനെ ലോ എർത്ത് ഭ്രമണപഥത്തിലേക്ക് (എൽഇഒ) അയച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള കഴിവ് തെളിയിക്കുകയാണ് ഗഗൻയാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗഗൻയാൻ വിക്ഷേപണത്തിൽ 500 ൽ അധികം വ്യവസായങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ പ്രകടനക്ഷമത വിലയിരുത്തുന്നതിനുള്ള പരീക്ഷണ യാത്രയും, ഗഗൻയാനിന്റെ (ജി1) ആദ്യ ആളില്ലാ ദൗത്യവും, 2022ന്റെ രണ്ടാം പകുതിയോടെ നടത്താൻ ആസൂത്രണം ചെയ്തിട്ടുണ്ട്. ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത ബഹിരാകാശ യാത്രാ മനുഷ്യ റോബോട്ടായ ‘വ്യോമ്മിത്ര’ ഉപയോഗിച്ച് അടുത്തവർഷം അവസാനത്തോടെ രണ്ടാമത്തെ ആളില്ലാ പറക്കൽ ദൗത്യം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശ്ശൂർ: കുനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച മലയാളി സൈനികൻ എ. പ്രദീപിന്റെ മൃതദേഹം സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ പൊന്നൂക്കരയിലെ വീട്ടുവളപ്പിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്. പ്രദീപിന്റെ മകൻ ദക്ഷിൺദേവ് ചിതയ്ക്ക് തീകൊളുത്തി. വ്യോമസേന ജൂനിയർ വാറന്റ് ഓഫീസറായിരുന്നു പ്രദീപ്.

ശനിയാഴ്ച ഉച്ചയോടെയാണ് പ്രദീപിന്റെ മൃതദേഹം കോയമ്പത്തൂരിൽ നിന്ന് നാട്ടിലെത്തിച്ചത്. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, കെ കൃഷ്ണൻകുട്ടി എന്നിവർ ചേർന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. പിന്നീട് പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, കെ രാജൻ തുടങ്ങിയവർ അദ്ദേഹത്തിന് പുഷ്പചക്രം അർപ്പിച്ചു.

തുടർന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. നിരവധി പേർ അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാനായി വീട്ടിലേക്ക് എത്തിയത്. 2004 ലാണ് പ്രദീപ് വ്യോമസേനയിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകളിലും ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്‌ക്യൂ മിഷനുകളിലും അദ്ദേഹം മുൻനിരയിൽ നിന്നും പ്രവർത്തിച്ചിട്ടുണ്ട്.

മകന്റെ ജന്മദിനവും പിതാവിന്റെ ചികിത്സ ആവശ്യങ്ങൾക്കും വേണ്ടി ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രദീപ് നാട്ടിൽ എത്തിയിരുന്നു. അവധി കഴിഞ്ഞ് തിരികെ പോയി ജോലിയിൽ പ്രവേശിച്ചതിന്റെ നാലാം ദിവസമാണ് ഹെലികോപ്ടർ അപകടം ഉണ്ടായത്

ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചതെന്ന് വ്യോമസേന സ്ഥിരീകരിച്ചു. ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

തിരുവനന്തപുരം: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കൂടുതൽ പരിഷ്‌ക്കരണങ്ങൾ. ഭൂമി വാങ്ങുമ്പോൾ ഭൂമിയുടെ സ്‌കെച്ചും അളവ് രേഖകളും ഉപഗ്രഹചിത്രവും വരെ വേണ്ടിവരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. നേരത്തെ ആധാരമുണ്ടെങ്കിൽ അത് വേറൊരാളുടെ പേരിലേക്ക് മാറ്റാൻ സങ്കീർണതകളില്ലായിരുന്നു. ഭൂമിയുടെ പേരിൽ തട്ടിപ്പ് വർധിച്ചതോടെയാണ് കൂടുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. യൂണിക്ക് തണ്ടപ്പേർ പരിഷ്‌കാരം വരുന്നതോടെ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് കൂടുതൽ വ്യക്തത വരുത്തുന്ന പരിഷ്‌കാരങ്ങളാണ് ഉണ്ടാകുന്നത്.

പുതിയ മാറ്റങ്ങൾ നടപ്പാക്കുമ്പോൾ സ്വന്തം ഭൂമിയുടെ കാര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണം. ഭൂമിയുടെ ഉടമസ്ഥത ആധാറുമായി ലിങ്ക് ചെയ്യുകയും ഒരാളുടെ പേരിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം ഒരു ആധാർ നമ്പറിലേക്ക് ബന്ധിപ്പിക്കുകയും ചെയ്യുമ്പോൾ നടപടിക്രമങ്ങളിൽ സൂഷ്മത പുലർത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഓരോ ജില്ലയിലും ഘട്ടംഘട്ടമായാണ് ഭൂമിയുടെ ഉടമസ്ഥത ആധാറുമായി ലിങ്ക് ചെയ്യുക. ഇതുസംബന്ധിച്ച അറിയിപ്പുകൾ അതത് ജില്ലകളിൽ വരുമ്പോൾ ഭൂവുടമകൾ ജാഗ്രത പുലർത്തണം. സർക്കാർ നടപടികളുമായി പരമാവധി സഹകരിക്കുകയും സ്വന്തം ഭൂമിയുടെ രേഖകളും ആധാർ നമ്പറുകളും കൃത്യമാണെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കുകയും വേണം. തുടക്കത്തിലാണെങ്കിൽ തെറ്റുകൾ തിരുത്താൻ ഔദ്യോഗിക സംവിധാനങ്ങളുണ്ടാകും. പിന്നീട് ഈ അവസരം ലഭിക്കണമെന്നില്ല.

യൂണിക് തണ്ടപ്പേര് പദ്ധതി പ്രകാരം സംസ്ഥാനത്ത് ഒരാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടെങ്കിലും അത് ഒറ്റ തണ്ടപ്പേരിലായിരിക്കും. ആധാർ ലിങ്ക് ചെയ്യുന്നതിന് ഭൂ ഉടമ വില്ലേജ് ഓഫീസിൽ പോകേണ്ടിവരില്ല. നടപടികൾ പൂർത്തിയാകുന്നതോടെ ആധാർ ലിങ്ക് ചെയ്യാൻ റവന്യൂ പോർട്ടലിൽ നിശ്ചിത സമയം ഭൂവുടമയ്ക്കു ലഭിക്കുന്നതാണ്. നടപടികൾ പൂർത്തിയാകുന്നതോടെ ആധാർ അധിഷ്ഠിത ഭൂമി രേഖയാണ് വില്ലേജ് ഓഫീസുകളിൽ സൂക്ഷിക്കുക. തണ്ടപ്പേരിനു പകരം 12 അക്ക തിരിച്ചറിയൽ നമ്പറായിരിക്കും ഉണ്ടാകുക. ഒറ്റ തണ്ടപ്പേർ വരുന്നതോടെ ഓരോ വ്യക്തിക്കും സംസ്ഥാനത്ത് എത്ര ഭൂമി കൈവശമുണ്ടെന്നു കണ്ടെത്താമെന്നതാണ് പദ്ധതിയുടെ സവിശേഷത.

ഒരു ജില്ലയിലുള്ള ഭൂമിയുടെ വിവരങ്ങൾ നിലവിൽ മറ്റൊരു ജില്ലയിൽ അറിയാൻ കഴിയില്ല. ഒരു ഭൂവുടമയുടെ തന്നെ ഭൂമി ഓരോ വില്ലേജ് ഓഫീസ് പരിധിയിലും വ്യത്യസ്ത തണ്ടപ്പേരിലാണ് ഇപ്പോഴുള്ളത്. ആധാർ രജിസ്റ്റർ ചെയ്യുന്നതോടെ ഒരു ഭൂവുടമയുടെ എല്ലാ ഭൂമിയും ഒറ്റ തണ്ടപ്പേരിലാകും. ഇതോടെ ഒരു വ്യക്തിയ്ക്ക് ഏത് ജില്ലയിലുമുള്ള ഭൂമിയുടെ വിവരങ്ങൾ അറിയാൻ കഴിയും. 7.5 ഏക്കറാണ് ഒരു വ്യക്തിയ്ക്ക് കൈവശം വെയ്ക്കാവുന്ന ഭൂമിയുടെ അളവ്. കുടുംബത്തിന് പരമാവധി 15 ഏക്കർ കൈവശം വയ്ക്കാം. മാതാവും പിതാവും വിവാഹം കഴിക്കാത്ത മക്കളുമടങ്ങുന്ന കുടുംബത്തിനാണ് 15 ഏക്കർ കൈവശം വെയ്ക്കാൻ അധികാരമുള്ളത്. അതേസമയം 1970 ലെ ഭൂപരിഷ്‌കരണ നിയമം വഴി പ്രത്യേക ഒഴിവ് ലഭിച്ച തോട്ടം ഉടമകൾക്ക് ഇത് ബാധകമല്ല. ഒറ്റ തണ്ടപ്പേര് വരുന്നതോടെ സങ്കീർണമായ ഭൂപ്രശ്‌നങ്ങൾ ഒരു പരിധി വരെ പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ സംസ്ഥാന റവന്യൂ വകുപ്പിന്റെ സമ്പൂർണ പോർട്ടലിൽ എല്ലാ ഭൂമി വിവരങ്ങളും ലഭ്യമാകും. ആർക്കു വേണമെങ്കിലും സ്വന്തം ഭൂമിയുടെ വിവരങ്ങൾ എപ്പോൾ വേണമെങ്കിലും പോർട്ടലിൽ കയറി നോക്കി മനസിലാക്കാം.

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷൻ വിതരണത്തിൽ നിർണായക നേട്ടം കരസ്ഥമാക്കി കേരളം. സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് കോവിഡ് വാക്സിനേഷൻ 70 ശതമാനം കഴിഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 96.87 ശതമാനം പേർക്ക് (2,58,72,847) ആദ്യ ഡോസ് വാക്സിനും 70.37 ശതമാനം പേർക്ക് (1,87,96,209) രണ്ടാം ഡോസ് വാക്സിനും നൽകി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,46,69,056 ഡോസ് വാക്സിനാണ് നൽകിയത്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 86.52 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 53.84 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കൊവിഡ് വാക്സിനേഷൻ യജ്ഞം നടന്നു വരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ രണ്ടാം ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാൻ ബാക്കിയുള്ളവരെ കണ്ടെത്തി വാക്സിൻ നൽകുകയാണ് ലക്ഷ്യം. പ്രത്യേക വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി പ്രതിദിന വാക്സിനേഷനും വർധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കൊവിഡ് ബാധിച്ചവർക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്സിനെടുത്താൽ മതി. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവർ ഒട്ടും കാലതാമസം വരുത്തരുത്. കൊവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കൊവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണെ്. ഇനിയും വാക്സിനെടുക്കാത്തവർ ഉടൻ വാക്സിൻ സ്വീകരിക്കണമെന്നും വീണാ ജോർജ് അറിയിച്ചു.

നവാഗതനായ ഡോ.പ്രഗ്ഭല്‍ സംവിധാനം ചെയ്യുന്ന അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ ‘മഡ്ഡി’ തിയേറ്ററുകളില്‍. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുമായാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയാണ് മഡ്ഡി. ഓഫ് റോഡ് മോട്ടോര്‍ സ്പോര്‍ട്ടിന്റെ ഒരു രൂപമാണ് മഡ്‌റേസിങ്ങ്. മഡ് റേസിങ് വിഭാഗത്തിലെ സമഗ്രമായ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം വിഭാവനം ചെയ്തിരിക്കുന്നത്. ‘കോസ്റ്റ്‌ലി മോഡിഫൈഡ്’ 4×4 വാഹനങ്ങളാണ് മഡ് റേസിംഗിനായി സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.

പികെ7 പ്രൊഡക്ഷന്റെ ബാനറില്‍ പ്രേമ കൃഷ്ണ ദാസ് ആണ് ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം. എഡിറ്റിംഗ് സാന്‍ ലോകേഷ്, സംഗീതം, പശ്ചാത്തലസംഗീതം, സൗണ്ട് ഡിസൈന്‍ രവി ബസ്‌റൂര്‍, ഛായാഗ്രഹണം കെ ജി രതീഷ്, ആക്ഷന്‍ കൊറിയോഗ്രഫി റണ്‍ രവി, മഡ് റേസ് കൊറിയോഗ്രഫി ഡോ പ്രഗഭല്‍, ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകന്റേത് തന്നെയാണ്.

യുവാന്‍ കൃഷ്ണ, റിഥാന്‍ കൃഷ്ണ, അമിത് ശിവദാസ്, രണ്‍ജി പണിക്കര്‍, അനുഷ സുരേഷ്, ഹരീഷ് പേരടി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ജനീവ: ഒമിക്രോൺ വ്യാപനവുമായി ബന്ധപ്പെട്ട നിർണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. നിലവിൽ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകൾ ഒമിക്രോണിന്റെ വ്യാപനം തടയാൻ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥൻ മൈക്കൽ റയാനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് തീവ്രത കൂടുതലാണെന്ന് പറയാൻ കഴിയില്ല. ഇപ്പോൾ വാക്‌സിന് പിടിക്കൊടുക്കാതെ ഒഴിഞ്ഞുമാറാൻ ഒമിക്രോണിന് കഴിയില്ലെങ്കിലും കുറച്ചുനാൾ കഴിയുമ്പോൾ സ്ഥിതി മാറിയേക്കാനിടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒമിക്രോൺ വളരെ തീവ്രമല്ലെന്നാണ് പ്രാഥമിക നിഗമനങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. എന്നാൽ ഇക്കാര്യം ഉറപ്പിക്കാൻ കൂടുതൽ തെളിവുകൾ ആവശ്യമാണ്. പ്രതിരോധ വാക്‌സിനുകളെ മറികടന്ന് മനുഷ്യശരീരത്തിൽ ഒമിക്രോൺ പ്രവേശിക്കും എന്നതിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

നിലവിലുള്ള എല്ലാ കോവിഡ് വകഭേദങ്ങളെയും ചെറുക്കുന്ന ഫലപ്രദമായ വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്. കടുത്ത പനിയോ വൈദ്യപരിശോധനയോ ആവശ്യം വന്നാലും അതിന് വേണ്ടിവരുന്ന പ്രതിരോധ മാർഗങ്ങൾ തയ്യാറാണ്. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, വാക്‌സിൻ സ്വീകരിക്കൽ, സാനിട്ടൈസറിന്റെ ഉപയോഗം തുടങ്ങിയ കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഏതൊരു പുതിയ വകഭേദവും ആദ്യഘട്ടത്തിൽ കൂടുതൽ പേരിലേക്ക് പകരുന്നതിനാണ് സാദ്ധ്യതയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.