പാലക്കാട്: 2019 മുതല്‍ പുതുക്കിയ പെന്‍ഷന്‍ അലവന്‍സ് മൂന്ന് വര്‍ഷമായിട്ടും കിട്ടിയിട്ടില്ലെന്ന് പത്മശ്രീ കലാമണ്ഡലം ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെന്‍ഷന്‍ മാത്രമാണ് തന്റെയും കുടുംബത്തിന്റെയും വരുമാനമാര്‍ഗമെന്നും, ശാരീരികാവശതകള്‍ കാരണം ഇനി കഥകളി അവതരിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പലൂടെ വ്യക്തമാക്കി.
‘കൊവിഡിനേക്കാള്‍ കൂടുതല്‍ എനിക്ക് ശാരീരികമായ അവശതകളുണ്ട്. അത് കാരണം പരിപാടികള്‍ക്കൊക്കെ പോകാന്‍ ബുദ്ധിമുട്ടാണ്. ഈ പെന്‍ഷന്‍ കൊണ്ട് മാത്രമാണ് എന്റെ ജീവിതവും എന്റെ കുടുംബത്തിന്റെ ജീവിതവും മുന്നോട്ട് പോകുന്നത്. പെന്‍ഷന്‍ കൂട്ടിക്കിട്ടിയതിന് ശേഷം ഉള്ള അലവന്‍സ് നേരായ വഴിയില്‍ത്തന്നെ എത്രയും വേഗം എനിക്ക് അനുവദിച്ച് തരണം. ഇത് അപേക്ഷയാണ്. പ്രത്യേകിച്ച് പറയാനുള്ളത് സാംസ്‌കാരികവകുപ്പ് മന്ത്രിയോടും ധനമന്ത്രിയോടുമാണ്. അപേക്ഷിക്കുകയാണ്’- ഗോപിയാശാന്റെ വാക്കുകള്‍.
മന്ത്രി സജി ചെറിയാന്റെ വാര്‍ത്താകുറിപ്പ്:
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 11-ആാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതിന് ഉത്തരവ് ഇറങ്ങിയത് 26.02.2021-ലാണ്. 2019 ജൂലൈ മാസം 1 മുതല്‍ ബാധകമാകത്തക്ക നിലയിലാണ് ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയിട്ടുള്ളത്. കലാമണ്ഠലത്തില്‍ രണ്ടുതരം ശമ്പളം വാങ്ങുന്ന ജീവനക്കാരാണുള്ളത്. ഒന്ന് യു.ജി.സി. നിരക്കിലും മറ്റൊന്ന് സംസ്ഥാന സര്‍ക്കാര്‍ നിരക്കിലും. 26.02.2021-ലെ ശമ്പള പരിഷ്‌കരണ ഉത്തരവ് ആദ്യം സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പിലാക്കും. അതിനു ശേഷം പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറക്ക് നടപ്പിലാക്കുകയാണ് പതിവ്. ഇത്തരം സ്ഥാപനങ്ങള്‍ സംബന്ധിച്ച കമ്മീഷന്റെ വിശദമായ റിപ്പോര്‍ട്ട് 2021 ഒക്ടോബറിലാണ് ലഭ്യമായത്. ഇതേത്തുടര്‍ന്ന് കലാമണ്ഠലം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ 11-ആം ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണ്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതിന് അനുബന്ധമായിത്തന്നെ പെന്‍ഷന്‍ പരിഷ്‌കരണവും നടപ്പിലാക്കുന്നതാണ്. കലാമണ്ഠലത്തിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നുവരുകയാണ്. ആവശ്യമായ ചില രേഖകള്‍ ലഭ്യമാക്കുന്നതിന് കലാമണ്ഠലത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് ധനവകുപ്പിന്റെ അനുമതിയോടെ ശമ്പള പരിഷ്‌കരണവും പെന്‍ഷന്‍ പരിഷ്‌കരണവും നടപ്പിലാക്കുന്നതാണ്.
ഗോപിയാശാന്‍ സൂചിപ്പിച്ചത് 2019 മുതല്‍ പുതുക്കിയ പെന്‍ഷന്‍ ലഭ്യമാകുന്നില്ല എന്നതാണ്. 2019 മുതല്‍ പരിഷ്‌കരണം നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കിയത് 26 ഫെബ്രുവരി 2021-നാണ്. കലാമണ്ഠലത്തില്‍ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സമയബന്ധിതമായിത്തന്നെ പുരോഗമിച്ചു വരുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള താമസം മാത്രമാണ് ഉണ്ടായിട്ടുള്ളത്. പരിഷ്‌കരണം നടപ്പിലാകുന്നതോടെ 2019 മുതലുള്ള കുടിശിക സഹിതം ലഭ്യമാവുകയും ചെയ്യും. അകരാണമായ താമസം ഈ വിഷയത്തിലുണ്ടായിട്ടില്ല.

