കോവളം: പുതുവർഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് അവഹേളിച്ചെന്ന പരാതിയിൽ നടപടി. സംഭവത്തിൽ കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തു. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നൽകി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌നടപടി. ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടും വിദേശിയെ തടഞ്ഞുവെച്ചത് ഗുരുതരമായ പിഴവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിയോട് റിപ്പോർട്ട് തേടിയിരുന്നു. പോലീസിന്റെ നടപടിക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ് വിമർശനം ഉന്നയിച്ചിരുന്നു. പോലീസ് നടപടി ടൂറിസത്തിന് തിരിച്ചടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരിന് ഒപ്പം നിന്ന് അള്ള് വെക്കുന്നവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്റ്റിഗ്ഗ് സ്റ്റീഫൻ ആസ്‌ബെർഗ് എന്ന സ്വീഡിഷ് പൗരനാണ് ഇന്നലെ കോവളം ബീച്ച് റോഡിൽ ദുരനുഭവം നേരിടേണ്ടി വന്നത്. പുതുവത്സരം അടിച്ചു പൊളിക്കാനായി മൂന്ന് ഫുള്ളുമായി കോവളത്തെ ഹോം സ്റ്റേയിലേക്ക് വരുകയായിരുന്നു സ്റ്റീവ്. റോഡിൽ വെച്ച് സ്റ്റീവിനെ പോലീസ് തടഞ്ഞു. സ്റ്റീവിന്റെ സ്‌കൂട്ടറിൽ നിന്ന് മൂന്ന് ഫുൾ ബോട്ടിൽ മദ്യം പരിശോധനയിൽ പോലീസ് കണ്ടെത്തി. മദ്യം വാങ്ങിയ ബിൽ ഹാജരാക്കാൻ പൊലീസ് സ്റ്റീവിനോട് ആവശ്യപ്പെട്ടു. ബിവറേജിൽ നിന്ന് ബില്ല് വാങ്ങാൻ മറന്നെന്ന് സ്റ്റീവ് പറഞ്ഞെങ്കിലും പൊലീസ് ഇദ്ദേഹത്തെ വിടാൻ തയ്യാറായില്ല. ഒടുവിൽ സഹികെട്ട് സ്റ്റീവ് തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് മദ്യം പുറത്തേക്ക് ഒഴുക്കി കളയുകയായരുന്നു.
കുപ്പിയടക്കം വലിച്ചെറിയാനായിരുന്നു പൊലീസ് സ്റ്റീവിനോട് പറഞ്ഞത്. എന്നാൽ സ്റ്റീവ് കുപ്പി കളയതെ മദ്യം മാത്രം അദ്ദേഹം ഒഴിച്ചു കളഞ്ഞു. ആരോ സംഭവം മൊബൈലിൽ പകർത്തുന്നെന്ന് കണ്ടപ്പോൾ ബിൽ വാങ്ങിവന്നാൽ മതി മദ്യം കളയണ്ടെന്ന് പോലീസ് പറഞ്ഞു. മദ്യം കളഞ്ഞ ശേഷം കുപ്പി സ്റ്റീവ് സൂക്ഷിച്ചു വെയ്ക്കുകയും ചെയ്തു.

