ചാനലുകൾക്കെതിരെ നടപടി സ്വീകരിച്ചത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നതിനാൽ; വിശദീകരണവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: ചാനലുകൾക്കെതിരായി സ്വീകരിച്ച നടപടിയിൽ വിശദീകരണവുമായി കേന്ദ്രവാർത്താ വിതരണ സഹമന്ത്രി എൽ മുരുകൻ. രാജ്യ സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് അറുപത് ചാനലുകൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം,കേരളത്തിൽ നിന്നുള്ള എം പിമാർ മലയാളം വാർത്താ ചാനലായ മീഡിയാ വണ്ണിന് സംപ്രേക്ഷണ വിലക്ക് ഏർപ്പെടുത്തിയ വിഷയം പാർലമെന്റിൽ ഉന്നയിച്ചു. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എം കെ രാഘവൻ,അടൂർ പ്രകാശ് എന്നിവരാണ് ലോക്‌സഭയിൽ നോട്ടീസ് നൽകിയത്.

തുടർച്ചയായി രണ്ടാം തവണയാണ് പാർലമെന്റിൽ കേരള എംപിമാർ മീഡിയവണിന്റെ സംപ്രേഷണ വിലക്ക് ഉന്നയിക്കുന്നത്. ഇതൊരു ചാനലിന് നേരെയുള്ള പ്രശ്നമായി കരുതാനാവില്ലെന്നും മാദ്ധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്ന പ്രവർത്തനമാണെന്നുമാണ് എംപിമാരുടെ ആരോപണം. സഭാനടപടികൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നും എംപിമാർ ആവശ്യപ്പെടുന്നു. ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ വിഷയത്തിൽ കേന്ദ്രവാർത്താ വിതരണ മന്ത്രാലയം വിശദീകരണം നൽകണമെന്ന് പാർലമെന്റ് ഐ.ടി സമിതി ആവശ്യപ്പെട്ടു.