ന്യൂഡൽഹി: അടുത്ത വർഷം രാജ്യത്ത് 5ജി കണക്ടിവിറ്റി ലഭ്യമായി തുടങ്ങും. 224 കോടി രൂപ ചെലവ് വരുന്ന 5 ജി പ്രോജക്റ്റ് 2021 ഡിസംബർ 31-നകം പൂർത്തിയാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 5ജി ഉപകരണങ്ങളുടെയും (UEs), നെറ്റ്വർക്ക് ഉപകരണങ്ങളുടെയും, എൻഡ്-ടു-എൻഡ് ടെസ്റ്റിംഗിന് ഇത് വഴിയൊരുക്കുമെന്നും 5 ജി ഉത്പ്പന്നങ്ങൾ, സേവനങ്ങൾ, ഉപയോഗ കേസുകൾ വികസിപ്പിക്കുന്ന ഓഹരി ഉടമകൾ, തദ്ദേശീയ സ്റ്റാർട്ടപ്പുകൾ, SME-കൾ, അക്കാദമിക്, വ്യവസായം എന്നിവയ്ക്ക് ജീവൻ നൽകുമെന്നുമാണ് ടെലികോം വകുപ്പ് അറിയിക്കുന്നത്.
ഇന്ത്യയിലെ 13 നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ 5ജി സേവനങ്ങൾ ലഭിക്കുന്നത്. മറ്റുള്ള നഗരങ്ങളിലേക്ക് ഘട്ടംഘട്ടമായി 5 ജി സേവനങ്ങൾ ലഭിക്കും. അഹമ്മദാബാദ്, ബംഗളൂരു, ചണ്ഡീഗഡ്, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ചെന്നൈ, ലഖ്നൗ, പൂനെ, ഡൽഹി, മുംബൈ എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ 5 ജി സേവനം ലഭിക്കുന്നത്.
രാജ്യത്ത് ആദ്യമായി 5ജി സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നത് ഏത് ടെലികോം ഓപ്പറേറ്ററായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ജിയോ, എയർടെൽ, വിഐ (വൊഡാഫോൺ-ഐഡിയ) തുടങ്ങിയ കമ്പനികൾ 5ജി സേവനം ആരംഭിക്കുന്ന 13 നഗരങ്ങളിൽ ഇതിനോടകം തന്നെ തങ്ങളുടെ ട്രയൽ സൈറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു.

