പുതുവത്സരത്തലേന്ന് മലയാളി കുടിച്ചത് 82 കോടിയുടെ മദ്യം; ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തലസ്ഥാനത്ത്

തിരുവനന്തപുരം: പുതുവത്സരത്തലേന്ന് കേരളത്തില്‍ ബെവ്‌കോ വഴി വിറ്റ് പോയത് 82.26 കോടിയുടെ മദ്യം. 70.55 കോടിയുടെ മദ്യവില്‍പ്പനയാണ് കഴിഞ്ഞ വര്‍ഷം നടന്നത്. അതായത് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 12 കോടിയുടെ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.

ക്രിസ്മസ് തലേന്ന് ഏറ്റവുമധികം വില്‍പന നടന്ന തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്കോ ഔട്ട്‌ലെറ്റില്‍ തന്നെയാണ് ഇത്തവണയും ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നിട്ടുള്ളത്. ഒരുകോടി അറുപത് ലക്ഷം രൂപയുടെ മദ്യമാണ് വിറ്റുപോയത്. പാലാരിവട്ടത്തെ ഔട്ട്ലെറ്റില്‍ 81 ലക്ഷത്തിന്റെയും കടവന്ത്രയില്‍ 77.33 ലക്ഷം രൂപയുടെ മദ്യവുമാണ് ബെവ്കോ വിറ്റത്.

65.88 കോടി രൂപയുടെ മദ്യമാണ് ക്രിസ്മസിന് മുമ്പ് ബെവ്‌കോ വിറ്റത്. പവര്‍ഹൗസ് റോഡിലെ ഔട്ലെറ്റില്‍ 73 ലക്ഷത്തിന്റെ വില്‍പനയാണ് ക്രിസ്മസിന് നടന്നത്. ക്രിസ്മസ് ദിനം ബെവ്കോ വഴി 65 കോടിയുടെയും കണ്‍സ്യൂമര്‍ ഫെഡ് ഔട്ലെറ്റുകള്‍ വഴി എട്ട് കോടിയുടെയും മദ്യമാണ് വിറ്റത്.