കൊച്ചി: ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച്. കൊലപാതകം ലക്ഷ്യം വെച്ചുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പു കൂടി ദിലീപിനു മേല്‍ ചുമത്തി ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കരുതെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗൂഢാലോചന കേസ് മാത്രമാകുമ്പോള്‍ അതിന് നിയമപരമായി ബലമുണ്ടാകില്ല എന്നാണ് വിലയിരുത്തല്‍. ഗൂഢാലോചന എന്തിന് വേണ്ടിയായിരുന്നു എന്നത് ഉള്‍പ്പെടുത്തിയാണ് പുതിയ റിപ്പോര്‍ട്ട്. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ക്കുമ്പോള്‍ പുതിയ കൂട്ടിച്ചേര്‍ക്കല്‍ നിര്‍ണായകമാകുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണം.
അതേസമയം, ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്ചയിലേക്ക് മാറ്റിവെച്ചു. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍.സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ മറ്റൊരു സുഹൃത്തും ഹോട്ടല്‍ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരാണ് ഗൂഢാലോചന കേസിലെ പ്രതികള്‍.

