വാഷിങ്ടൺ: ഗാസയിലേക്കുള്ള ജലവിതരണം ഭാഗികമായി പുനഃസ്ഥാപിച്ചുവെന്ന് ഇസ്രയേൽ അധികൃതർ അറിയിച്ചതായി യു എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനാണ് ഇക്കാര്യം അറിയിച്ചത്. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരമാർശം.
തെക്കൻ ഗാസയിലേക്കുള്ള ജലവിതരണം പുനഃസ്ഥാപിച്ചതായി ഇസ്രയേൽ ഊർജമന്ത്രി ഇസ്രയേൽ കാട്‌സ് അവകാശപ്പെട്ടതായി പ്രാദേശികമാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. വടക്കൻ ഗാസയിലുള്ള 11 ലക്ഷം പേരോട് തെക്കൻ ഗാസയിലേക്ക് മാറാൻ ഇസ്രയേൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തെക്കൻ ഗാസയിലേക്ക് ജലവിതരണം പുനഃസ്ഥാപിച്ചതായി യു എസ് വ്യക്തമാക്കിയത്.
ഗാസയിലേക്ക് ജലവിതരണം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യു എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലെത്തിച്ചേർന്ന ധാരണയുടെ പുറത്താണെന്ന് ഇസ്രയേൽ ഊർജമന്ത്രി ഇസ്രയേൽ കാട്സ് അറിയിച്ചു. ഇസ്രയേലിന്റെ ഗാസ നയത്തിന്റെ ഭാഗമായാണ് ഗാസയിലേക്ക് ഭാഗികമായി ജലവിതരണം പുനരാരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

