കോവളത്ത് വിദേശ വിനോദ സഞ്ചാരിയെ പോലീസ് അവഹേളിച്ചത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കഴിഞ്ഞ ദിവസം ബെവ്കോ ഔട്ട്ലെറ്റില്‍നിന്ന് മദ്യം വാങ്ങി താമസ സ്ഥലത്തേക്കുപോയ വിദേശിയോട് മദ്യത്തിന്റെ ബില്ല് ചോദിച്ച പോലീസ് ബില്ല് ഇല്ലെങ്കില്‍ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാട് എടുക്കുകയായിരുന്നു. ഇതോടെ വിദേശി മദ്യം റോഡരികില്‍ ഒഴിച്ചു കളഞ്ഞ് പ്രതിഷേധിച്ചു.
സംഭവത്തില്‍ നടപടി എടുക്കുമെന്നും ടൂറിസം മേഖലയെ തകര്‍ക്കുന്ന ഒരു തരത്തിലുള്ള നടപടികളും അഗീകരിക്കില്ലെന്നും റിയാസ് പറഞ്ഞു. നടപടി സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായാണോ നടന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്റ്റിഗ്ഗ് സ്റ്റീഫന്‍ ആസ്ബെര്‍ഗ് എന്ന സ്വീഡിഷ് പൗരനാണ് ഇന്നലെ കോവളം ബീച്ച് റോഡില്‍ ദുരനുഭവം നേരിടേണ്ടി വന്നത്. അതേസമയം, പ്ലാസ്റ്റിക് മദ്യക്കുപ്പി റോഡില്‍ ഉപേക്ഷിക്കാതെ അദ്ദേഹം മാതൃക കാണിക്കുകയും ചെയ്തു. ശേഷം നിരപരാധിയാണെന്ന് പൊലീസിന് വ്യക്തമാക്കാന്‍ ബിവറേജില്‍ പോയി ബില്ലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കി.

