ടെൽഅവീവ്: ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇസ്രയേലിൽ സംയുക്ത യുദ്ധകാല സർക്കാർ രൂപീകരിച്ചിരുന്നു. ഹമാസിനെതിരെ യുദ്ധത്തിൽ ഒറ്റക്കെട്ടായി നീങ്ങുന്നതിനായാണ് യുദ്ധകാല സർക്കാർ രൂപീകരിച്ചത്. എന്നാൽ സംയുക്ത യുദ്ധകാല സർക്കാരിൽ ചേരില്ലെന്നാണ് പ്രതിപക്ഷ നേതാവ് യാർ ലപിഡ് വ്യക്തമാക്കിയിരിക്കുന്നത്. തീവ്ര വലതുപക്ഷത്തെ സർക്കാരിൽ ചേർക്കരുതെന്നും ഹമാസ് ആക്രമണം ഇസ്രായേൽ സർക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംയുക്ത യുദ്ധകാല സർക്കാരിന്റെ മന്ത്രിസഭയിലെ നിലവിലെ രീതിയും അംഗത്വവും ശരിയായ പ്രവർത്തനത്തിന് അനുകൂലമാകില്ല. അതിനാൽ സംയുക്ത സർക്കാരിൽ ചേരില്ല. കൃത്യമായ ഭരണനേതൃത്വമില്ലാതെ തീവ്രവലതുപക്ഷത്തേക്കൂടി മന്ത്രിസഭയിൽ ചേർക്കുന്നത് പരാജയത്തിലേക്ക് നയിക്കും. തന്റെ പാർട്ടി യുദ്ധത്തിൽ സർക്കാരിനെ പുറത്തുനിന്ന് പിന്തുണക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധസാഹചര്യം കണക്കിലെടുത്താണ് ഇസ്രായേലിൽ സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിക്കാൻ തീരുമാനിച്ചത്. പ്രതിപക്ഷ പാർട്ടികളെയും ഉൾപ്പെടുത്തിയാണ് മന്ത്രി സഭ രൂപീകരിക്കുന്നതെന്ന് ഇസ്രായേൽ വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇസ്രായേലിയൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിപക്ഷ നേതാവ് ബെന്നി ഗാൻസ്, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തുടങ്ങിയവർ മന്ത്രിസഭയിൽ ഉണ്ടാകുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്.
സംയുക്ത സർക്കാരിന്റെ മന്ത്രിസഭയിൽ ഒരു സീറ്റ് പ്രതിപക്ഷ നേതാവ് യാർ ലാപിഡിന് മാറ്റിവെച്ചിരുന്നു.

