Highlights (Page 145)

തൃശൂര്‍: കുതിരാന്‍ ഒന്നാം തുരങ്കത്തില്‍ ഇന്നലെ രാത്രി ടിപ്പര്‍ ലോറി ലൈറ്റുകളും ക്യാമറകളും തകര്‍ത്തു. പിറകിലെ ഭാഗം ഉയര്‍ത്തിയാണ് ലോറി 90 മീറ്റര്‍ ദൂരത്തില്‍ 104 ലൈറ്റുകളും പാനലുകളും, പത്ത് സുരക്ഷാ ക്യാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂര്‍ണ്ണമായും തകര്‍ത്തത്. രാത്രി 8.50 ഓടെയാണ് പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടിപ്പര്‍ ലോറി ബക്കറ്റ് ഉയര്‍ത്തിവെച്ച് തുരങ്കത്തിലൂടെ കടന്നു പോയത്.

ലൈറ്റുകള്‍ തകര്‍ന്ന് വീഴുന്നതിന്റെ ശബ്ദം കേട്ട് ടിപ്പര്‍ നിര്‍ത്തുകയും പിന്നീട് പിന്‍ഭാഗം താഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചു പോകുകയും ചെയ്തു. ടിപ്പറിനായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. പത്തുലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍, തുരങ്കത്തിലെ ലൈറ്റുകള്‍ മനപൂര്‍വ്വം തകര്‍ത്തതാണോ എന്നത് വ്യക്തമല്ല. സിസിടിവിയില്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നമ്പര്‍ വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.

അതേസമയം, ലൈറ്റുകളുടെ തകര്‍ച്ച ഗതാഗതത്തെ ബാധിച്ചിട്ടില്ല. രണ്ടാം തുരങ്കം കഴിഞ്ഞ ദിവസം തുറന്നതോടെ ഒന്നാം തുരങ്കത്തിലെ ഗതാഗത കുരുക്കിന് കുറവ് വന്നിട്ടുണ്ട്.

കൊച്ചി: ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച്. കൊലപാതകം ലക്ഷ്യം വെച്ചുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പു കൂടി ദിലീപിനു മേല്‍ ചുമത്തി ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കരുതെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗൂഢാലോചന കേസ് മാത്രമാകുമ്പോള്‍ അതിന് നിയമപരമായി ബലമുണ്ടാകില്ല എന്നാണ് വിലയിരുത്തല്‍. ഗൂഢാലോചന എന്തിന് വേണ്ടിയായിരുന്നു എന്നത് ഉള്‍പ്പെടുത്തിയാണ് പുതിയ റിപ്പോര്‍ട്ട്. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ക്കുമ്പോള്‍ പുതിയ കൂട്ടിച്ചേര്‍ക്കല്‍ നിര്‍ണായകമാകുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണം.

അതേസമയം, ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്ചയിലേക്ക് മാറ്റിവെച്ചു. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍.സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ മറ്റൊരു സുഹൃത്തും ഹോട്ടല്‍ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരാണ് ഗൂഢാലോചന കേസിലെ പ്രതികള്‍.

മലപ്പുറം: നടൻ മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി മൃത്യുഞ്ജയ ഹോമം നടത്തി. മലപ്പുറം തൃപ്രങ്ങോട് ശിവക്ഷേത്രത്തിലായിരുന്നു വഴിപാട് നടന്നത്. മമ്മൂട്ടിയുടെ ജന്മനക്ഷത്രമായ വിശാഖം നാളിലാണ് വഴിപാട് നടത്തിയത്.

ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്മശ്രീ കൽപ്പുഴ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഏഴോളം തന്ത്രിമാരാണ് ചടങ്ങിൽ പങ്കെടുത്തത്. മമ്മൂട്ടിക്കായി അദ്ദേഹത്തിന്റെ പി.എയും നടൻ ദേവനും നിരവധി ഭക്തരുമാണ് വഴിപാടുകൾ ബുക്ക് ചെയ്തത്. ആയുരാരോഗ്യ സൗഖ്യത്തിനും ദീർഘായുസ്സ് ലഭിക്കാനും സകലദോഷ പരിഹാരങ്ങൾക്കുമായാണ് മൃത്യുഞ്ജയനായ തൃപ്രങ്ങോട്ടപ്പന് മഹാ മൃത്യുഞ്ജയഹോമം നടത്തുന്നത്. വർഷത്തിലൊരിക്കലാണ് ഇവിടെ മഹാമൃത്യുഞ്ജയ ഹോമം നടത്തുന്നത്.

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുലായം സിങ് യാദവിന്റെ ഭാര്യാ സഹോദരനും മുന്‍ സമാജ് വാദി പാര്‍ട്ടി എംഎല്‍എയുമായ പ്രമോദ് ഗുപ്തയും മുന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക മൗര്യയുമാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്.

കുറ്റവാളികളും ചൂതാട്ടക്കാരും പാര്‍ട്ടിയില്‍ കടന്നുകൂടിയിരിക്കുകയാണെന്ന് അഖിലേഷ് യാദവിനും സമാജ്വാദി പാര്‍ട്ടിക്കുമെതിരെ പ്രമോദ് യാദവ് നേരത്തെ ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിവന്ന ‘ലഡ്കി ഹും, ലഡ് സക്തി ഹും’ ക്യാമ്പയിന്റെ പ്രധാന മുഖമായിരുന്നു പ്രിയങ്ക മൗര്യ.
പറഞ്ഞു.

അതേസമയം, മുലായം സിങ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ് നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. 11 പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ നിന്ന് അടുത്തിടെ വിട്ടുപോവുകയും, ഇവരില്‍ ഏറെപ്പേരും സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സമാജ് വാദി പാര്‍ട്ടിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക്.

സംസ്ഥാനത്ത് ചൂട് വർധിച്ചു കൊണ്ടിരിക്കുകയാണ്. ചൂട് ക്രമീതീതമായി ഉയർന്നാൽ സൂര്യാഘാതത്തിന് സാധ്യതയുണ്ട്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും ഇതുമൂലം ശരീരത്തിൽ ഉണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളേയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം.

സൂര്യാഘാതത്തെക്കാൾ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യാതപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇവർ ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളലേൽക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകൾ പൊട്ടിക്കാൻ പാടില്ല.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസിക അവസ്ഥയിൽ ഉള്ള മാറ്റങ്ങൾ എന്നിവയോടൊപ്പം ചിലപ്പോൾ അബോധാവസ്ഥയും കാണപ്പെടാം. ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറുടെ സേവനം ഉടനടി ലഭ്യമാക്കേണ്ടതാണ്. അതെ സമയം സൂര്യതപം ഉണ്ടാകുന്നവരിൽ ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദ്ദിയും , അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആവുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങളായി കാണപ്പെടുന്നത്.

സൂര്യാഘാതം, സൂര്യാതപം എന്നിവയേറ്റതായി സംശയം തോന്നിയാൽ വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്ത ശേഷം തണുത്ത വെള്ളം കൊണ്ട് മുഖവും ശരീരവും തുടയ്ക്കണം. ഫാൻ, എസി അല്ലെങ്കിൽ വിശറി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുകയും ധാരാളം പാനീയങ്ങൾ കുടിക്കുകയും ചെയ്യുക. ഫലങ്ങളും പച്ചക്കറികളും കഴിക്കാൻ നൽകുന്നതും ഉത്തമമാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാവുകയോ ചെയ്താൽ ഉടനടി അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ സഹായം തേടണം.

വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം. ധാരാളം വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കാനും ശ്രദ്ധിക്കണം. വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുതുന്നതും ശരീരം മുഴുവൻ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുന്നതും സൂര്യാഘാതത്തെ പ്രതിരോധിക്കാൻ സഹായിക്കും.

വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കണം. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടണം. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് എല്ലാ നിയന്ത്രണവും വിട്ട് കാട്ടുതീ പോലെ പടരുകയാണെങ്കിലും സർക്കാർ ഒന്നും ചെയ്യാതെ കാഴ്ചക്കാരനെപ്പോലെ നോക്കി നിൽക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിരുവനന്തപുരത്ത് പരിശോധിക്കുന്ന രണ്ടിൽ ഒരാൾക്ക് കോവിഡ് എന്ന ഭയാനകമായ അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. സംസ്ഥാനത്ത് ആകമാനം ടി.പി.ആർ നിരക്ക് 35.27% മാണ്. തിരുവനന്തപുരത്ത് 47.8%. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്ക്. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ട സമയം എപ്പോഴേ അതിക്രമിച്ചു കഴിഞ്ഞു. പക്ഷേ സർക്കാർ ഇപ്പോഴും ആലോചനയിലാണ്. അവലോകന യോഗം പോലും നാളെ ചേരാൻ ഇരിക്കുന്നതേയുള്ളൂ. തന്റെ കഴിവില്ലായ്മ ആരോഗ്യ മന്ത്രി ഇതിനകം തെളിയിച്ചു കഴിഞ്ഞു. സാധാരണ ടെലിവിഷനിൽ വന്ന് വാചക കസർത്തു നടത്തുന്ന മുഖ്യമന്ത്രിയെയും ഇത്തവണ കാണാനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാർ ജനങ്ങളെ പൂർണ്ണമായും കൈവിട്ടിരിക്കുകയാണ്. ഈ മഹാമാരി കാലത്ത് ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട സർക്കാർ അവരെ വിധിക്ക് എറിഞ്ഞു കൊടുത്തിട്ട് മാറി നിൽക്കുന്നു. ഇപ്പോഴത്തെ ഗുരുതരമായ അവസ്ഥ സർക്കാരും സർക്കാരിന് നേതൃത്വം നൽകുന്ന സി.പി.എമ്മും വരുത്തി വച്ചതാണ്. സി.പി.എമ്മിന്റെ സമ്മേളനങ്ങൾ നടക്കുന്നതിനാലാണ് മൂന്നാം തരംഗത്തിന്റെ തുടക്കം കണ്ടിട്ടും സർക്കാർ നിയന്ത്രണങ്ങളിലേക്ക് കടക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ടെസ്റ്റുകൾ നടത്തിയില്ല. മുന്നൊരുക്കങ്ങൾ ചെയ്തില്ല. രോഗവ്യാപനം മൂടി വച്ച് പാർട്ടി സമ്മേളനങ്ങൾക്ക് കൊഴുപ്പു കൂട്ടാനാണ് സി.പി.എമ്മും മുഖ്യമന്ത്രിയും ശ്രമിച്ചത്. കോവിഡ് ജനങ്ങളെ വിഴുങ്ങുമ്പോൾ മെഗാ തിരുവാതിര നടത്തി രസിക്കുകയായിരുന്നു ഭരണക്കാർ. അത് കഴിഞ്ഞ് ജില്ലാ കളക്ടർ പൊതു പരിപാടികൾ നിരോധിക്കുകയും മരണത്തിനും വിവാഹത്തിനും 50 പേർ മാത്രമെന്ന നിബന്ധന കൊണ്ടു വന്നിട്ടും സി.പി.എം അടച്ചിട്ട ഹാളിൽ മൂന്നൂറിലധികം പേരെ തിരുകി നിറച്ച് സമ്മേളനം തുടർന്നു. ജനങ്ങളോടുള്ള പുച്ഛവും അധികാരത്തിന്റെ ഗർവ്വും അഹങ്കാരവുമാണ് സി.പി.എം പ്രകടിപ്പിച്ചത്. ഭരണത്തിന് നേതൃത്വം നൽകുന്നവർ തന്നെ ജില്ലാ കളക്ടറുടെ ഉത്തരവ് കാറ്റിൽ പറത്തിയാൽ അത് ജനങ്ങൾക്ക് നൽകുന്ന സന്ദേശമെന്താണെന്ന് അദ്ദേഹം ചോദിച്ചു.

കോവിഡിന്റെ മൂന്നാം തരംഗമുണ്ടായിട്ടും സ്‌കൂളുകളും കോളേജുകളും അടയ്ക്കാത്തതിന് കേരളം വലിയ വിലയാണ് നൽകേണ്ടി വന്നിരിക്കുന്നത്. പല സ്‌കൂളുകളും കോളേജുകളും ക്ലസ്റ്ററുകളായി രൂപപ്പെട്ടിരിക്കുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഈ മാസം 25 നാണ്. അതിന് വേണ്ടിയാണ് കോളേജുകൾ പൂട്ടാതിരുന്നത്. മൂന്നാം തരംഗം വരികയാണെന്ന് ആവശ്യത്തിലേറെ മുന്നറിയിപ്പുകൾ നേരത്തെ ലഭിച്ചതാണ്. ഡൽഹി, മഹാരാഷ്ട്ര, കർണ്ണാടകം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ തുടക്കത്തിൽ തന്നെ നിയന്ത്രണങ്ങൾ കൊണ്ടു വന്നു. ആശുപത്രികളിൽ മുന്നൊരുക്കങ്ങൾ നടത്തി. അത് കാരണം അവർക്ക് രോഗവ്യാപനം നിയന്ത്രിക്കാനായി. കേരളത്തിലെ ആശുപത്രികളിൽ അത്യാവശ്യ മരുന്നും കോവിഡ് പ്രതിരോധത്തിനുള്ള സജ്ജീകരണങ്ങളുമില്ലെന്ന് പലേടത്തു നിന്നും പരാതി ഉയരുന്നു. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കോവിഡിന്റെ മറവിൽ വൻ കൊള്ളയടിയാണ് സർക്കാർ നടത്തിയത്. അതിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്. അഴിമതിയുടെ ഫയലുകൾ അപ്പാടെ നശിപ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ജനങ്ങളുടെ ജീവൻ വച്ചു കളിക്കരുത്. സർക്കാർ ഇനിയെങ്കിലും ഉണർന്നു യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിവിൻ പോളി നായകനായെത്തുന്ന തുറമുഖം എന്ന ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചു. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ജനുവരി 20 നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. റിലീസ് നീട്ടിയ വിവരം ചിത്രത്തിന്റെഅണിയറ പ്രവർത്തകർ സാമൂഹ്യ മാദ്ധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് അറിയിച്ചത്.

കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ തൊഴിലാളികൾ നടത്തിയ മുന്നേറ്റം പശ്ചാത്തലമാക്കുന്ന ചിത്രമാണ് തുറമുഖം. കെ എം ചിദംബരത്തിന്റെ നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിദംബരത്തിന്റെ മകൻ ഗോപൻ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം:

പിൻതലമുറയുടെ വിസ്മരിക്കപ്പെട്ട പരിത്യാഗങ്ങളെയും വീരോചിതമായ പോരാട്ടങ്ങളെയും അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് തുറമുഖം. വ്യക്തികളുടെ ജയപരാജയങ്ങളേക്കാൾ വലിയ ലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള പ്രതിബദ്ധതയ്ക്ക് പ്രാധാന്യമുണ്ടായിരുന്ന ഒരു കാലം. നമ്മുടെ ആഗ്രഹങ്ങൾക്കപ്പുറത്ത്, എന്നാൽ വലിയ ലക്ഷ്യത്തിനുവേണ്ടിയുള്ള ചില പ്രവർത്തികളാണ് ഈ കാലവും ആവശ്യപ്പെടുന്നത്. തുറമുഖത്തിൻറെ റിലീസ് ഒരിക്കൽക്കൂടി നീട്ടാൻ കൊവിഡ് സാഹചര്യം ഞങ്ങളെ നിർബന്ധിതരാക്കിയിരിക്കുന്നു. ഇപ്പോഴത്തെ കൊവിഡ് വർധനയ്ക്ക് ശമനമുണ്ടായി, സിനിമാ തിയറ്ററുകളിലേക്ക് നമുക്ക് സുരക്ഷിതമായും ആരോഗ്യകരമായും പോവാനാവുന്ന സാഹചര്യം ഉണ്ടാവുന്നവരേയ്ക്കും നാം കാത്തിരുന്നേ മതിയാവൂ. ആ ദിനങ്ങൾ ഏറെ അകലെയല്ലെന്ന് ഞങ്ങൾ കരുതുന്നു.

പാലക്കാട്: 2019 മുതല്‍ പുതുക്കിയ പെന്‍ഷന്‍ അലവന്‍സ് മൂന്ന് വര്‍ഷമായിട്ടും കിട്ടിയിട്ടില്ലെന്ന് പത്മശ്രീ കലാമണ്ഡലം ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെന്‍ഷന്‍ മാത്രമാണ് തന്റെയും കുടുംബത്തിന്റെയും വരുമാനമാര്‍ഗമെന്നും, ശാരീരികാവശതകള്‍ കാരണം ഇനി കഥകളി അവതരിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പലൂടെ വ്യക്തമാക്കി.

‘കൊവിഡിനേക്കാള്‍ കൂടുതല്‍ എനിക്ക് ശാരീരികമായ അവശതകളുണ്ട്. അത് കാരണം പരിപാടികള്‍ക്കൊക്കെ പോകാന്‍ ബുദ്ധിമുട്ടാണ്. ഈ പെന്‍ഷന്‍ കൊണ്ട് മാത്രമാണ് എന്റെ ജീവിതവും എന്റെ കുടുംബത്തിന്റെ ജീവിതവും മുന്നോട്ട് പോകുന്നത്. പെന്‍ഷന്‍ കൂട്ടിക്കിട്ടിയതിന് ശേഷം ഉള്ള അലവന്‍സ് നേരായ വഴിയില്‍ത്തന്നെ എത്രയും വേഗം എനിക്ക് അനുവദിച്ച് തരണം. ഇത് അപേക്ഷയാണ്. പ്രത്യേകിച്ച് പറയാനുള്ളത് സാംസ്‌കാരികവകുപ്പ് മന്ത്രിയോടും ധനമന്ത്രിയോടുമാണ്. അപേക്ഷിക്കുകയാണ്’- ഗോപിയാശാന്റെ വാക്കുകള്‍.

മന്ത്രി സജി ചെറിയാന്റെ വാര്‍ത്താകുറിപ്പ്:

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 11-ആാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതിന് ഉത്തരവ് ഇറങ്ങിയത് 26.02.2021-ലാണ്. 2019 ജൂലൈ മാസം 1 മുതല്‍ ബാധകമാകത്തക്ക നിലയിലാണ് ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയിട്ടുള്ളത്. കലാമണ്ഠലത്തില്‍ രണ്ടുതരം ശമ്പളം വാങ്ങുന്ന ജീവനക്കാരാണുള്ളത്. ഒന്ന് യു.ജി.സി. നിരക്കിലും മറ്റൊന്ന് സംസ്ഥാന സര്‍ക്കാര്‍ നിരക്കിലും. 26.02.2021-ലെ ശമ്പള പരിഷ്‌കരണ ഉത്തരവ് ആദ്യം സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പിലാക്കും. അതിനു ശേഷം പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറക്ക് നടപ്പിലാക്കുകയാണ് പതിവ്. ഇത്തരം സ്ഥാപനങ്ങള്‍ സംബന്ധിച്ച കമ്മീഷന്റെ വിശദമായ റിപ്പോര്‍ട്ട് 2021 ഒക്ടോബറിലാണ് ലഭ്യമായത്. ഇതേത്തുടര്‍ന്ന് കലാമണ്ഠലം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ 11-ആം ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണ്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതിന് അനുബന്ധമായിത്തന്നെ പെന്‍ഷന്‍ പരിഷ്‌കരണവും നടപ്പിലാക്കുന്നതാണ്. കലാമണ്ഠലത്തിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നുവരുകയാണ്. ആവശ്യമായ ചില രേഖകള്‍ ലഭ്യമാക്കുന്നതിന് കലാമണ്ഠലത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് ധനവകുപ്പിന്റെ അനുമതിയോടെ ശമ്പള പരിഷ്‌കരണവും പെന്‍ഷന്‍ പരിഷ്‌കരണവും നടപ്പിലാക്കുന്നതാണ്.

ഗോപിയാശാന്‍ സൂചിപ്പിച്ചത് 2019 മുതല്‍ പുതുക്കിയ പെന്‍ഷന്‍ ലഭ്യമാകുന്നില്ല എന്നതാണ്. 2019 മുതല്‍ പരിഷ്‌കരണം നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കിയത് 26 ഫെബ്രുവരി 2021-നാണ്. കലാമണ്ഠലത്തില്‍ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സമയബന്ധിതമായിത്തന്നെ പുരോഗമിച്ചു വരുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള താമസം മാത്രമാണ് ഉണ്ടായിട്ടുള്ളത്. പരിഷ്‌കരണം നടപ്പിലാകുന്നതോടെ 2019 മുതലുള്ള കുടിശിക സഹിതം ലഭ്യമാവുകയും ചെയ്യും. അകരാണമായ താമസം ഈ വിഷയത്തിലുണ്ടായിട്ടില്ല.

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍ ജനുവരി 21 മുതല്‍ ഇനി പുതിയ സമയക്രമത്തില്‍ പ്രക്ഷേപണം ചെയ്യുമെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്). കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ഓരോ ക്ലാസും അടുത്ത ദിവസം രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്‌സ് പ്ലസില്‍ മറ്റൊരു സമയത്ത് പുനഃസംപ്രേഷണം ചെയ്യുന്നതായിരിക്കും. എല്ലാ ക്ലാസുകളും ഫസ്റ്റ്‌ബെല്‍ പോര്‍ട്ടലില്‍(www.firstbell.kite.kerala.gov.in) ലഭ്യമാക്കുകയും ചെയ്യും.

കൈറ്റ് വിക്ടേഴ്‌സില്‍ പ്ലസ്‌വണ്ണിന് രാവിലെ 7 മുതല്‍ 8.30 വരെ മൂന്ന് ക്ലാസുകളും പ്ലസ്ടുവിന് വൈകുന്നേരം 3.30 മുതല്‍ 7.30 വരെ എട്ടു ക്ലാസുകളുമാണ് സംപ്രേഷണം ചെയ്യുക. പ്രീപ്രൈമറി ക്ലാസുകള്‍ രാവിലെ 8.30നും സംപ്രേഷണം ചെയ്യും. രാവിലെ 9.00, 9.30, 10.00, 10.30, 11.00, 11.30, ഉച്ചയ്ക്ക് 12.00, 12.30, എന്നീ സമയങ്ങളിലായിരിക്കും 1, 2, 3, 4, 5, 6, 7, 8 ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. ഒന്‍പതാം ക്ലാസിന് ഉച്ചയ്ക്ക് 1 മുതല്‍ 2 വരെ രണ്ട് ക്ലാസുകളും പത്താം ക്ലാസിന് ഉച്ചക്ക് 2 മുതല്‍ 3.30 വരെ മൂന്ന് ക്ലാസുകളും ചാനലില്‍ സംപ്രേഷണം ചെയ്യും. പത്താം ക്ലാസിന് രാത്രി 9.30 മുതല്‍ പുനഃസംപ്രേഷണവും ഉണ്ടാകും.

പ്ലസ്‌വണ്ണിന് വൈകുന്നേരം 6 മുതലും പ്ലസ്ടുവിന് രാവിലെ 8.30 മുതലും പത്താം ക്ലാസിന് രാവിലെ 7 മുതലും അടുത്ത ദിവസം അതേ ക്രമത്തില്‍ പുനഃസംപ്രേഷണം ചെയ്യും. പ്രീ-പ്രൈമറി മുതല്‍ എട്ടുവരെ ക്ലാസുകള്‍ അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 മുതല്‍ 4.30 വരെയും ഒന്‍പതാം ക്ലാസ് 5 മണിക്കും കൈറ്റ് വിക്ടേഴ്‌സ് പ്ലസില്‍ പുനഃസംപ്രേഷണമുണ്ടായിരിക്കും.

ഫെബ്രുവരി ആദ്യവാരം പത്താം ക്ലാസിന്റേയും അവസാനവാരം പ്ലസ്ടുവിന്റേയും ക്ലാസുകള്‍ പൂര്‍ത്തിയാക്കി പ്രത്യേക റിവിഷന്‍ ക്ലാസുകളും സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഇതോടൊപ്പം പൊതുപരീക്ഷയ്ക്ക് മുമ്പ് തത്സമയ സംശയനിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍-പരിപാടിയും പ്രത്യേകം ഓഡിയോ ബുക്കുകളും കൈറ്റ് തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: ചുരുളി സിനിമയ്ക്ക് ക്ലീൻ ചിറ്റ് നൽകി പോലീസ്. സംഭാഷണങ്ങളിലോ ദ്യശ്യങ്ങളിലോ നിയമലംഘനമില്ലെന്നാണ് പോലീസ് റിപ്പോർട്ട്. ഭാഷയും സംഭാഷണവും കഥാ സന്ദർഭത്തിന് യോജിച്ചത് മാത്രമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ നിന്നുള്ള സൃഷ്ടി മാത്രമാണ് ചുരുളി സിനിമയെന്നും സിനിമയിൽ നിയമലംഘനമില്ലെന്നും എഡിജിപി പത്മകുമാർ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡിജിപി അനിൽ കാന്തിന് സമിതി റിപ്പോർട്ട് കൈമാറി.

ചുരുളിയെന്ന സാങ്കൽപിക ഗ്രാമത്തിന്റെ കഥയാണ് സിനിമയിൽ പറയുന്നത്. നിലനിൽപ്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെ വേണമെന്ന് കലാകാരന് തീരുമാനിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഹൈക്കോടതിയാണ് ചുരുളിയിലെ ഭാഷാ പ്രയോഗത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സിമിതിയെ നിയമിച്ചത്. സിനിമക്കെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് അറിയിക്കാനാണ് ഹൈക്കോടതി എഡിജിപിക്ക് നിർദ്ദേശം നൽകിയത്.

ചുരുളി സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന സഭ്യമല്ലാത്ത വാക്കുകൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് സമിതിയ്ക്ക് രൂപം നൽകിയത്. ഇവർ സിനിമ കണ്ടതിന് ശേഷം തയ്യാറാക്കുന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. ചുരുളി സിനിമയിൽ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാൻ ഡിജിപിയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കേസിൽ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേർക്കുകയും ചെയ്തിരുന്നു.

ചുരുളി പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വിൽ നിന്നും സിനിമ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷകയാണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്നായിരുന്നു ഹർജി പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടിയത്.