പണിമുടക്ക് പ്രഖ്യാപിച്ച് എൽപിജി ട്രക്ക് ഡ്രൈവർമാർ. എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ നവംബർ അഞ്ചു മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സമരം, പാചക വാത വിതരണത്തെ പ്രതിസന്ധിയിലേക്ക് എത്തിച്ചേക്കും. വേതന വർദ്ധനവിനായി കഴിഞ്ഞ 11 മാസമായി അപേക്ഷ നല്കിയിരിന്നു.ഇതിനിടെ ഉടമകളും തൊഴിലാളികളും ലേബർ ഓഫീസർമാരും തമ്മിൽ ഇരുപതോളം ചർച്ചകൾ നടന്നു.
അനുകൂല നിലപാടുകളൊന്നും സ്വീകരിക്കാത്തതിന്റെ സാഹചര്യത്തിലാണ് സമരത്തിനായി ട്രക്ക് ഡ്രൈവർമാർ തീരുമാനിച്ചത്. തൊഴിലാളികള്‍ ഇന്ന് ഉച്ചവരെ പ്രതീകാത്മക സമരം നടത്തുന്നുണ്ട്. നവംബർ അഞ്ച് മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏഴ് പ്ലാന്റുകളിലാണ് പണിമുടക്ക് നടത്തുന്നത്. ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്കുന്നതോടെ സംസ്ഥാനത്ത് പാചക വാതക വിതരണം സ്തംഭിക്കും.
നിലവിൽ ഓരോ ട്രിപ്പ് അനുസരിച്ചുള്ള വേതനമാണ് ഡ്രൈവർമാർക്ക് ലഭിക്കുന്നത്. ഇത് ഒഴിവാക്കി ഫെയർവേജ് സംവിധാനം നടപ്പിലാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ട്രക്ക് ഉടമകൾ ചർച്ചകൾക്ക് തയ്യാറാകുന്നില്ലെന്നും സംഘടനകൾ ആരോപിക്കുന്നു.അതേസമയം, കഴിഞ്ഞയാഴ്‌ച വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില 209 ഓളം വർദ്ധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. കഴിഞ്ഞമാസം വാണിജ്യ സിലിണ്ടറിന് വില 160 രൂപയും ഗാർഹിക സിലിണ്ടറിന് 200 രൂപയും കുറച്ചിരുന്നു

