തിരുവനന്തപുരം: മദ്യത്തിന് അധിക വില ഈടാക്കുന്ന ബെവ്കോ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. മദ്യത്തിന് അധിക വില ഈടാക്കുകയും ക്രമക്കേടുകൾ നടത്തുകയും ചെയ്യുന്ന ബെവ്കോ ജീവനക്കാർക്കുള്ള പിഴ വർധിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. പരമാവധി വിലയേക്കാൾ കൂടുതൽ തുക മദ്യത്തിന് ഈടാക്കിയാൽ അധികമായി ഈടാക്കിയ തുകയുടെ ആയിരം ഇരട്ടിയായിരിക്കും പിഴയായി ലഭിക്കുന്നത്.
ബ്രാൻഡുകൾ പൂഴ്ത്തിവച്ചാൽ പൂഴ്ത്തിവച്ച ബ്രാൻഡിന്റെയും വിറ്റ ബ്രാൻഡിന്റെയും എംആർപി വ്യത്യാസത്തിന്റെ നൂറിരട്ടി ഈടാക്കാനാണ് തീരുമാനം.. വില കുറഞ്ഞ മദ്യത്തെ കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിച്ചില്ലെങ്കിൽ ഷോപ്പ് മേധാവിയിൽ നിന്ന് 5000 രൂപ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ക്രമക്കേടുകൾ നടത്തുന്നതിനെതിരെ നിരവധി തവണ ബെവ്കോ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ ജീവനക്കാർ വീണ്ടും ക്രമക്കേടുകൾ ആവർത്തിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടികളിലേക്ക് കടക്കാൻ അധികൃതർ തീരുമാനിച്ചത്.
ഡ്യൂട്ടി സമയത്ത് മദ്യപിച്ചാൽ 30,000 രൂപയാണ് പിഴയായി ഈടാക്കുന്നത്. ഇത്തരക്കാർക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിക്കും. മോഷണം, ഫണ്ട് വെട്ടിപ്പ് തുടങ്ങിയവയ്ക്ക് ക്രിമിനൽ കേസിനു പുറമേ മോഷ്ടിച്ച തുകയുടെ 1000 ഇരട്ടി പിഴ ഈടാക്കും. പരിശോധനയിൽ കളക്ഷൻ തുകയിൽ കുറവോ കൂടുതലോ കണ്ടാൽ കുറവോ കൂടുതലോ ഉള്ള തുകയുടെ 100 ശതമാനമാണ് പിഴയായി ഈടാക്കുന്നത്.

