പ്രാർത്ഥനകൾ വിഫലം; കുനൂർ ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വരുൺ സിംഗ് അന്തരിച്ചു

ബംഗളൂരു: കുനൂർ ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അന്തരിച്ചു. ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. ഇതോടെ ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. ഉത്തർപ്രദേശ് സ്വദേശിയായ വരുൺ സിംഗിന് രാജ്യം ശൗര്യ ചക്ര നൽകി ആദരിച്ചിരുന്നു. 2020-ൽ ഒരു അടിയന്തരസാഹചര്യത്തിൽ തേജസ്സ് യുദ്ധവിമാനം സുരക്ഷിതമായി ഇറക്കിയതിനാണ് അദ്ദേഹത്തിന് ശൗര്യചക്ര നൽകി ആദരിച്ചത്.

കിഴക്കൻ ഉത്തർപ്രദേശിലെ ദെവാരിയ ഗ്രാമത്തിലെ സൈനിക കുടുംബത്തിലാണ് വരുൺ സിങ് ജനിച്ചത്. വരുൺ സിങ്ങിന്റെ പിതാവ് റിട്ട. കേണൽ കെ.പി.സിങ് ആർമി എയർ ഡിഫൻസ് റെജിമെന്റിന്റെ ഭാഗമായിരുന്നു. വരുൺ സിങ്ങിന്റെ സഹോദരൻ തനൂജ് സിങ് ഇന്ത്യൻ നാവിക സേനയിൽ ലഫ്റ്റനെന്റ് കമാൻഡറാണ്.

വരുൺ സിംഗിന്റെ പിതാവ് റിട്ട. കേണൽ കെ.പി.സിംഗ് ആർമി എയർ ഡിഫൻസ് റെജിമെന്റിന്റെ ഭാഗമായിരുന്നു. വരുൺ സിംഗിന്റെ സഹോദരൻ തനൂജ് സിംഗ് ഇന്ത്യൻ നാവിക സേനയിൽ ലഫ്റ്റനെൻറ് കമാൻഡറാണ്. സംസ്ഥാന കോൺഗ്രസ് നേതാവ് അഖിലേഷ് പ്രതാപ് സിംഗ് അദ്ദേഹത്തിന്റെ അമ്മാവനുമാണ്.

ഡിസംബർ 8 ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.