ടെൽ അവീവ്: ഇസ്രയേലിൽ സന്ദർശനത്തിനെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഹമാസുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനം. തീവ്രവാദമെന്ന തിന്മക്കെതിരേ ഇസ്രയേലിനൊപ്പം നിൽക്കുമെന്ന് അദ്ദേഹം എക്‌സ് മാദ്ധ്യമത്തിൽ കുറിച്ചു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ് തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇസ്രയേലിന്റെ അയൽ രാജ്യങ്ങളും ഋഷി സുനക് സന്ദർശിക്കും. പ്രശ്നപരിഹാരത്തിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം.
അതേസമയം, യുദ്ധത്തിൽ ഇസ്രയേലിലും പാലസ്തീനിലും ജീവൻ നഷ്ടപ്പെട്ടവർക്ക് ഋഷി സുനക് അനുശോചനം അറിയിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ മുന്നറിയിപ്പ് നൽകുമെന്നും സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

